ആപ്പിള്‍ വക എട്ടിന്റെ പണി, ഈ വര്‍ഷം ഫേസ്ബുക്കിന് നഷ്ടം വരുന്നത് 13 ശതകോടി ഡോളര്‍.!
ആപ്പിളിന്റെ ആപ്പ് ട്രാക്കിംഗ് ട്രാന്‍സ്പരന്‍സി ഫീച്ചര്‍ കാരണം ഈ വര്‍ഷം 12.8 ബില്യണ്‍ ഡോളറിന്റെ കുറവായിരിക്കും എഫ്ബിയുടെ മാതൃകമ്പനി നേരിടുക.
ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ആപ്പിള്‍ (apple) ആപ്പ് ട്രാക്കിംഗ് ട്രാന്‍സ്പരന്‍സി എന്ന ആന്റി-ട്രാക്കിംഗ് ഫീച്ചര്‍ അവതരിപ്പിച്ചപ്പോള്‍ മെറ്റാ (Meta) (മുമ്പ് ഫേസ്ബുക്ക്) പോലുള്ള കമ്പനികള്‍ക്ക് ഏറ്റത് ഇരുട്ടടിയാണ്. ഒരു ആപ്പില്‍ ട്രാക്കിംഗ് (app tracking) അനുവദിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള തിരഞ്ഞെടുപ്പ് ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയതിനാല്‍, ഇത് ഇന്റര്‍നെറ്റ് കമ്പനികളുടെ പരസ്യ ബിസിനസിനെ തടസ്സപ്പെടുത്തി. ഇതു കാരണം, മെറ്റാ വരുമാനത്തില്‍ വലിയ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഈ നഷ്ടം ഈ വര്‍ഷവും ഉണ്ടാകും. ഓണ്‍ലൈന്‍ ഉപയോക്തൃ ട്രാക്കിംഗില്‍ നിന്നുള്ള മെറ്റയുടെ വരുമാനം വന്‍തോതില്‍ കുറഞ്ഞേക്കാമെന്ന് ലോട്ടേമിന്റെ റിപ്പോര്‍ട്ട് പറയുന്നത്.
ആപ്പിളിന്റെ ആപ്പ് ട്രാക്കിംഗ് ട്രാന്‍സ്പരന്‍സി ഫീച്ചര്‍ കാരണം ഈ വര്‍ഷം 12.8 ബില്യണ്‍ ഡോളറിന്റെ കുറവായിരിക്കും എഫ്ബിയുടെ മാതൃകമ്പനി നേരിടുക. ഈ വര്‍ഷം ആദ്യം മെറ്റാ പ്രവചിച്ച വരുമാനത്തില്‍ 10 ബില്യണ്‍ ഡോളറിന്റെ നഷ്ടത്തേക്കാള്‍ വളരെ കൂടുതലാണിത്. മെറ്റാ, സ്നാപ്പ്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ വലിയ ടെക് പ്ലാറ്റ്ഫോമുകളുടെ മൊത്തത്തിലുള്ള വരുമാന നഷ്ടം ഈ വര്‍ഷം ഏകദേശം 16 ബില്യണ്‍ ഡോളറായേക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
മെറ്റയിലെ പരസ്യദാതാക്കള്‍, ഫേസ്ബുക്കിലെ അവരുടെ ചെലവ് കുറയ്ക്കാനോ അല്ലെങ്കില്‍ പരസ്യം നല്‍കുന്നത് നിര്‍ത്താന്‍ തന്നെ തീരുമാനിച്ചു. കാരണം മറ്റൊന്നുമല്ല. പരസ്യം ചെയ്യുമ്പോള്‍ വ്യക്തികളെ 'ടാര്‍ഗെറ്റുചെയ്യലും ട്രാക്കിംഗ് കഴിവുകളും ഇല്ലാതെ പരസ്യം ചെയ്യുന്നത് ഫലപ്രദമല്ല- എന്നവര്‍ തിരിച്ചറിഞ്ഞു. നാലാം പാദത്തിലെ വരുമാനത്തില്‍, ആപ്പിളിന്റെ ആപ്പ് ട്രാക്കിംഗ് സുതാര്യത കമ്പനിയുടെ ബിസിനസില്‍ 10 ബില്യണ്‍ ഡോളറിന്റെ കുറവ് വരുത്തിയെന്ന് മെറ്റാ സിഎഫ്ഒ ഡേവിഡ് വെഹ്നര്‍ വ്യക്തമാക്കി. ഇത് ആത്യന്തികമായി ഇ-കൊമേഴ്സില്‍ നിന്നുള്ള മെറ്റയുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാക്കും.
ആപ്പിളിന്റെ ആപ്പ് ട്രാക്കിംഗ് സുതാര്യത iOS 14.5-ല്‍ ആരംഭിച്ച ഒരു ആന്റി-ട്രാക്കിംഗ് സവിശേഷതയാണ്. ഐഒഎസ് ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യാനുള്ള ആപ്പുകളുടെ കഴിവ് ഇത് പരിമിതപ്പെടുത്തുന്നു. ഈ ഫീച്ചര്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിങ്ങളുടെ ഐഫോണിന് ഏറ്റവും പുതിയ iOS സോഫ്റ്റ്വെയര്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ ആദ്യമായി ട്വിറ്റര്‍ അല്ലെങ്കില്‍ ഫേസ്ബുക്ക് പോലുള്ള ഒരു ആപ്പ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ നിങ്ങളെ ട്രാക്ക് ചെയ്യാന്‍ ഒരു ആപ്പിനെ അനുവദിക്കാന്‍ ഇത് പെര്‍മിഷന്‍ ചോദിക്കും. നിങ്ങള്‍ അഭ്യര്‍ത്ഥന നിരസിക്കുകയാണെങ്കില്‍, ആ ആപ്പിന് നിങ്ങളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളോ പെരുമാറ്റമോ ട്രാക്ക് ചെയ്യാന്‍ കഴിയില്ല - നിങ്ങളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതില്‍ നിന്ന് ഓണ്‍ലൈന്‍ ട്രാക്കര്‍മാരെ നഷ്ടപ്പെടുത്തുന്ന ഒരു നീക്കമാണിത്.
അല്ലാത്ത സാഹചര്യത്തില്‍, നിങ്ങള്‍ക്കായി പരസ്യങ്ങള്‍ വ്യക്തിഗതമാക്കുന്നതിന് നിങ്ങളെക്കുറിച്ചുള്ള ഈ ഡാറ്റ നിരവധി പരസ്യദാതാക്കള്‍ക്കിടയില്‍ പങ്കിടുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സേവനങ്ങള്‍ അവരുടെ തുടക്കം മുതല്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുന്നത് ഈ വിധത്തിലായിരുന്നു. ഈ പ്ലാറ്റ്ഫോമുകള്‍ക്ക് പണത്തിന് പകരം നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഡാറ്റ നല്‍കുന്നു. ആപ്പിളിന്റെ ആപ്പ് ട്രാക്കിംഗ് ട്രാന്‍സ്പരന്‍സി ഇതിനു തടയിടുന്നതോടെ ആകെ ആപ്പിലായിരിക്കുകയാണ് ഒട്ടുമിക്ക ആപ്പുകളും.