അയ്യോ..നോട്ടിഫിക്കേഷന്‍ കാണാനില്ലേയ്... ഫേസ്ബുക്കിന് ഇന്നലെ നേരിട്ട പ്രശ്നം
പ്രധാനമായും നോട്ടിഫിക്കേഷനില്‍ ഒരു സന്ദേശം പോലും വരാത്ത അവസ്ഥയായിരുന്നു ഉണ്ടായത്. അതായത് നല്‍കിയ കമന്‍റിന് ലഭിക്കുന്ന റിപ്ലേ, പോസ്റ്റിന് ലഭിക്കുന്ന റിയക്ഷനുകള്‍ കമന്‍റുകള്‍ ഇവയൊന്നും അറിയാന്‍ യാതൊരു മാര്‍ഗവും ഇല്ലാത്ത അവസ്ഥ.
ദില്ലി: ഒരാഴ്ച മുന്‍പ് വാട്ട്സ്ആപ്പിന് നേരിട്ട പ്രശ്നത്തിന് ശേഷം ഫേസ്ബുക്കിനും കഴിഞ്ഞ ദിവസം ഗൗരവമായ പ്രശ്നം ബാധിച്ചു. സ്റ്റാറ്റസ് ഇടാനും, ഫോട്ടോ വീഡിയോ അയക്കാനുമാണ് വാട്ട്സ്ആപ്പിന് പ്രശ്നം നേരിട്ടതെങ്കില്‍ ഫേസ്ബുക്കില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നില്ല എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രശ്നം. ജനുവരി 25 ശനിയാഴ്ച രാത്രി 7 മണിക്ക് ശേഷമാണ് ഇന്ത്യയില്‍ ഈ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്.
പ്രധാനമായും നോട്ടിഫിക്കേഷനില്‍ ഒരു സന്ദേശം പോലും വരാത്ത അവസ്ഥയായിരുന്നു ഉണ്ടായത്. അതായത് നല്‍കിയ കമന്‍റിന് ലഭിക്കുന്ന റിപ്ലേ, പോസ്റ്റിന് ലഭിക്കുന്ന റിയക്ഷനുകള്‍ കമന്‍റുകള്‍ ഇവയൊന്നും അറിയാന്‍ യാതൊരു മാര്‍ഗവും ഇല്ലാത്ത അവസ്ഥ. ഏതാണ്ട് മണിക്കൂറുകളോളം ഈ പ്രശ്നം നിലനിന്നു എന്നാണ് ഡൗണ്‍ ഡിക്റ്റക്ടര്‍.കോം പുറത്തുവിടുന്ന വിവരങ്ങള്‍ പറയുന്നത്.
ഡൗണ്‍ ഡിക്റ്റക്ടര്‍.കോം റിപ്പോര്‍ട്ട് പ്രകാരം വൈകീട്ട് 7 മണിക്ക് തുടങ്ങിയ നോട്ടിഫിക്കേഷന്‍ ഇല്ലാത്ത ഫേസ്ബുക്ക് പ്രശ്നം പുലര്‍ച്ചെ 3 മണിവരെ തുടര്‍ന്നു എന്നാണ് പറയുന്നത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ പ്രശ്നം കൂടുതലായിരുന്നു എന്നാണ് വിവരം. ആഗോള വ്യാപകമായി തന്നെ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പലരും സോഷ്യല്‍ മീഡിയയില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കാത്ത സ്ക്രീന്‍ ഷോട്ടുകള്‍ പോസ്റ്റു ചെയ്തിരുന്നു. ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ ഡൗണ്‍ എന്നത് ട്വിറ്ററില്‍ ഒരുഘട്ടത്തില്‍ ട്രെന്‍റിംഗ് ഹാഷ്ടാഗ് വന്നു. ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍റെ പ്രശ്നം ശ്രദ്ധയില്‍പെട്ടെന്നും ഇതില്‍ കൂടുതല്‍ അന്വേഷണം നടത്താം എന്നുമാണ് ഫേസ്ബുക്ക് ഒരു ട്വീറ്റിന് നല്‍കിയ മറുപടി.
അതേ സമയം ഫേസ്ബുക്കിന്‍റെ ഡെവലപ്പേര്‍സ് പ്ലാറ്റ്ഫോമിലും പ്രശ്നം നിലനില്‍ക്കുന്നുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ പ്രശ്നം അനുഭവപ്പെട്ട സമയത്ത് തന്നെ ഫേസ്ബുക്ക് ഡെവലപ്പേര്‍സ് പ്ലാറ്റ്ഫോമിന്‍റെ ന്യൂസ് ഫീഡ് മുഴുവന്‍ ബ്ലാങ്കായി കാണിക്കുകയായിരുന്നു എന്നാണ് പരാതി.
അതേ സമയം ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ അപ്രത്യക്ഷമായതോടെ ഇത് സംബന്ധിച്ച നിരവധി ട്രോളുകളും ട്വിറ്റര്‍ അടക്കമുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിറഞ്ഞു.