ബിജെപിയോട് ഒരു സമീപനം, മറ്റു രാഷ്ട്രീയക്കാരോട് ഫേസ്ബുക്കിന് വിവേചനം : ആരോപണവുമായി ഫേസ്ബുക്ക് മുന്‍ ജീവനക്കാരി
ബിജെപി എംപി വിനോദ് സോങ്കറിന്റെ വ്യക്തിഗത അക്കൗണ്ടുമായി ഈ വ്യാജ നെറ്റ്വര്‍ക്കിലെ അക്കൌണ്ടുകള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് സോഫിഷാങ് പറയുന്നത്.
ദില്ലി: രാഷ്ട്രീയമായ വ്യാജപ്രചാരണങ്ങള്‍ക്കും, വിദ്വേഷ പ്രചാരണങ്ങള്‍ക്കും ഉപയോഗിക്കുന്ന വ്യാജ അക്കൌണ്ടുകളുടെ കാര്യത്തില്‍ ഫേസ്ബുക്കിന് വിവേചനം എന്ന് ആരോപണം. ഇതില്‍ ബിജെപ അനുകൂല അക്കൌണ്ടുകള്‍ക്കെതിരെ ഫേസ്ബുക്ക് നടപടിയെടുത്തില്ലന്ന എന്നാരോപണവുമായി ഫേസ്ബുക്ക് (Facebook) മുൻ ജീവനക്കാരി ഉന്നയിക്കുന്നത്.
ഉദാഹരണമായി ബിജെപി എംപി വിനോദ് സോങ്കറുമായി നേരിട്ട് ബന്ധിപ്പിച്ച വ്യാജ അക്കൗണ്ടുകളുടെ ശൃംഖലയ്‌ക്കെതിരെ (Fake account network) ഫേസ്ബുക്ക് നടപടിയെടുത്തില്ലെന്നാണ് ഇവരുടെ ആരോപണം. എന്നാല്‍ അതേ സമയം പഞ്ചാബിലെ കോൺഗ്രസ് നേതാക്കളായ അരുൺ ഡോഗ്ര, സുന്ദർ ഷാം അറോറ, ബൽവീന്ദർ സിംഗ് ലഡി (അറോറയും ലഡിയും പിന്നീട് ബിജെപിയിൽ ചേർന്നു) എന്നിവര്‍ ബന്ധപ്പെട്ട വ്യാജ അക്കൌണ്ടുകള്‍ക്കെതിരെ നടുപടി എടുത്തു.
ഫേസ്ബുക്കിലെ മുൻ ഡാറ്റാ സയന്റിസ്റ്റായ സോ ഫിഷാങ് ഇതിന്റെ തെളിവുകളായുള്ള സ്‌ക്രീൻഷോട്ടുകളും പരസ്യമാക്കിയിട്ടുണ്ട്. ലോക്‌സഭയിലെ പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ ഈ തെളിവുകള്‍ എത്തിക്കാന്‍ ആറ് മാസത്തോളം കാത്തിരുന്നുവെന്നും, എന്നാല്‍ സ്പീക്കറിൽ നിന്ന് ഇതു സംബന്ധിച്ചുള്ള പ്രതികരണങ്ങളൊന്നും ലഭിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നുവെന്നാണ് ദ പ്രിന്‍റ് റിപ്പോര്‍ട്ട് പറയുന്നത്.
2019 ഡിസംബറിലാണ് ഇന്ത്യൻ രാഷ്ട്രീയക്കാരുമായി ബന്ധിപ്പിച്ചിട്ടുള്ള “വ്യാജ പ്രചാരണ നെറ്റ്‌വർക്കുകൾ”ഫേസ്ബുക്ക് കണ്ടെത്തിയിരുന്നു. ഫേസ്ബുക്ക് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് നിർദ്ദിഷ്ട രാഷ്ട്രീയക്കാരെ പിന്തുണയ്ക്കുകയും രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നുവെന്നുമായിരുന്നു ഇവയെന്നാണ് കണ്ടെത്തല്‍. ഒരു മാസത്തിനുള്ളിൽ അതിലെ മൂന്ന് നെറ്റ്‌വർക്കുകൾ നീക്കം ചെയ്‌തു.
എന്നാല്‍ ബിജെപി എംപിയുമായി ബന്ധമുള്ള വ്യാജ നെറ്റ്വര്‍ക്കിനെതിരെ ഒരു നടപടിയുംഎടുത്തില്ല. ഇപ്പോഴും അത് സജീവമായിരുന്നു എന്നും ഷാങ് പറയുന്നു. ബിജെപി എംപി വിനോദ് സോങ്കറിന്റെ വ്യക്തിഗത അക്കൗണ്ടുമായി ഈ വ്യാജ നെറ്റ്വര്‍ക്കിലെ അക്കൌണ്ടുകള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് സോഫിഷാങ് പറയുന്നത്. എംപിയുടെ അക്കൗണ്ട് നോക്കുന്ന ആളുകളില്‍ ഒരാളാണ് ഈ വ്യാജ അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കുന്നതെന്ന് ഫേസ്ബുക്ക് കണ്ടെത്തി.
അതേ സമയം മൂന്ന് മുന്‍ കോണ്‍ഗ്രസിന്‍റെ പഞ്ചാബ് നേതാക്കളുടെ പേജുമായി ബന്ധപ്പെട്ട വ്യാജ അക്കൗണ്ടുകൾക്കെതിരെ ഫേസ്ബുക്ക് നടപടിയെടുത്തിട്ടുണ്ട്. ആരോപണത്തില്‍ ഉള്‍പ്പെട്ട ബാക്കിയുള്ള രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ഷാങ് വെളിപ്പെടുത്തിയിട്ടില്ല. ബിജെപി എംപിയുമായി ബന്ധപ്പെട്ട ആരോപണത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തമായാണ് മെറ്റാ കൈകാര്യം ചെയ്‌തതെന്നും പാര്‍ലമെന്‍റ് ഇൻഫർമേഷൻ ടെക്‌നോളജി സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുന്‍പാരെ വെളിപ്പെടുത്താന്‍ അവസരം ലഭിക്കാത്തതിനാലാണ് താൻ വിവരം പരസ്യമാക്കിയതെന്നും ഷാങ് പറയുന്നു.
സോ ഫിഷാങ് ആരോപണങ്ങളെക്കുറിച്ച് വിവാദത്തില്‍ പറയുന്ന നാല് രാഷ്ട്രീയക്കാരുടെയും അടുത്ത വൃത്തങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ നിഷേധിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഈ സംഭവത്തില്‍ പ്രതികരിച്ച ഫേസ്ബുക്ക് മാതൃകമ്പനി മെറ്റാ വക്താവ് , “ഞങ്ങളുടെ മുൻഗണനകളെക്കുറിച്ചും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം ഇല്ലാതാക്കുന്നത് സംബന്ധിച്ചും സോ ഫിഷാങ് പുറത്തുവിട്ട കാര്യങ്ങള്‍ സത്യമല്ലെന്ന് വെളിപ്പെടുത്തി. ബിജെപി എംപി സോങ്കർ വ്യാജ നെറ്റ്‌വർക്കിൽ ഉൾപ്പെട്ടുവെന്നതിന് നിർണ്ണായക തെളിവുകളൊന്നും കമ്പനി കണ്ടെത്തിയിട്ടില്ലെന്ന് മെറ്റയുമായി ബന്ധപ്പെട്ട ഒരു വ്യക്തി ദ പ്രിന്‍റിനോട് പറഞ്ഞു.