Elon Musk : "എനിക്കിപ്പോൾ സ്വന്തമായി ഒരു വീട് ഇല്ല"; ഇലോണ്‍ മസ്ക് പറയുന്നു
"എനിക്കിപ്പോൾ സ്വന്തമായി ഒരു സ്ഥലം പോലുമില്ല. ഞാൻ അക്ഷരാർത്ഥത്തിൽ സുഹൃത്തുക്കളുടെ വീടുകളിലാണ് താമസിക്കുന്നത്” മസ്കിനെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് ഇലോണ്‍ മസ്ക്. എന്നാല്‍ തനിക്ക് ഇപ്പോൾ സ്വന്തമായി ഒരു വീടില്ലെന്നും സുഹൃത്തുക്കളുടെ സ്പെയർ ബെഡ്‌റൂമിൽ ഉറങ്ങുകയാണെന്നുമാണ് പറയുന്നത്. അടുത്തിടെ ടെഡിന്‍റെ ക്രിസ് ആൻഡേഴ്സണുമായി നടത്തിയ അഭിമുഖത്തിലാണ് മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്.
"എനിക്കിപ്പോൾ സ്വന്തമായി ഒരു സ്ഥലം പോലുമില്ല. ഞാൻ അക്ഷരാർത്ഥത്തിൽ സുഹൃത്തുക്കളുടെ വീടുകളിലാണ് താമസിക്കുന്നത്” മസ്കിനെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
"ടെസ്‌ലയുടെ ഭൂരിഭാഗം എഞ്ചിനീയറിംഗും ഉള്ള ബേ ഏരിയയിലേക്കാണ് ഞാൻ യാത്ര ചെയ്യുന്നതെങ്കിൽ, ഞാൻ അടിസ്ഥാനപരമായി താമസിക്കുന്നത് സുഹൃത്തുക്കളുടെ സ്പെയർ ബെഡ്‌റൂമുകളിലൂടെയാണ്," ടെസ്‌ല സിഇഒ പറയുന്നു.
"എനിക്ക് ഒരു യാട്ട് ഇല്ല, ഞാൻ അവധി എടുക്കാറില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള സമ്പത്തിന്റെ അസമത്വത്തെക്കുറിച്ചും ശതകോടീശ്വരന്മാർ ചെലവഴിച്ച പണത്തെക്കുറിച്ചും ഉള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മസ്‌ക്.
“ലോക കോടീശ്വരന്മാരെക്കുറിച്ചുള്ള ധാരണകളില്‍ ചില പിഴവുകള്‍ ഉണ്ടെന്ന് തോന്നുന്നു. വ്യക്തിഗത ഉപഭോഗത്തിൽ ഞാൻ പ്രതിവർഷം കോടിക്കണക്കിന് ഡോളർ ഉപയോഗിക്കുകയാണെങ്കിൽ അത് വലിയ പ്രശ്നമാണ്, പക്ഷേ ഞാന്‍ ചെയ്യാറില്ല”മസ്‌ക് പറഞ്ഞു.
വിമാനത്തിന്‍റെ ഉപയോഗം അല്ലാതെ തന്‍റെ വ്യക്തിപരമായ ചിലവുകള്‍ വളരെ കൂടുതല്‍ അല്ലെന്നാണ് മസ്ക് പറയുന്നു. വിമാനത്തിന്‍റെ ഉപയോഗം തന്‍റെ ജോലി സമയം കൂടുതല്‍ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോബ്‌സിന്റെ കണക്കനുസരിച്ച് മസ്‌കിന്റെ ആസ്തി 269.5 ബില്യൺ ഡോളറാണ്. ട്വിറ്റർ വാങ്ങാനുള്ള ഓഫറുമായി ബന്ധപ്പെട്ട് അദ്ദേഹം ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്.
മസ്‌കിന് നിലവിൽ ട്വിറ്ററിൽ 9.1 ശതമാനം ഓഹരിയുണ്ട്, സോഷ്യൽ മീഡിയ കമ്പനിയുടെ രണ്ടാമത്തെ വലിയ ഓഹരി ഉടമയുമാണ്. ഈ ആഴ്ച ആദ്യം, ടെസ്‌ല ചീഫ് എക്സിക്യൂട്ടീവ് കമ്പനിയെ 43 ബില്യൺ ഡോളറിന് വാങ്ങാൻ വാഗ്ദാനം ചെയ്തിരുന്നു.