രാജ്യത്തെ പ്രമുഖ ലാബ് ശൃംഖലയുടെ വിവരങ്ങള്‍ ചോര്‍ന്നു; ലക്ഷക്കണക്കിന് രോഗികളുടെ വിവരങ്ങള്‍ പുറത്ത്
ഡോ ലാല്‍ പദ് ലാബ്സ് ലക്ഷക്കണക്കിന് രോഗികളുടെ വ്യക്തിഗത വിവരങ്ങളും രോഗ വിവരങ്ങളും സ്പ്രെഡ് ഷീറ്റിലാക്കി, യാതൊരു പാസ് വേര്‍ഡ് സുരക്ഷയും ഇല്ലാതെ ആമസോണ്‍ വെബ് സര്‍വീസിലെ ഒരു ബക്കറ്റില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും. ഇത് ആര്‍ക്കും കാണാവുന്ന തരത്തിലായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.
ദില്ലി: രാജ്യത്തെ പ്രമുഖ രോഗ പരിശോധന ലാബ് ശൃംഖല ഡോ ലാല്‍ പദ് ലാബ്സില്‍ നിന്നും ലക്ഷക്കണക്കിന് രോഗികളുടെ വിവരങ്ങള്‍ പരസ്യപ്പെട്ടു റിപ്പോര്‍ട്ട്. ടെക് സൈറ്റായ ടെക് ക്രഞ്ചാണ് ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ചോര്‍ന്ന വിവരങ്ങള്‍ ഒരു മാസത്തോളമായി ആര്‍ക്കും ലഭിക്കുന്ന തരത്തില്‍ സൈബര്‍ ഇടങ്ങളില്‍ ലഭ്യമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഡോ ലാല്‍ പദ് ലാബ്സ് ലക്ഷക്കണക്കിന് രോഗികളുടെ വ്യക്തിഗത വിവരങ്ങളും രോഗ വിവരങ്ങളും സ്പ്രെഡ് ഷീറ്റിലാക്കി, യാതൊരു പാസ് വേര്‍ഡ് സുരക്ഷയും ഇല്ലാതെ ആമസോണ്‍ വെബ് സര്‍വീസിലെ ഒരു ബക്കറ്റില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും. ഇത് ആര്‍ക്കും കാണാവുന്ന തരത്തിലായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.
ലാബില്‍ പരിശോധിച്ചവരുടെ ബുക്കിംഗ് വിവരങ്ങള്‍, പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ്, ഡിജിറ്റല്‍ സിഗ്നേച്ചര്‍, പേമെന്‍റ് ഡീറ്റെയില്‍, ഏത് ടെസ്റ്റാണ് ചെയ്തത്. തുടങ്ങിയ വിവരങ്ങള്‍ എല്ലാം ചോര്‍ന്ന വിവരങ്ങളില്‍ ഉള്‍പ്പെടുന്നു. ഒരു ദിവസം ഡോ ലാല്‍ പദ് ലാബ്സ് 70,000 രോഗികളെ വിവിധ ടെസ്റ്റുകള്‍ക്ക് വിധേയരാക്കുന്നു എന്നാണ് കമ്പനി തന്നെ അവകാശപ്പെടുന്നത്.
പുതിയ വിവരങ്ങള്‍ പ്രകാരം ചോര്‍ന്ന വിവരങ്ങളില്‍ കൊവിഡ് 19 രോഗികളുടെ വിവരങ്ങളും ഉണ്ടെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞ സെപ്തംബറില്‍ ഒരു ഓസ്ട്രേലിയന്‍ സൈബര്‍ സുരക്ഷ വിദഗ്ധനാണ് ഈ സുരക്ഷ പിഴവ് ചൂണ്ടിക്കാട്ടിയത്. ഇത് ഡോ ലാല്‍ പദ് ലാബ്സിനെ അറിയിക്കുകയും ചെയ്തു. ഇപ്പോള്‍ ഓപ്പണായി കിടന്ന ആമസോണ്‍ വെബ് സര്‍വീസിലെ വിവരങ്ങള്‍ അടങ്ങിയ ബക്കറ്റ് ഇവര്‍ ക്ലോസ് ചെയ്തു. എന്നാല്‍ യാതോരു പ്രതികരണവും തിരിച്ച് സൈബര്‍ സുരക്ഷ വിദഗ്ധന് ഇവര്‍ നല്‍കിയില്ല.
അതേ സമയം സംഭവത്തിലെ സുരക്ഷ പിഴവ് കമ്പനി അന്വേഷിക്കും എന്നാണ് ഡോ ലാല്‍ പദ് ലാബ്സ് വക്താവ് പ്രതികരിച്ചത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം ഒരു സുരക്ഷ പിഴവ് സംഭവിച്ചത് തങ്ങളുടെ ഉപയോക്താക്കളെ കമ്പനി അറിയിച്ചോ എന്നതില്‍ എന്നാല്‍ ഇപ്പോഴും വ്യക്തതയില്ല.