പോക്സോ നിയമം ലംഘിച്ചതിന് ട്വിറ്ററിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

പുതിയ ഐടി നിയമം അനുസരിച്ച് പരാതി പരിഹാര ഉദ്യോസ്ഥരെ നിയമിക്കാത്തതിനാല്‍ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ കന്പനിയും കുറ്റക്കാരാകും. 

Delhi Police to file FIR against Twitter India for violating POCSO Act

ദില്ലി: പോക്സോ നിയമം ലംഘിച്ചതിന് ട്വിറ്ററിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ദേശീയ ബാലാവകാശ കമ്മീഷന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പോക്സോ നിയമം ലംഘനം , തെറ്റായ വിവരം കൈമാറല്‍ തുടങ്ങിയവയാണ് ട്വിറ്ററിനെതിരായ പരാതി. ട്വിറ്റർ കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്നും  ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കാന്‍ നിർദേശിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.  

പുതിയ ഐടി നിയമം അനുസരിച്ച് പരാതി പരിഹാര ഉദ്യോസ്ഥരെ നിയമിക്കാത്തതിനാല്‍ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ കന്പനിയും കുറ്റക്കാരാകും. ഇത്തരത്തില്‍ ആദ്യമായാണ് ഒരു സോഷ്യല്‍ മീഡിയ കമ്പനിക്കെതിരെ കേസ് വരുന്നത്. നേരത്തെ പുതിയ ഐടി നിയമത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സോഷ്യല്‍മീഡിയ കമ്പനികള്‍ക്ക് കേന്ദ്രം മെയ് 25വരെ സമയം നല്‍കിയിരുന്നു.

അതേ സമയം ഐടി നിയമം പാലിക്കാൻ ട്വിറ്റ‍ർ തയ്യാറാവണമെന്ന് ദില്ലി ഹൈക്കോടതി. നിയമം ഉണ്ടെങ്കിൽ അതു പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ദില്ലി ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസ‍ർക്കാർ കൊണ്ടു വന്ന പുതിയ ഡിജിറ്റൽ ​ഗൈഡ് ലൈൻ നടപ്പാക്കാൻ ട്വിറ്റ‍ർ തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ സമർപ്പിച്ച ഹ‍ർജിയിലാണ് ദില്ലി ഹൈക്കോടതിയിൽ നിന്നും ഈ പരാമർശമുണ്ടായത്. അതേസമയം പുതിയ പരിഷ്കാരങ്ങളുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്നും ഈ മാസം 28-ന് റെസിഡൻ്റ് ​ഗ്രിവൻസ് ഉദ്യോ​ഗസ്ഥരെ നിയമിച്ചതായും ട്വിറ്റ‍ർ കോടതിയെ ബോധിപ്പിച്ചു. ഹർജി ജൂലൈ ആറിന് പരി​ഗണിക്കാനായി ദില്ലി ഹൈക്കോടതി വീണ്ടും മാറ്റിവച്ചു. 

ഫെബ്രുവരി 25-നാണ് കേന്ദ്ര വാർത്താവിനിമയമന്ത്രാലയവും നിയമമന്ത്രാലയവും ചേർന്ന് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കായി പുതിയ ​ഗൈഡ് ലൈൻ കൊണ്ടു വന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളടക്കം എല്ലാ സ്ഥാപനങ്ങളും ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികൾ സ്വീകരിക്കാനും തുട‍ർനടപടി സ്വീകരിക്കാനുമായി പ്രത്യേക പരാതി പരിഹാരസെൽ കൊണ്ടു വരണമെന്ന് പുതിയ ചട്ടത്തിലുണ്ട്. ഇന്ത്യക്കാരായെ ഉദ്യോ​ഗസ്ഥരെ വേണം ഈ പദവിയിൽ വിന്യസിക്കാനെന്നും നിയമത്തിൽ പറയുന്നു. ഈ പരിഷ്കാരം നടപ്പാക്കുന്നതിനെ ചൊല്ലി ട്വിറ്ററും കേന്ദ്രസർക്കാരും തമ്മിൽ ഭിന്നത ശക്തമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios