നത്തിംഗിനെതിരെ ദക്ഷിണേന്ത്യന്‍ യൂട്യൂബേര്‍സിന്‍റെ പ്രതിഷേധം; പ്രതികരണവുമായി മലയാളി വ്ളോഗര്‍മാര്‍

അതേ സമയം അഖിലേന്ത്യതലത്തില്‍ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയ യൂട്യൂബേര്‍സിനെയും മറ്റും കരിമ്പട്ടികയില്‍ പെടുത്തിയെന്നും ചില സൂചനകള്‍ വരുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ സമിശ്രമായ അഭിപ്രായമാണ് മലയാളം ടെക് യൂട്യൂബേര്‍സിലെ പ്രമുഖരുടെ അഭിപ്രായം. 

DearNothing controversy Why Nothing South Indian fanbase is unhappy said kerala youtubers

തിരുവനന്തപുരം : ചൊവ്വാഴ്ചയാണ് നത്തിംഗ് ഫോൺ (1) ലോഞ്ച് ചെയ്തതത്. കൊവിഡ് കാലത്തിന് ശേഷം  ടെക് ലോകത്ത് അടുത്തകാലത്ത് ഏറ്റവും ഹൈപ്പില്‍ പുറത്തിറങ്ങിയ സ്മാര്‍ട്ട് ഫോണാണ് തത്തിംഗ്  ഫോണ്‍. ഒരു കാലത്ത് വണ്‍പ്ലസ് എന്ന ബ്രാന്‍റിനെ ലോക ശ്രദ്ധയില്‍ എത്തിച്ച  കാൾ പെയ് തലവനായ, ലണ്ടൻ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട് അപ് ആണ് നത്തിംഗ്. അവരുടെ ആദ്യത്തെ ഫോണ്‍ വളരെ ശ്രദ്ധയാണ് പുറത്തിറക്കലിന് മുന്‍പ് തന്നെ നേടിയത്. എന്നാല്‍ പുറത്തിറങ്ങി ഒരു ദിവസത്തിനുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രതിഷേധമാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ച. 

സംഭവം തുടങ്ങുന്നത് പ്രസാദ് ടെക് തെലുങ്ക് എന്ന ചാനലിന്‍റെ വീഡിയോയാണ് സംഭവത്തിലേക്ക് നയിച്ചത്. ദക്ഷിണേന്ത്യയിലെ യൂട്യൂബേര്‍സിന് തത്തിംഗ് ഫോണുകള്‍ റിവ്യൂവിനായി നല്‍കാന്‍ വിസമ്മതിച്ചുവെന്ന് ആരോപിച്ച് ഈ യൂട്യൂബ് ചാനലില്‍ ഒരു പ്രാങ്ക് വീഡിയോ പോസ്റ്റ് ചെയ്തു.  

യൂട്യൂബർ വ്യാജ നത്തിംഗ് ഫോൺ (1) ബോക്‌സ് അൺബോക്‌സ് ചെയ്യുന്നതാണ് വീഡിയോയില്‍, എന്നാല്‍ അണ്‍ബോക്സ് ചെയ്ത ബോക്സില്‍ ഫോണല്ല, മറിച്ച് “ഹായ് പ്രസാദ്, ഈ ഉപകരണം ദക്ഷിണേന്ത്യക്കാർക്കുള്ളതല്ല. നന്ദി." എന്ന കുറിപ്പായിരുന്നു. ടെക്‌സ്‌റ്റ് എഴുതിയത് നത്തിംഗ് ബ്രാൻഡ് ഉപയോഗിക്കുന്ന ഡോട്ട് ഇട്ട ഫോണ്ടിലായിരുന്നു.

ഇതോടെ ദക്ഷിണേന്ത്യയിലെ വിവിധ ടെക് യൂട്യൂബേര്‍സ് നത്തിംഗിനെതിരെ നീങ്ങി.‘ബോയ്‌കോട്ട് നത്തിംഗ്’(boycott Nothing), ‘ഡിയർ നത്തിംഗ്’(dear Nothing) തുടങ്ങിയ ഹാഷ് ടാഗുകൾ ട്വിറ്ററിൽ ട്രെൻഡ് ചെയ്യാൻ തുടങ്ങി. ഇത് വലിയ പ്രശ്നമായതോടെയാണ് വിശദീകരണവുമായി നത്തിംഗ് രംഗത്ത് എത്തിയത്  പ്രശ്‌നത്തില്‍ നത്തിംഗ്  ഇന്ത്യ ജനറൽ മാനേജർ മനു ശർമ്മ ഒരു വിശദീകരണം ട്വീറ്റ് ചെയ്തിട്ടുണ്ട്. 

കൂടുതല്‍ കര്‍ശനമായി ഇത്തരം നീക്കങ്ങളെ നേരിടും എന്നാണ് നത്തിംഗ് പറഞ്ഞത്. ഇതോടെ ഒരു വിധം വ്ളോഗേര്‍സ് പ്രതിഷേധം അടങ്ങിയിട്ടുണ്ട്. ഒപ്പം വലിയ പ്രതിഷേധത്തിന് ഇടയാക്കിയ പലരും പോസ്റ്റ് ചെയ്ത വീഡിയോകള്‍ പിന്‍വലിച്ചുവെന്നാണ് വിവരം. അതേ സമയം അഖിലേന്ത്യതലത്തില്‍ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയ യൂട്യൂബേര്‍സിനെയും മറ്റും കരിമ്പട്ടികയില്‍ പെടുത്തിയെന്നും ചില സൂചനകള്‍ വരുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ സമിശ്രമായ അഭിപ്രായമാണ് മലയാളം ടെക് യൂട്യൂബേര്‍സിലെ പ്രമുഖരുടെ അഭിപ്രായം. 

അമല്‍ ഗോപാല്‍

ഇപ്പോള്‍ ഉയര്‍ന്ന പ്രതിഷേധങ്ങളില്‍ ശരിക്കും ഒരു കാര്യമുണ്ടെന്ന് തോന്നുന്നതല്ല. പ്രമുഖരായ പല ടെക് കമ്പനികളും അവര്‍ നിയോഗിക്കുന്ന പിആര്‍ ഏജന്‍സികളും ദക്ഷിണേന്ത്യയില്‍ നിന്നുള്ള കണ്ടന്‍റ് ക്രിയേറ്റേര്‍സിന് കാര്യമായ പ്രധാന്യം പലപ്പോഴും നല്‍കിയിട്ടില്ല. അത് മുന്‍കാലങ്ങളില്‍ വ്യക്തമാണ്. അതിനാല്‍ തന്നെ നത്തിംഗ് നടത്തിയത് ഒരു പുതിയ കാര്യമാണ് എന്ന് തോന്നുന്നില്ല. അതിനാല്‍ തന്നെ ഇത്തരം പ്രതിഷേധങ്ങള്‍ എത്രത്തോളം വിജയിക്കുമെന്ന് പറയാന്‍ പറ്റില്ല. നത്തിംഗ് എന്നത് പുതിയൊരു ബ്രാന്‍റ് ആണ് അവര്‍ ആദ്യമായി വിപണിയില്‍ എത്തുമ്പോള്‍ നടത്തുന്ന സമ്മര്‍ദ്ദ തന്ത്രം മാത്രമായി ഇത്തരം പ്രതിഷേധങ്ങളെ കാണാന്‍ സാധ്യതയുണ്ട്. ഇത് ഭാവിയില്‍ ദക്ഷിണേന്ത്യയിലെ കണ്ടന്‍റ് ക്രിയേറ്റേര്‍സിനെ മോശമായി ബാധിക്കാനും ഇടയുണ്ട്. അതിനാല്‍ ഇത്തരം അവഗണനകളെ നേരിടുന്നത് ശ്രദ്ധയോടെ വേണം. ഇപ്പോള്‍ തന്നെ നത്തിംഗ് അധികൃതര്‍ എടുത്ത നിലപാടോടെ ഈ വിവാദം ഏതാണ്ട് തീര്‍ന്ന അവസ്ഥയിലാണ്.

നിര്‍മ്മല്‍ ടിവി

നത്തിംഗ് എന്ന കമ്പനിക്ക് അവര്‍ ഇറക്കുന്ന ഗാഡ്ജറ്റ് ആര്‍ക്കെല്ലാം റിവ്യൂ ചെയ്യാന്‍ നല്‍കണം എന്നത് അവരുടെ തീരുമാനമാണ്. അതില്‍ ഒരു അവഗണന ഉണ്ട് എന്നത് നേരാണ്. ഇത്തരം ഒരു അവഗണന നേരിടുന്നുവെന്ന് തോന്നുന്ന യൂട്യൂബേര്‍സിന് അതിനെതിരെ വീഡിയോ ചെയ്യാനുള്ള അവകാശവും ഉണ്ട്. ഇത്തരം ഒരു അവഗണന നേരിട്ട യൂട്യൂബേര്‍സ് ഇത് നന്നായി തന്നെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് നേര്.  ‘ഡിയർ നത്തിംഗ്’എന്ന ഹാഷ്ടാഗ് അതിവേഗമാണ് പ്രചരിച്ചത്. എന്നാല്‍ ഇത്തരം ഒരു പ്രതിഷേധത്തില്‍ ചെയ്ത ഒരു വീഡിയോ അല്‍പ്പം കൈവിട്ടുപോയി. അതായത് പ്രസാദ് ടെക് തെലുങ്ക്  ചെയ്ത വീഡിയോയില്‍ നത്തിംഗ് ഫോണ്ട് ഉപയോഗിച്ചാണ് പ്രാങ്ക് കത്ത് തയ്യാറാക്കിയത്. ഇത് നത്തിംഗ് നേരിട്ടയച്ച കത്താണെന്ന് പലരും തെറ്റിദ്ധരിച്ചു. ഇത് ശരിക്കും ആ ബ്രാന്‍റിനെതിരായ നീക്കമായെ കണക്കിലെടുക്കൂ. ഇതോടെ ന്യായമായ പ്രതിഷേധത്തിന്‍റെ ഗതി മാറിയെന്നാണ് എനിക്ക് തോന്നിയത്. ഒപ്പം തന്നെ ഇത്തരം ഒരു പ്രതിഷേധത്തിനെതിരെ നത്തിംഗ് രംഗത്ത് എത്തിയതോടെ ഈ പ്രതിഷേധം നടത്തിയ പ്രമുഖ വ്ളോഗേര്‍സ് തന്നെ വീഡിയോ പിന്‍വലിക്കുന്ന സ്ഥിതിയുണ്ടായി. ഇത് ശരിക്കും മോശമായ കാര്യമായി. തങ്ങളുടെ ഭാഗത്ത് ന്യായമുണ്ടായിട്ടും, നത്തിംഗിന്‍റെ ഭാഗത്താണ് ശരിയെന്ന് തോന്നിപ്പിക്കുന്ന യൂടേണ്‍ ആയി. ചിലപ്പോള്‍ ഇത്തരം പ്രതിഷേധങ്ങള്‍ പൊതുവില്‍ ടെക് കമ്പനികള്‍ ദക്ഷിണേന്ത്യന്‍ കണ്ടന്‍റ് ക്രിയേറ്റേര്‍സിനോട് കാണിക്കുന്ന നയത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്ന് കണ്ടറിയണം.

ജയരാജ് ജി നാഥ്

കേരളത്തിലെ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ യൂട്യൂബേര്‍സിനോട് ടെക് കമ്പനികളുടെ നയത്തിലെ രണ്ടാംതരം നിലപാട് ഒരു പുതിയ കാര്യം അല്ല. വിവിധ പരിപാടികളില്‍ ഇത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്. നത്തിംഗ് ഫോണ്‍ പുറത്തിറങ്ങുന്നത് വളരെ പ്രതീക്ഷയോടെയാണ് ടെക് യൂട്യൂബേര്‍സ് കണ്ടത്. കാരണം കൊവിഡ് കാലത്തിന് ശേഷം ഇത്രയും വാര്‍ത്ത പ്രധാന്യം നേടിയ ഒരു ഫോണ്‍ ലോഞ്ചിംഗ് വേറെ നടന്നിട്ടില്ല. ഫോണ്‍ ഇല്ലാതെ ഞാന്‍ നടത്തിയ റിവ്യൂതന്നെ വലിയ രീതിയില്‍ ആളുകള്‍ കണ്ടിട്ടുണ്ട്. നത്തിംഗിന് അവരുടെതായ മുന്‍ഗണന ഉണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി യൂട്യൂബേര്‍സിന് ആദ്യം നല്‍കുന്നത് ആയിരിക്കും കൂടുതല്‍ കാണികളെ ആകര്‍ഷിക്കുക എന്ന് അവര്‍ കരുതി കാണും. അത് അവരുടെ നയമാണ്. അതിനാല്‍ നമ്മുടെതായ വഴികള്‍ കണ്ടെത്തുക എന്നതാണ് ഇതില്‍ ചെയ്യേണ്ടത്. ഇത്തരം പ്രതിഷേധങ്ങളും വിവാദങ്ങളും ഇത്തരം ഒരു മേഖലയില്‍ നടത്തേണ്ടതില്ല.

നത്തിംഗ് ഫോണിനെതിരെ ദക്ഷിണേന്ത്യന്‍ 'ഡിയര്‍ നത്തിംഗ്' പ്രതിഷേധം; ഒടുവില്‍ 'യൂടേണ്‍' അടിച്ചു

കാത്തിരിപ്പിനവസാനം; നത്തിങ് ഫോൺ എത്തി, വിലയും ഫീച്ചേഴ്സും അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios