'കൊവിഡിന് കാരണം 5ജി' ; വ്യാജപ്രചരണം വൈറസ് പോലെ വ്യാപിക്കുന്നു.!
ഇക്കഴിഞ്ഞ ആഴ്ചകളില്‍, യൂറോപ്പില്‍ വിവിധ രാജ്യങ്ങളിലായി ഇത്തരം ഡസന്‍ കണക്കിന് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
ലണ്ടന്‍: ബ്രിട്ടനില്‍ 5ജി ടവറിന് തീ ഇട്ടതിന് പിന്നാലെ ഇതിന്‍റെ കാരണമായത് 'കൊവിഡിന് കാരണം 5ജി' എന്ന വ്യാജ പ്രചരണമാണ് എന്നത് വെളിവായിരുന്നു. ഇതിനെതിരെ ശക്തമായ നടപടി എടുക്കുമെന്നാണ് അന്ന് ബ്രിട്ടീഷ് വൃത്തങ്ങള്‍ അറിയിച്ചതെങ്കില്‍ ഇപ്പോള്‍ ബ്രിട്ടനും കടന്ന് ഈ വ്യാജപ്രചരണം യൂറോപ്പില്‍ പടരുന്നുവെന്നാണ് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ബ്രിട്ടനില്‍ മാത്രം 50 കേസുകളാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 5ജി ടവറുകള്‍ തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് നടന്നത് ഇതിലെ അറസ്റ്റ് വെറും 3 എണ്ണവും.
കഴിഞ്ഞ ദിവസം നെതര്‍ലാന്‍റിസില്‍ സമാനമായ സംഭവം അരങ്ങേറിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഡച്ച് ബിസിനസ് പാര്‍ക്കിലെ സിസിടിവിയില്‍ നിന്നു ലഭിച്ച ഫുട്ടേജില്‍ കറുത്ത മാസ്ക് ധരിച്ച യുവാവ്, തന്‍റെ കൈയ്യിലുളള വെളുത്ത പാത്രത്തിലെ സാധനങ്ങള്‍ ഒരു 5ജി ടവറിനു കീഴെ ഇട്ട് ടൊയോട്ടാ കാറിലേക്ക് പാഞ്ഞുകയറി ഓടിച്ചു പോയി, അപ്പോള്‍ തന്നെ ടവര്‍ കത്തിയമരുന്നതും വീഡിയോയില്‍ കാണാം.
ഇക്കഴിഞ്ഞ ആഴ്ചകളില്‍, യൂറോപ്പില്‍ വിവിധ രാജ്യങ്ങളിലായി ഇത്തരം ഡസന്‍ കണക്കിന് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ക്കു പിന്നില്‍ 5ജി മൊബൈല്‍ ടവറുകളും കൊറോണാവൈറസ് വ്യാപനത്തിന് കാരണമാകുന്നു എന്ന വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നതാണെന്നാണ് എപി റിപ്പോര്‍ട്ട് പറയുന്നത്.
അടുത്തിടെ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്ത 5ജി ടവര്‍ ആക്രമണം ശരിക്കും ഭയനകമാണ്. ബേമിങാമില്‍ കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന ഫീല്‍ഡ് ആശുപത്രിക്ക് സമീപത്തുള്ള 5ജി ടവര്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടു. ഇതോടെ ഈ ഭാഗത്ത് സിഗ്നല്‍ തടസപ്പെട്ടു. ഇത് സംബന്ധിച്ച് പ്രതികരിച്ച ടവര്‍ ഉടമകളായ വോഡഫോണിന്‍റെ ബ്രിട്ടിഷ് സിഇഒ ഇതിനെ ഹൃദയഭേദകം എന്നാണ് വിശേഷിപ്പിച്ചത്. രോഗികളായവര്‍ക്ക് ഫോണ്‍ കോളിലൂടെയോ വിഡിയോ കോളിലൂടെയോ പോലും പ്രിയപ്പെട്ടവര്‍ക്കൊപ്പം നിമിഷങ്ങള്‍ ചിലവിടിനാവില്ല എന്ന അവസ്ഥയാണ് ഇത് ഉണ്ടാക്കിയത്, ഇതിന് കാരണം ചില ഗൂഢാലോചന സിദ്ധാന്തങ്ങളും- വൊഡാഫോണ്‍ യുകെയുടെ സിഇഓ നിക്ക് ജെഫ്രി പ്രതികരിച്ചു.
അയര്‍ലണ്ട്, സൈപ്രസ്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലും 5ജി ടവറുകള്‍ക്കെതിരായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 5ജി സാങ്കേതിക വിദ്യയ്ക്കെതിരെ നിരവധി സോഷ്യല്‍ മീഡിയ പേജുകള്‍ ഇപ്പോള്‍ തന്നെ സജീവമാണെന്നും. 5ജി ടവറുകള്‍ക്കെതിരായ ആക്രമണം നടത്തുന്ന വീഡിയോകള്‍ക്ക് വലിയ പ്രോത്സാഹനമാണ് ഇത്തരം പേജുകളില്‍ ലഭിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. യൂറോപ്പിലെ വാക്സിന്‍ വിരുദ്ധ സംഘങ്ങള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഏറ്റെടുത്ത് രംഗത്ത് ഇറങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.