സന്ദേശങ്ങളുടെ ഉറവിടം തേടുന്നത് സ്വകാര്യത ലംഘനമല്ല; വാട്സ്ആപ്പിന് മറുപടിയുമായി കേന്ദ്രം

പല തവണ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സന്ദേശത്തിന്‍റെ ഉറവിടം എവിടെ നിന്നാണെന്ന് ഇനി മുതല്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക്  സർക്കാരിനോട് വെളിപ്പെടുത്തേണ്ടി വരുമെന്നതാണ് പുതിയ ഐടി നിയമം വ്യക്തമാക്കുന്നത്. 

central government replied whatsapp

ദില്ലി: വാട്സ്ആപ്പിന് മറുപടിയുമായി കേന്ദ്ര സർക്കാർ. സന്ദേശങ്ങളുടെ ഉറവിടം തേടുന്നത് സ്വകാര്യത ലംഘനമല്ലെന്നും കുറ്റം കൃത്യം തടയാനാണ് ആവശ്യപ്പെടുന്നതെന്നും കേന്ദ്രം പറഞ്ഞു. സ്വകാര്യത മൗലികാവകാശമെന്നും കേന്ദ്രം മറുപടി നൽകി. അതേസമയം, നിയമം നിലവില്‍ വന്നിട്ടും കമ്പനികള്‍ നിർദേശം പിന്തുടരാത്ത സാഹചര്യത്തില്‍ അടുത്ത നടപടിയെന്തെന്ന് കേന്ദ്രസർക്കാര്‍ ഇന്ന് അറിയിച്ചേക്കും.

പല തവണ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സന്ദേശത്തിന്‍റെ ഉറവിടം എവിടെ നിന്നാണെന്ന് ഇനി മുതല്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക്  സർക്കാരിനോട് വെളിപ്പെടുത്തേണ്ടി വരുമെന്നതാണ് പുതിയ ഐടി നിയമം വ്യക്തമാക്കുന്നത്. ഈ നിയമം ഉപയോക്താവിന്‍റെ സ്വകാര്യതയുടെ ലംഘനമാണെന്ന് ഫെയ്സ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് വാദിക്കുന്നു. കൈമാറ്റം ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ക്ക് സ്വകാര്യ ഉറപ്പുവരുത്തുന്ന വാട്സ് ആപ്പിന്‍റെ എൻഡ് ടു എൻഡ് എൻക്രിപ്ഷന്‍ സുരക്ഷയും പുതിയ നിയമത്തോടെ ദുർബലമാകും. 2017 ലെ ജസ്റ്റിസ് കെ എസ് പുട്ടസ്വാമിയും ഇന്ത്യന്‍ സർക്കാരും തമ്മിലുള്ള കേസ് പരാമർശിച്ച്, സർക്കാര്‍ നിരീക്ഷണം ഭരണഘടന വിരുദ്ധമാണെന്നും ജനങ്ങളുടെ സ്വകാര്യത അവകാശത്തിന്‍റെ ലംഘനമാണെന്നും വാട്സ്ആപ്പ് ചൂണ്ടിക്കാട്ടുന്നു. ആളുകളുടെ സുരക്ഷക്കായി സര്‍ക്കാരുമായി സഹകരിക്കാറുണ്ടെന്നും വാട്സ്ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. 

സാങ്കേതികമായും പുതിയ നിയമം വാട്സാപ്പ് പോലുള്ള മെസേജിങ് ആപ്പിന് തലവേദനയാണ്. പ്രത്യേകിച്ച് ഉപയോക്താക്കള്‍ പലയിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ അതേ പടി പകര്‍ത്തി സ്വന്തം സന്ദേശമായി അയക്കാറുള്ളത് ഉറവിടം കണ്ടെത്തുന്നത് വിഷമകരമാക്കും. സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്തുന്ന രീതിയില്‍ സാങ്കേതിക മാറ്റുന്നത് സുരക്ഷ ഭീഷണിയും സൃഷ്ടിക്കും. കേന്ദ്രസർക്കാരിന്‍റെ പുതിയ ഐടി നിയമത്തിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വാട്സാപ്പ്. പുതിയ നിയമം ഉപയോക്താക്കളുടെ സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റുമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും വാട്സാപ്പ് ഹ‍ർജിയിൽ വ്യക്തമാക്കി. ഇതിനിടെ സര്‍ക്കാര്‍ നിർദേശങ്ങളോട് സഹകരിക്കുമെന്ന് ഗൂഗിളും യൂട്യൂബും വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ പ്രതികരിക്കാന്‍ ട്വിറ്റർ ഇനിയും തയ്യാറായിട്ടില്ല. അതേസമയം, പുതിയ ഐടി നിയമം ഇന്ന് മുതല്‍ നിലവില്‍ വന്നിട്ടും പ്രമുഖ സാമൂഹിക മാധ്യമങ്ങളൊന്നും സർക്കാർ ഉത്തരവ് പ്രകാരമുള്ള നിയമനങ്ങള്‍ നടത്തിയിട്ടില്ല.  സർക്കാര്‍ ഈ കാര്യത്തില്‍ സ്വീകരിക്കാന്‍ പോകുന്ന നടപടിയെന്തെന്നുള്ളത് വൈകാതെ വ്യക്തമാക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios