China Virtual Reality : വെര്‍ച്വല്‍ റിയാലിറ്റി 'കമ്യൂണിസ്റ്റ് പാര്‍ട്ടി കോളേജ്' പുതിയ പരീക്ഷണവുമായി ചൈന
പാർട്ടി പരിപാടികള്‍ നടത്തനും ആധുനികമായതും തീര്‍ത്തും പുതിയതുമായ ഇടമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മൂല്യങ്ങള്‍ വച്ച് നിര്‍മ്മിച്ച മെറ്റാവേസ്.
ബിയജിംഗ്: പാര്‍ട്ടി സംഘടന സംവിധാനങ്ങള്‍ക്കും പരിപാടികള്‍ക്കുമായി പുതിയ വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോം (VR Platforme) ഉപയോഗിക്കാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (Chines Communist Party). മെറ്റാവേസില്‍ (metaverse) തീര്‍ത്ത ഈ സംവിധാനം മങ്ക വിആര്‍ എന്ന വെര്‍ച്വല്‍ റിയാലിറ്റി (Virtual Reality) കമ്പനിയാണ് തയ്യാറാക്കിയത് എന്നാണ് വിവരം.
ചൈനയിലെ ഉന്നത ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ സമ്മേളനം നടത്താനും, പാർട്ടി പരിപാടികള്‍ നടത്തനും ആധുനികമായതും തീര്‍ത്തും പുതിയതുമായ ഇടമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മൂല്യങ്ങള്‍ വച്ച് നിര്‍മ്മിച്ച മെറ്റാവേസ്. മീറ്റിംഗുകൾ, കോൺഫറൻസുകൾ, കോഴ്സുകൾ, ചരിത്ര പ്രഭാഷണങ്ങൾ തുടങ്ങിയ വെർച്വൽ ഇവന്റുകൾ ഈ സിസ്റ്റം വഴി നടത്താന്‍ സാധിക്കും. ഈ സിസ്റ്റത്തില്‍ 3ഡി അവതാരങ്ങളെ സൃഷ്ടിക്കാനും അതിന് അനുസരിച്ച് പരിപാടികളില്‍ പങ്കെടുക്കാനും സാധിക്കും.
വിവിധ പാര്‍ട്ടി കോഴ്സുകളും ഈ വിആര്‍ ഇക്കോസിസ്റ്റത്തില്‍ നടത്തും. "നൂറ് വർഷത്തെ കഥകൾ - പാർട്ടി ചരിത്രം മൈക്രോ ക്ലാസ് റൂം", "മഹത്തായ പുതിയ യുഗം - ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 18-ാമത് നാഷണൽ കോൺഗ്രസിന് ശേഷം പാർട്ടിയുടെയും രാജ്യത്തിന്റെയും പ്രധാന നേട്ടങ്ങൾ" എന്നിങ്ങനെയുള്ള വിആര്‍ കോഴ്സുകള്‍ ഇവിടെ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
"ചൈന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ലീഡർഷിപ്പ്", "ചൈനീസ് സ്പിരിറ്റ് - ചൈനീസ് കമ്മ്യൂണിസ്റ്റുകളുടെ ആത്മീയ വംശാവലി" എന്നിങ്ങനെയും പാഠങ്ങളും ക്ലാസുകളും ഈ വിആര്‍ സെറ്റപ്പില്‍ ഉണ്ട്. ശരിക്കും ഇതൊരു പാര്‍ട്ടി കോളേജ് പോലെയാണ് പ്രവര്‍ത്തിക്കുക എന്നാണ് ചൈനീസ് മാധ്യമങ്ങള്‍ പറയുന്നത്.
ഇതില്‍ അംഗങ്ങളാകുന്ന പാര്‍ട്ടി അംഗങ്ങള്‍ 3ഡി അവതാര്‍ വേഷത്തില്‍ ഇതിലെ ക്ലാസുകളില്‍ പങ്കെടുക്കുകയും കൂടുതല്‍ ഇടപെടല്‍ നടത്തുകയും ചെയ്യുന്പോള്‍ ഇതൊരു സാധാരണ സാമൂഹ്യ ചുറ്റുപാട പോലെയാകും ഇത് നിര്‍മ്മിച്ച വിആര്‍ സ്ഥാപനത്തെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗിക വിവരങ്ങള്‍ മാത്രം പുറത്തുവിടുന്ന ചൈനീസ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം പുതിയ 'പാര്‍ട്ടി കോളേജ് വിആര്‍ സംവിധാനം' നിലവിലെ വിആര്‍ സംവിധാനങ്ങള്‍ പോലെ ബോറടിപ്പിക്കില്ലെന്ന് പറയുന്നു.
അതേ സമയം വിആര്‍ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ചൈന നടത്തുന്നത്. ചൈനീസ് സര്‍ക്കാര്‍ തന്നെ വിആര്‍ തീംപാര്‍ക്ക് രംഗത്ത് വലിയ നിക്ഷേപമാണ് അടുത്തിടെ നടത്തിയത്. മോർഗൻ സ്റ്റാൻലി പ്രവചിക്കുന്നത് പ്രകാരം ലോകത്തെ വിആര്‍ വിപണി 8 ട്രില്യൺ ഡോളറായി വളരും എന്നാണ് അതിനാല്‍ തന്നെ ഈ രംഗത്ത് ചൈനീസ് കമ്പനികളായ ടെന്‍സെന്‍റ്, അലിബാബ, ബൈറ്റ് ഡാന്‍സ് എന്നിവ വലിയ നിക്ഷേപമാണ് നടത്തുന്നത്.