WWDC 2022 Highlights : വമ്പൻ മാറ്റങ്ങൾ, പുതിയ ഫീച്ചറുകൾ; ആപ്പിൾ ഐഒഎസ് 16 വരുന്നു
WWDC 2022 Keynote Highlights- ഈ വർഷമവസാനത്തോടെ ഐ ഫോൺ 8ലും അതിനു ശേഷമുള്ള ഉപകരണങ്ങളിലും ഐഒഎസ് 16 ലെ അപ്ഡേഷൻസ് എത്തും. അതായത് ഐഫോൺ 7, 7 പ്ലസ്, 6എസ്, 6എസ്പ്ലസ്, ഐഫോൺ എസ്ഇ (ആദ്യ മോഡൽ) എന്നിവ ഉപയോഗിക്കുന്നവർക്ക് പുതിയ ഒഎസ് ലഭ്യമാകില്ല
ഐഒഎസ് 16 (Apple iOS 16) ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ കമ്പനി. ഈ വർഷത്തെ വേൾഡ് വൈഡ് ഡവലപ്പർ കോൺഫറൻസ് 2022ന്റെ (ഡബ്ല്യുഡബ്ല്യൂഡിസി) കീനോട്ട് അഡ്രസിലാണ് ഐഒഎസ് 16നെ ആപ്പിൾ പരിചയപ്പെടുത്തിയത്. ഐഫോൺ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പാണിത്. മെസേജിങ്, ലോക് സ്‌ക്രീൻ വിജറ്റ്‌സ്, പുതിയ നോട്ടിഫിക്കേഷൻ സെന്റർ, ലൈവ് ആക്ടിവിറ്റീസ് ഫോക്കസ് ഫിൽറ്റേഴ്‌സ് തുടങ്ങിയവയാണ് പുതിയ പതിപ്പിന്റെ പ്രത്യേകതകൾ.
ഈ വർഷമവസാനത്തോടെ ഐ ഫോൺ 8ലും അതിനു ശേഷമുള്ള ഉപകരണങ്ങളിലും ഐഒഎസ് 16 ലെ അപ്ഡേഷൻസ് എത്തും. അതായത് ഐഫോൺ 7, 7 പ്ലസ്, 6എസ്, 6എസ്പ്ലസ്, ഐഫോൺ എസ്ഇ (ആദ്യ മോഡൽ) എന്നിവ ഉപയോഗിക്കുന്നവർക്ക് പുതിയ ഒഎസ് ലഭ്യമാകില്ല. ഈ ആഴ്ചയിൽ ഐഒഎസ് 16 ന്റെ ഡവലപ്പർ പ്രിവ്യൂകളും അടുത്തമാസത്തോടെ പൊതു ബീറ്റയും ലഭ്യമാകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.
ഫോക്കസ് ഫിൽറ്റർ
ഐഒഎസ് 15 ലാണ് ഫോക്കസ് മോഡ് അവതരിപ്പിച്ചതെങ്കിലും ലോക്ക് സ്ക്രീനിനൊപ്പം ഐഒഎസ് 16ലാണ് ആപ്പിൾ ഇത് കൊണ്ടുവന്നത്. ലോക്ക് സ്ക്രീനിലെ ഒരു സ്വൈപിലൂടെ ഉപഭോക്താക്കാൾക്ക് ഫോക്കസ് മോഡ് ആക്ടിവേറ്റ് ചെയ്യാനാകും. ചില കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകാൻ ഈ ഫീച്ചർ സഹായിക്കും. ഫോക്കസ് ഫിൽറ്റർ. സഫാരി, കലണ്ടർ, ചില കമ്യൂണിക്കേഷൻ ആപ്പുകൾ തുടങ്ങിയവയ്ക്ക് ഫോക്കസ് മോഡിലൂടെ കൂടുതൽ പ്രാധാന്യം നൽകാനാകും. അടുക്കും ചിട്ടയുമില്ലാത്ത രീതികളെ ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ലോക് സ്‌ക്രീൻ വിജറ്റ്‌സ്
ഐഒഎസ് 14ലൂടെയാണ് ആദ്യമായി ഹോം സ്‌ക്രീൻ വിജറ്റ്‌സ് കൊണ്ടുവരുന്നത്. ഐഒഎസ് 16നിലെ പുതിയ എംബഡഡ് വിജറ്റ്‌സ് ഫീച്ചറിലൂടെ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള വാൾപേപ്പർ സെറ്റ് ചെയ്യാം. ലോക്ക് സ്ക്രീനിൽ തന്നെ ഇത്തരം വിജറ്റുകൾ ലഭ്യമാണ്. ലോങ്പ്രസിലൂടെ ഇവ കസ്റ്റമൈസ് ചെയ്യാം.സ്വൈപ്പ് ചെയ്ത് ആവശ്യമായ ടെപ്ലേറ്റുകളും തെരഞ്ഞെടുക്കാം. മിസ്ഡ്കാൾ, നോട്ടിഫിക്കേഷൻ, അലേർട്ടുകൾ എന്നിവയുടെ കാര്യത്തിൽ വിജറ്റ് ഉപകാരപ്പെടും.
മെയിലിൽ പുതുമകൾ
ഉപഭോക്താക്കൾക്ക് സഹായകമാകുന്ന മികച്ച ഫീച്ചറാണ് മെയിലിൽ ഇക്കുറി ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. റെസിപീയന്റ് ബോക്സിലേക്ക് ഡെലിവർ ആകും മുൻപ് മെയിൽ കാൻസൽ ചെയ്യാൻ കഴിയുമെന്നതാണ് ഈ വർഷത്തെ പ്രത്യേകത.ഇനി മുതൽ മെയിലുകൾ അയയ്ക്കാനുള്ള സമയം മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാനുമാകും. മെയിലിൽ ഉൾക്കൊള്ളിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഉപഭോക്താവിനെ ഓർമ്മിപ്പിക്കാനുള്ള സംവിധാനവുമുണ്ട്. സമീപകാലത്ത് അയച്ച ഇ-മെയിലുകൾ, കോൺടാക്റ്റുകൾ, ഡോക്യുമെന്റുകൾ, ലിങ്കുകൾ എന്നിവയും എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.
മെസേജുകൾ
ടെലഗ്രാമിലെ പോലെ അയച്ച മെസേജ് വീണ്ടും എഡിറ്റ് ചെയ്യുക, അയച്ച മെസേജിനെ വീണ്ടും എഡിറ്റ് ചെയ്യാൻ സഹായിക്കുക,അയച്ച മെസേജ് പൂർണമായും ഡീലിറ്റ് ചെയ്യാനാവുക എന്നിവയാണ് ആപ്പിൾ മെസേജുകളിലെ പുതിയ ഫീച്ചറുകൾ. വാട്സാപ്പുമായി കടുത്ത മത്സരം നടത്തുന്ന ആപ്പുകളിലൊന്നാണ് ആപ്പിൾ മെസേജസ്. വാട്സാപ്പിലെ പോലെ മെസേജ് ഡീലിറ്റഡ് എന്ന നോട്ടിഫിക്കേഷൻ പോലും ആപ്പിൾ മെസേജസ് ബാക്കി വയ്ക്കില്ല. വായിച്ച മെസേജുകൾ അൺറീഡാക്കി ഇടാനുള്ള ഫീച്ചറും ആപ്പിൾ ഇക്കുറി അവതരിപ്പിച്ചിട്ടുണ്ട്. ഇനി മുതൽ മെസേജസിൽ നിന്ന് ഷെയർ പ്ലേയിലേക്ക് പോകാനും കഴിയും.
ലൈവ് ടെക്സ്റ്റിന് വിഡിയോ സപ്പോർട്ട്
കണ്ടു കൊണ്ടിരിക്കുന്ന വീഡിയോ പോസ് ചെയ്ത് സ്ക്രീനിലെ ടെക്സ്റ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ഫോട്ടോസിൽ നേരത്തെ ഈ ഫീച്ചർ ഉണ്ടായിരുന്നു. സമാനമായ ഫീച്ചർ ഉണ്ടാക്കാൻ മറ്റു ആപ്പ് ഡെവലപ്പർമാരെ സഹായിക്കുന്ന തരത്തിൽ ഇതിൻ്റെ എപിഐ ലഭ്യമാക്കിയിട്ടുണ്ട്.
മാറ്റങ്ങളുമായി വിഷ്വൽ ലുക്ക് ആപ്പ്
കിട്ടുന്ന ഫോട്ടോ സ്റ്റിക്കർ ആക്കാൻ ഇഷ്ടം ഇല്ലാത്തവർ ചുരുക്കം ആയിരിക്കും. അങ്ങനെയുള്ളവർക്ക് മൃഗങ്ങളുടെയും പക്ഷികളുടെയും ഫോട്ടോകൾ കണ്ടെത്തി എളുപ്പത്തിൽ സ്റ്റിക്കർ ആക്കാൻ കഴിയും. ഇവ മെസേജുകൾക്ക് ഒപ്പം അയയ്ക്കുകയും ചെയ്യാം.
ഐക്ലൗഡ് ഷെഡ് ഫോട്ടോ ലൈബ്രറി
കൂട്ടുകാർ ഒരുമിച്ച് ഒരു യാത്ര പോകുന്നു.അതിൽ ഉള്ളവരുടെ കയ്യിലിരിക്കുന്നതാകട്ടെ ഐഫോണാണ്, എങ്കിൽ ഫോട്ടോ ചോദിച്ച് ഇനി കൂട്ടുകാരുടെ പിന്നാലെ നടക്കേണ്ടി വരില്ല. എല്ലാം ഒരു ലൈബ്രറിയിൽ കാണിക്കുന്നതിനുള്ള ഫീച്ചറും ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഫോട്ടോകൾ എല്ലാവർക്കും ലഭ്യമാക്കും എന്നതാണ് ഐ ക്ലൗഡ് ഷെഡ് ലൈബ്രറിയുടെ പ്രത്യേകത. ഓരോരുത്തരുടെയും മെമ്മറീസ്, ഫീച്ചെസ് എന്നിവയിലും ഈ ഫോട്ടോകൾ കാണാനാകും.
നോട്ടിഫിക്കേഷൻ സെന്റർ, ലൈവ് ആക്ടിവിറ്റീസ്
ഐഒഎസ് 12നു ശേഷം നോട്ടിഫിക്കേഷൻ സെന്ററിൽ എത്തുന്ന ഏറ്റവും വലിയ അപ്‌ഡേറ്റാണ് ഐഒഎസ് 16ലൂടെ ലഭ്യമാകുന്നത്.
നോട്ടിഫിക്കേഷൻസിനു താഴെ നിന്ന് മുകളിലേക്ക് ഡ്രാഗ് ചെയ്യുകയോ, ഒളിപ്പിച്ച് വയ്ക്കുകയോ ചെയ്യാം. ഇന്ററാക്ടീവ് വിജറ്റുകളെ പോലെ പ്രവർത്തിക്കാനും സഹായിക്കും.ആപ്പിൾ ടിവി പോലെയുള്ള ആപ്പുകളിലാണ് ഇത് ലഭ്യമാകുന്നത്.
പേ ലേറ്റർ
പേ ലേറ്റർ ഫീച്ചർ ആണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്ന പുതി ഫീച്ചറുകളിലൊന്ന്. ഈ ഫീച്ചർ അമേരിക്കയിലെ ഉപയോക്താക്കൾക്ക് മാത്രമാണ് തുടക്കത്തിൽ ലഭിക്കുക. കൂടാതെ വാലറ്റ് ആപ്പിൽ തന്നെ റെസിപ്റ്റ് കിട്ടുന്ന തരത്തിൽ ഓർഡർ ട്രാക്കിങ് ഫീച്ചറും വരുന്നുണ്ട്. വയസു തെളിയിക്കുന്ന രേഖയും , തിരിച്ചറിയൽ രേഖകളും വാലറ്റിൽ സൂക്ഷിക്കാം.
കാർപ്ലേ
വണ്ടിയുടെ ഹാർഡ്വെയറുമായി സഹകരിച്ചു പ്രവർത്തിപ്പിക്കാവുന്ന കാർപ്ലേയാണ് മറ്റൊരു ഫീച്ചർ. ഒന്നിലധികം സ്ക്രീനുകളിലേക്ക് കണ്ടന്റുകൾ കോപ്പി ചെയ്യാനും ഇതിലൂടെ കഴിയും. എത്ര ഇന്ധനം ബാക്കിയുണ്ട്, കാറിനുള്ളിലെ താപം, സ്പീഡ് തുടങ്ങിയവയും അറിയാൻ ഈ ഫീച്ചർ സഹായിക്കും.
ഡിക്ടേഷനിൽ മാറ്റം
ടൈപ്പ് ചെയ്യുന്നതിൽ വ്യത്യാസം വരുത്താൻ സഹായിക്കുന്ന ഫീച്ചറാണിത്. പറഞ്ഞുകൊടുത്ത് എഴുതിക്കുന്ന തത്സമയ ട്രാൻസ്‌ക്രിപ്ഷൻ ഫീച്ചർ ഉപയോഗിക്കുന്നതിലൂടെ സമയവും ലാഭിക്കാം.