Anonymous : റഷ്യന്‍ സൈന്യത്തിന് വന്‍ പണികൊടുത്ത് അനോണിമസ്
എല്ലാ റഷ്യന്‍ സൈനികരെയും യുദ്ധക്കുറ്റം ചുമത്തി വിചാരണയ്ക്ക് വിധേയരാക്കണമെന്നും അനോണിമസ് സന്ദേശത്തിൽ പറഞ്ഞു.
ലണ്ടന്‍: ഹാക്കര്‍ കമ്യൂണിറ്റിയായ അനോണിമസ് പുതിയ അവകാശവാദവുമായി രംഗത്ത്. നേരത്തെ തന്നെ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിനുമായി നേരിട്ട് യുദ്ധം പ്രഖ്യാപിച്ച ഹാക്കര്‍ കൂട്ടായ്മ ഇപ്പോള്‍ 120,000 റഷ്യന്‍ സൈനികരുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിട്ടുവെന്നാണ് പറയുന്നത്.
യുക്രൈന്‍ അധിനിവേശത്തിൽ പങ്കെടുക്കുന്ന എല്ലാ റഷ്യന്‍ സൈനികരെയും യുദ്ധക്കുറ്റം ചുമത്തി വിചാരണയ്ക്ക് വിധേയരാക്കണമെന്നും അനോണിമസ് സന്ദേശത്തിൽ പറഞ്ഞു.
ജനനത്തീയതി, വിലാസം, പാസ്‌പോർട്ട് നമ്പറുകൾ, യൂണിറ്റ് അഫിലിയേഷൻ തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ചോര്‍ത്തിയത് എന്നാണ് അനോണിമസ് പറയുന്നത്. പുടിന്‍റെ റഷ്യ അധിനിവേശത്തിലൂടെ ഉക്രൈനിലുണ്ടാക്കിയ നഷ്ടങ്ങളും അതിക്രമങ്ങൾക്കും ലോക സമൂഹം റഷ്യയോട് ക്ഷമിക്കാൻ കുറച്ച് സമയമെടുക്കുമെന്നും അനോണിമസ് ട്വീറ്റ് ചെയ്തു.
ഈ ഞായറാഴ്ചയാണ് ഈ ഹാക്കിംഗ് വിവരം അനോണിമസ് പുറത്തുവിട്ടത് എന്നാണ് യുക്രൈന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വിവരങ്ങള്‍ യുക്രൈനിലെ "സെന്റർ ഫോർ ഡിഫൻസ് സ്ട്രാറ്റജീസിന്' ലഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
നേരത്തെ യുക്രൈനിലെ ബുച്ചയിൽ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് ആശങ്ക ഉയർന്നതിനെത്തുടർന്ന് റഷ്യൻ സൈന്യത്തിനെതിരെ നിരന്തരമായ പ്രതിഷേധമാണ് അന്താരാഷ്ട്ര സമൂഹത്തില്‍ ഉയരുന്നത്.
സാധാരണക്കാരെ ദ്രോഹിക്കുന്നതും കൊല്ലപ്പെടുന്നതുമായ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. റഷ്യ തങ്ങളുടെ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഹാക്കിംഗ് തുടരുമെന്നും അനോണിമസ് പറയുന്നത്.
ക്രെംലിൻ വിരുദ്ധ പ്രചരണം പ്രചരിപ്പിക്കുന്നതിനായി റഷ്യയുടെ സുരക്ഷിതമല്ലാത്ത സൈബര്‍ നെറ്റ്വര്‍ക്കുകള്‍ ഹാക്കിംഗിന് വിധേയമാക്കുമെന്നാണ് അനോണിമസ് പറയുന്നത്.
റഷ്യയിലെ സെൻസർഷിപ്പ് മറികടക്കാനും, യുദ്ധത്തിനെതിരെ പ്രതികരിക്കാനും റഷ്യന്‍ പൗരന്മാരെ അനുവദിക്കുന്നതിന് ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയർ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാമെന്ന് റഷ്യക്കാർക്ക് നിർദ്ദേശം നൽകുകയാണെന്ന് കൂട്ടായ അംഗങ്ങളിൽ ഒരാൾ ഐബിടിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.