ജിയോയുമായുള്ള പോരില്‍ പിടിച്ച് നിന്ന് എയര്‍ടെല്‍; വരുമാനം കൂടി, നേട്ടമായത് ഈ കാര്യം.!

ഒരു വർഷം മുമ്പുള്ളതിനേക്കാൾ എയര്‍ടെല്‍ ഉപയോക്താക്കളുടെ മൊബൈൽ ഡാറ്റ ഉപഭോഗം 16.6 ശതമാനം വർദ്ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

Airtel Reports 16.6 Percent YoY Increase in Mobile Data Consumption

മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെൽ തിങ്കളാഴ്ച പുറത്തുവിട്ട ത്രൈമാസ വരുമാനത്തിൽ 22.2 ശതമാനം വർദ്ധനവ്. 4ജി വരിക്കാരുടെ എണ്ണം കൂടിയതും, ഉയർന്ന ഡാറ്റ ഉപഭോഗവുമാണ് എയര്‍ടെല്ലിന് നേട്ടമായത്.

ടെലികോം വ്യവസായത്തിലെ ഒരു പ്രധാന പ്രകടന സൂചകമായ ഒരു ഉപയോക്താവിന്റെ ശരാശരി വരുമാനം (എആര്‍പിയു) ഈ പാദത്തിൽ എയര്‍ടെല്ലിന് 183 രൂപ ഉയർന്നു. ഒരു വർഷം മുമ്പ് ഇത് 146 രൂപയായിരുന്നു. ഇതേ കാലയളവിലെ എതിരാളികളായ റിലയൻസ് ജിയോയുടെയും വോഡഫോൺ ഐഡിയയുടെയും എആർപിയു യഥാക്രമം175.7 രൂപയും. 128 രൂപയുമാണ്.

കഴിഞ്ഞ വർഷം അവസാനം നടത്തിയ താരിഫ് വർദ്ധന എയര്‍ടെല്ലിന് വളരെ ഗുണകരമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.  കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം ജൂൺ 30ന് അവസാനിച്ച പാദത്തിൽ 32,805 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 26,854 കോടി ആയിരുന്നു എന്നാണ് എയര്‍ടെല്‍ റെഗുലേറ്റര്‍ ഫയലിംഗ് പറയുന്നത്.

ഒരു വർഷം മുമ്പുള്ളതിനേക്കാൾ എയര്‍ടെല്‍ ഉപയോക്താക്കളുടെ മൊബൈൽ ഡാറ്റ ഉപഭോഗം 16.6 ശതമാനം വർദ്ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഒരു മൊബൈൽ ഡാറ്റ ഉപഭോക്താവിന്‍റെ ഉപഭോഗം പ്രതിമാസം 19.5 ജിബിയാണ്. നവംബറിൽ, താരിഫ് വർദ്ധന പ്രഖ്യാപിച്ചപ്പോൾ, മൊബൈൽ എആര്‍പിയു കുറഞ്ഞത് 200 രൂപയ്ക്കും 300 രൂപയ്ക്കും ഇടയില്‍ ആക്കണമെന്നായിരുന്നു എയര്‍ടെല്‍ ആവശ്യം.

അതേ സമയം എയര്‍ടെല്‍  ഏകീകൃത അറ്റാദായവും ഉയർന്നിട്ടുണ്ട് . ജൂൺ 30ന് അവസാനിച്ച പാദത്തിൽ 1,607 കോടി രൂപയാണ് ഏകീകൃത അറ്റാദായം. ഒരു വർഷം മുമ്പ് ഇത് 284 കോടി മാത്രമായിരുന്നു. അടുത്ത തലമുറ 5ജി സേവനങ്ങൾ രാജ്യത്ത് സമാരംഭിക്കാൻ തയ്യാറെടുക്കുമ്പോൾ ഹോം ബ്രോഡ്‌ബാൻഡ്, ഡാറ്റാ സെന്ററുകൾ, ക്ലൗഡ് അഡോപ്ഷൻ എന്നിവ വികസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ക്കുള്ള ധന സമാഹരണത്തിന് പുതിയ കണക്കുകള്‍ എയര്‍ടെല്ലിന് ഗുണമാകും.

രാജ്യത്തെ 19 ബില്യൺ ഡോളറിന്റെ (ഏകദേശം 1.5 ലക്ഷം കോടി രൂപ) ലേലത്തിൽ എയർടെൽ കഴിഞ്ഞയാഴ്ച 5.4 ബില്യൺ ഡോളറിന്റെ (ഏകദേശം 43,000 കോടി രൂപ) 5 ജി സ്‌പെക്‌ട്രം സ്വന്തമാക്കിയിരുന്നു. 

സ്വാതന്ത്ര്യദിനത്തില്‍ 5ജി വരുമോ രാജ്യത്ത്; അഭ്യൂഹങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഇങ്ങനെ

5ജി സ്പെക്ട്രം ആർക്ക്? ലേലം അവസാനിച്ചു, ജിയോ മുന്നേറിയെന്ന റിപ്പോർട്ട്
 

Latest Videos
Follow Us:
Download App:
  • android
  • ios