2030 ല്‍ സ്മാര്‍ട്ട് ഫോണുകളുടെ കഥ കഴിയുമോ?; നോക്കിയ സിഇഒയുടെ വെളിപ്പെടുത്തലിന് പിന്നില്‍.!
2030 ഓടെ ലോകത്ത് സ്മാര്‍ട്ട് ഫോണിന്‍റെ പ്രധാന്യം ഇല്ലാതാകുമെന്നാണ് ഇദ്ദേഹം പറഞ്ഞത്.
ദവോസ്: നോക്കിയ സിഇഒ (Nokia CEO) പെക്ക ലാന്‍റ് മാര്‍ക്കിന്‍റെ വാക്കുകള്‍ ടെക് ലോകത്ത് വലിയ ചര്‍ച്ചയ്ക്കാണ് വഴിവച്ചത്. ദവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവെയാണ് 2030 ഓടെ ലോകത്ത് സ്മാര്‍ട്ട് ഫോണിന്‍റെ പ്രധാന്യം ഇല്ലാതാകുമെന്നാണ് ഇദ്ദേഹം പറഞ്ഞത്.
സ്മാര്‍ട്ട് ഫോണുകളുടെ ഭാവിയെന്ത് എന്ന ചോദ്യത്തിനാണ് ഇദ്ദേഹം ഉത്തരം നല്‍കിയത്. ‘2030ഓടെ ഇന്ന് നമുക്കറിയാവുന്ന സ്മാർട് ഫോൺ ഇനി സാധാരണമായ ഇന്റർഫേസായി നിലനില്‍ക്കില്ല, വരാനിരിക്കുന്ന ഉപകരണങ്ങളിൽ പലതും നമ്മുടെ ശരീരത്തിൽ നേരിട്ട് ചേര്‍ത്ത് വയ്ക്കാവുന്നതായിരിക്കും' നോക്കിയ സിഇഒ പെക്ക ലാന്‍റ്മാര്‍ക്ക് (Pekka Lundmark) പറഞ്ഞു. എന്നാൽ ഈ ഉപകരണം എങ്ങനെ എന്നത് സംബന്ധിച്ച വിശദീകരണമൊന്നും നോക്കിയ സിഇഒ വിശദമാക്കുന്നില്ല.
6ജി സംവിധാനം വരുന്നതോടെ സ്‌മാർട് ഫോണുകളുടെ പ്രാധാന്യം നഷ്ടപ്പെടും എന്ന ടെക് ലോകത്തെ ഇതിനകം വന്ന പഠനങ്ങള്‍ തന്നെയാണ് നോക്കിയ സിഇഒയും ഉദ്ധരിക്കുന്നത് എന്നാണ് ഇത് സംബന്ധിച്ച് ഉയര്‍ന്നുവരുന്ന പ്രധാന വാദം. അന്ന് സ്മാര്‍ട് ഫോണുകള്‍ സര്‍വസാധാരണയായി ഉപയോഗിക്കുന്ന ആശയവിനിമയ ഉപകരണം അല്ലാതായി മാറുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.
ഇപ്പോള്‍ തന്നെ വെയര്‍ബിള്‍ ഗാഡ്ജറ്റുകളുടെ പ്രധാന്യം ദിനം ദിനം കൂടി വരുന്ന കാഴ്ചയാണ് കാണുന്നത്. അതില്‍ തന്നെ ഓഗ്മെന്‍റ് റിയാലിറ്റി ഉപകരണങ്ങളില്‍ വലിയ നിക്ഷേപമാണ് ടെക് ഭീമന്മാര്‍ നടത്തുന്നത്. ഇതിന് അനുബന്ധമായി വലിയ തോതിലുള്ള ഒരു മാറ്റം ഗാഡ്ജറ്റ് രംഗത്ത് വന്നേക്കാം എന്നാണ് നോക്കിയ സിഇഒയുടെ പ്രസ്താവനയ്ക്ക് പിന്നാലെയുള്ള ചര്‍ച്ചകള്‍ വെളിവാക്കുന്നത്.
ഒരു കാലത്ത് സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ അതികായന്മാരായിരുന്നു നോക്കിയ. 2010 ന്‍റെ തുടക്കത്തില്‍ ഈ രംഗത്തെ കിരീടം വയ്ക്കാത്ത രാജക്കന്മാരായ നോക്കിയ എന്നാല്‍ അതിവേഗം ഈ സ്ഥാനത്ത് നിന്നും താഴോട്ട് പോയത് കാലത്തിന്‍റെ മാറ്റം മനസിലാക്കാത്തതിനാലാണെന്ന് അന്നുമുതല്‍ വിമര്‍ശനം ഉണ്ട്. അതില്‍ പ്രധാനം ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ രംഗം വാഴുന്ന ആന്‍ഡ്രോയ്ഡിലേക്ക് ഒരു മാറ്റം നടത്താതിരുന്ന നോക്കിയയുടെ അന്നത്തെ തീരുമാനമായിരുന്നു.
ഇത്തരത്തില്‍ സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് പിന്നിലായ നോക്കിയ പതുക്കെ പതുക്കെ ഈ രംഗത്ത് നിന്നും അപ്രത്യക്ഷമായി. ഇടക്കാലത്ത് മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഒഎസിനെ കൂട്ട് പിടിച്ചിട്ടും കരകയറാന്‍ സാധിച്ചില്ല. അത്തരത്തില്‍ സ്മാര്‍ട്ട്ഫോണ്‍ ബിസിനസ് തന്നെ കൈയ്യൊഴിഞ്ഞ നോക്കിയയുടെ ഇപ്പോഴത്തെ തലവന്‍ ഇത്തരം ഒരു പ്രവചനം നടത്തുമ്പോള്‍ അതില്‍ കാര്യമുണ്ടാകുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.
6ജിയുടെ കാര്യം എന്തായി?
6G സാങ്കേതികവിദ്യ ലോകത്തിന് യാഥാർത്ഥ്യമാക്കാൻ വിവിധ രാജ്യങ്ങളില്‍ ഇതിനകം ഗവേഷണം ആരംഭിച്ചിട്ടുണ്ട്. ഹുവായ്, നോക്കിയ, സാംസങ് തുടങ്ങിയ പ്രധാന കമ്പനികൾ 6G ഗവേഷണവും സാങ്കേതിക വികസനത്തിലുമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, ഫിൻലാന്റിലെ ഔലു സർവകലാശാല, ദക്ഷിണ കൊറിയയിലെ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ചൈനയിലെ വ്യവസായ, വിവര സാങ്കേതിക മന്ത്രാലയം, ജപ്പാനിലെ ഒസാക്ക സർവകലാശാല, ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് സർവകലാശാല എന്നിവിടങ്ങളിൽ 6ജി ഗവേഷണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
നമുക്ക് 6G സാങ്കേതികവിദ്യ ആവശ്യമുണ്ടോ?
6ജി വികസിപ്പിക്കുന്നതിന്, ധാരാളം നൂതന മൊബൈൽ ആശയവിനിമയ സാങ്കേതികവിദ്യകൾ ആവശ്യമാണ്. എന്നിരുന്നാലും, ഇത് തീർച്ചയായും 5ജി സാങ്കേതികവിദ്യയേക്കാൾ വേഗതയുള്ളതായിരിക്കും. ഇമേജിംഗ്, എഐ, ലൊക്കേഷൻ കൃത്യത എന്നീ മേഖലകളിൽ മെച്ചപ്പെടുത്താന്‍ പുതിയ സാങ്കേതിക വിദ്യ ഉപകാരപ്പെടും. മറ്റ് ചില നേട്ടങ്ങളിൽ എഐ കഴിവുകളിലേക്കുള്ള മെച്ചപ്പെട്ട സാന്നിധ്യം 6ജി നല്‍കും.
6G എത്ര സ്പീഡ് നൽകും?
6G നെറ്റ്‌വർക്കിന്റെ വേഗതയെക്കുറിച്ച് പറയുകയാണെങ്കിൽ, 5G യുടെ വേഗതയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം. 5G നെറ്റ്‌വർക്ക് പീക്ക് ഡാറ്റ ഡൗൺലോഡ് വേഗത സെക്കൻഡിൽ 20 ജിഗാബിറ്റ്‌സ് (ജിബിപിഎസ്) നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 6ജി നെറ്റ്‌വർക്ക് 5ജിയേക്കാൾ 50 മടങ്ങ് വേഗതയുള്ളതാണെന്ന് പറയപ്പെടുന്നു. ഒരു സെക്കൻഡിൽ ഒരാൾക്ക് 1 ടെറാബൈറ്റ് അല്ലെങ്കിൽ ഡാറ്റ ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്ന് പറയാം.
ടെസ്റ്റ് ഡ്രൈവ് നിങ്ങളുടെ അവകാശം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
നോക്കിയ ജി21 ഇന്ത്യയിലെത്തി; കിടിലന്‍ വിലയും, പ്രത്യേകതകളും ഇങ്ങനെ