Web Specials
പ്രശസ്തമായ ട്രാവൽ ബ്ലോഗാണ് 'എയർപ്ലെയിൻ ടിപ്സ്'. അതിൽ നിന്നുള്ള വിദഗ്ദ്ധാഭിപ്രായത്തിൽ യാത്ര ചെയ്യുമ്പോൾ നിങ്ങൾ ചുവപ്പ് വസ്ത്രം ധരിക്കുന്നതാണ് കൂടുതൽ നല്ലതത്രെ. എന്തുകൊണ്ടാണിത്?
പ്രത്യേകിച്ച് വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ചുവപ്പ് വസ്ത്രം ധരിക്കുന്നതാണത്രെ നല്ലത്. കാരണമായി പറയുന്നത് മറ്റേത് നിറത്തേക്കാളും ആകർഷകമായ നിറമാണ് ചുവപ്പ് എന്നതാണ്.
കൂടുതൽ എടുത്തു കാണിക്കുന്ന നിറമാണ് ചുവപ്പ്. ഇക്കാരണത്താൽ, വിമാനത്തിലെ ജീവനക്കാരുടെ ശ്രദ്ധ നേരെ പോകുന്നത് ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നവരിലേക്കാണത്രെ.
ചുവപ്പിന്‍റെ പ്രാധാന്യത്തെ കുറിച്ച് ചില ഗവേഷണങ്ങളും പറയുന്നു. അമേരിക്കയിലെയും മ്യൂണിക്കിലെയും വിദഗ്ധരുൾപ്പെട്ട ജർമ്മനിയിലെ പോസ്‌ഡാം സർവകലാശാലയിലെ ഗവേഷണമാണ് അതിലൊന്ന്.
ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾക്ക് വളരെയേറെ ആകർഷകത ഉള്ളതായി കണക്കാക്കുന്നതായി ഗവേഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ടത്രെ.
ഡർഹാം സർവ്വകലാശാലയിൽ നടത്തിയ മറ്റൊരു ഗവേഷണം പറയുന്നത്, ചുവപ്പ് നിറം ധരിക്കുന്നവർ മത്സരങ്ങളിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു എന്നാണ്.
2004 -ലെ ഏഥൻസ് ഒളിമ്പിക്‌സിൽ, ബോക്‌സിംഗ്, തായ്‌ക്വോണ്ടോ, ഗ്രീക്കോ-റോമൻ ഗുസ്തി, ഫ്രീസ്റ്റൈൽ ഗുസ്തി എന്നീ മത്സരങ്ങളിൽ ചുവപ്പ് ധരിച്ച മത്സരാർത്ഥികൾ കൂടുതൽ വിജയിച്ചുവെന്നും പറയുന്നു.
കൂടുതൽ ശ്രദ്ധിക്കപ്പെടണമെന്നും സ്റ്റൈലായിരിക്കണമെന്നും ഒക്കെ ആഗ്രഹിക്കുന്നവർക്ക് അതിനാൽ തന്നെ തെരഞ്ഞെടുക്കാവുന്ന നിറമാണ് ചുവപ്പ് എന്നാണ് പറയുന്നത്.