ടി-സീരീസ് എന്ന വന്‍മരം വീണു; യൂട്യൂബില്‍ പുതിയ റെക്കോര്‍ഡിട്ട് വിചിത്ര വീഡിയോകളുടെ രാജാവ് ജിമ്മി ഡൊണാൾഡ്‌സൺ

വിചിത്രവും പേടിപ്പെടുത്തുന്നതുമായ ഉള്ളടക്കങ്ങളിലൂടെയാണ് ജിമ്മി ഡൊണാൾഡ്​സൺ എന്ന മിസ്റ്റർ ബീസ്റ്റ് സബ്സ്ക്രൈബേഴ്സിനെ കൂട്ടിയത്

MrBeast overtakes Indian musical label T-Series for most YouTube subscribers

ടി-സീരീസിന്‍റെ റെക്കോർഡ് മറികടന്ന് അമേരിക്കക്കാരനായ ജിമ്മി ഡൊണാൾഡ്‌സൺ. ലോകത്ത് ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലെന്ന റെക്കോർഡ് ഇതുവരെ ഇന്ത്യൻ മ്യൂസിക് കമ്പനിയായ ടി-സീരീസിനായിരുന്നു. ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള സിനിമ-ആൽബം ​ഗാനങ്ങളാണ് ടി-സീരീസിന്റെ ഉള്ളടക്കമായി വരുന്നത്.  

266 ദശലക്ഷം (26.6 കോടി) പേരാണ് ടി-സീരീസ് നിലവിൽ സബ്‌സ്‌ക്രൈബ് ചെയ്‌തിരിക്കുന്നത്. ഈ റെക്കോർഡാണ് ജിമ്മി മറികടന്നിരിക്കുന്നത്. യൂട്യൂബ് ലോകത്തെ ഏറ്റവും വലിയ സെലിബ്രിറ്റിയായ ജിമ്മിയുടെ മിസ്റ്റർ ബീസ്റ്റ് (MrBeast) എന്ന ചാനൽ പുതിയ റെക്കോർഡിട്ട വിവരം അദേഹം തന്നെയാണ് എക്സിലൂടെ ഷെയർ ചെയ്തത്. പുതിയ സബ്സ്ക്രിപ്ഷൻ കണക്കുകൾ കാണിക്കുന്ന ചിത്രം പങ്കുവെച്ചാണ് അദേഹം ഈ വിവരം കുറിച്ചിരിക്കുന്നത്. സ്വീഡിഷ് യൂട്യൂബർ ‘പ്യൂഡിപൈ’-ക്ക് വേണ്ടി താൻ പ്രതികാരം ചെയ്തുവെന്നും അ​ദേഹം പോസ്റ്റിൽ പറയുന്നുണ്ട്. നിലവിൽ 268 ദശലക്ഷം പേരാണ് യൂട്യൂബിൽ ബീസ്റ്റിനെ ഫോളോ ചെയ്യുന്നത്.

വിചിത്രവും പേടിപ്പെടുത്തുന്നതുമായ ഉള്ളടക്കങ്ങളിലൂടെയാണ് ജിമ്മി ഡൊണാൾഡ്​സൺ എന്ന മിസ്റ്റർ ബീസ്റ്റ് സബ്സ്ക്രൈബേഴ്സിനെ കൂട്ടിയത്. തന്നെ ജീവനോടെ കുഴിച്ചുമൂടിയ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചയാളാണ് ഇയാൾ. 50 മണിക്കൂർ നേരം ചില്ലുകൊണ്ടുള്ള ശവപ്പെട്ടിയിൽ കിടന്ന ജിമ്മിയുടെ വീഡിയോ കണ്ടത് കോടിക്കണക്കിനാളുകളാണ്. 26-കാരനായ ജിമ്മി ശവപ്പെട്ടിക്കുള്ളിൽ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ചായിരുന്നു​ അകത്തെ രംഗങ്ങൾ ഷൂട്ട് ചെയ്തത്. പുറത്ത്​ രണ്ട്​ സുഹൃത്തുക്കൾ അവനുമായി നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. രണ്ട്​ ദിവസത്തിലധികം നീണ്ടുനിന്ന സാഹസത്തിന്‍റെ 12 മിനിറ്റുകൾ മാത്രമാണ്​ ഷെയർ ചെയ്തത്. 

പ്യൂഡിപൈ- ടി-സീരീസ് യുദ്ധമെന്താണെന്ന് അറിയാത്ത നിരവധി പേരുണ്ട്. യൂട്യൂബ് സെൻസേഷൻ ഫെലിക്സ് കെൽബെർഗാണ് പ്യൂഡിപൈ എന്ന പേരിൽ ചാനൽ നടത്തുന്നത്. ഒരു കാലത്ത് യൂട്യൂബിലെ പ്യൂഡിപൈ- ടി-സീരീസ് യുദ്ധം നിരവധി ചർച്ചകൾക്ക് കാരണമായതാണ്. ഏറ്റവും കൂടുതൽ സബ്സ്ക്രൈബർമാരുള്ള ചാനലായിരുന്ന പ്യൂഡിപൈയെ വർഷങ്ങൾക്ക് മുമ്പ് ടി-സീരീസ് മറികടന്നു. അതോടെ ഫെലിക്സിന്‍റെ ആരാധകർ അദേഹത്തിന് വേണ്ടി സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടത്തിത്തുടങ്ങി. ഇവർ ടി-സീരീസിനെതിരെ തിരിഞ്ഞുവെന്ന് എടുത്തുപറയേണ്ടല്ലോ. പക്ഷേ അതിനൊന്നും ടി-സീരീസിനെ തളർത്താനായില്ല. എന്നാൽ ഇപ്പോൾ ടി-സീരീസിനെ ആദ്യമായി മറികടന്നിരിക്കുക എന്ന റെക്കോർഡ് കൂടി സാക്ഷാൽ മിസ്റ്റർ ബീസ്റ്റ് നേടിയിരിക്കുകയാണ്.

Read more: ഐടി മേഖലയില്‍ 'നിശബ്ദ പിരിച്ചുവിടല്‍' കൂടുന്നു; മുന്നില്‍ ഈ കമ്പനികള്‍, പണി പോയി ആയിരങ്ങള്‍- റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios