'വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിക്കണം'; സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളെ സമീപിച്ച് കേന്ദ്രം

വീഡിയോകളുടെ മുകളിലായി ന്യൂസ് നോട്ട് വെരിഫൈഡ് എന്ന് രേഖപ്പെടുത്തണമെന്നും കേന്ദ്ര സർക്കാർ നിർദേശം. 

IT Ministry says to social media platforms To Add Unverified Disclaimer To Fake News joy

ദില്ലി: വ്യാജവാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളെ കേന്ദ്രസര്‍ക്കാര്‍ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍. യൂട്യൂബ്, എക്‌സ്, മെറ്റ, ഷെയര്‍ ചാറ്റ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെയാണ് കേന്ദ്രസര്‍ക്കാര്‍ സമീപിച്ചത്. വ്യാജവാര്‍ത്തകള്‍ തടയാന്‍ നയരൂപികരണം നടത്തണമെന്നും വീഡിയോകളുടെ മുകളിലായി ന്യൂസ് നോട്ട് വെരിഫൈഡ് എന്ന് രേഖപ്പെടുത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. 

വ്യാജ വാര്‍ത്തകളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും ഇല്ലാതാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് സ്ഥാപനങ്ങള്‍ക്ക് അയച്ച നോട്ടീസില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഉപഭോക്താക്കളുടെയും കുട്ടികളുടെയും സൈബര്‍ സുരക്ഷ ശക്തിപ്പെടുത്താനും എന്തെല്ലാം സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്നും ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 22ന് മുന്‍പ് വിവരങ്ങള്‍ നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദേശം. 

പോണോഗ്രഫി, കുട്ടികളോടുള്ള ലൈംഗികാതിക്രമം എന്നിവ ഉള്‍പ്പെടെയുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് എക്സ്, യൂട്യൂബ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കി വരുന്ന നിയമപരിരക്ഷ പിന്‍വലിക്കുമെന്ന മുന്നറിയിപ്പും കേന്ദ്രം നല്‍കി. നിലവില്‍ പോണോഗ്രഫിക് ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച സമൂഹമാധ്യമങ്ങളുടെ പ്രതികരണത്തില്‍ മന്ത്രാലയത്തിന് തൃപ്തയില്ലെന്ന് സൂചനയുണ്ടെന്നും കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് നേരത്തെ ഐടി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീരിയല്‍ (CSAM) അടിയന്തിരമായി നീക്കം ചെയ്യണമെന്ന് എക്‌സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവയ്ക്കാണ് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം നോട്ടീസ് നല്‍കിയിട്ടുള്ളത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന തരത്തിലുള്ള ഉള്ളടക്കം ഈ പ്ലാറ്റ്‌ഫോമുകളിലുണ്ടെങ്കില്‍ അവ നീക്കം ചെയ്യണമെന്നും അവയിലേക്കുള്ള പ്രവേശനം അടിയന്തിരമായി പ്രവര്‍ത്തനരഹിതമാക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാവിയില്‍ ഇവ വീണ്ടും പ്രത്യക്ഷപ്പെടുന്നത് തടയുന്നതിനുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും അത് സംബന്ധിച്ച വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നോട്ടീസ് ഓര്‍മ്മപ്പെടുത്തുന്നു. പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നത് 2021ലെ ഐടി നിയമങ്ങളുടെ റൂള്‍ 3(1)(ബി), റൂള്‍ 4(4) എന്നിവയുടെ ലംഘനമായി കണക്കാക്കും. നോട്ടീസുകള്‍ പാലിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ഐടി നിയമത്തിലെ വകുപ്പ് 79 പ്രകാരം നിലവില്‍ ഇന്റര്‍നെറ്റ് ഇടനില പ്ലാറ്റുഫോമുകള്‍ക്ക് ലഭിച്ചു വരുന്ന പരിരക്ഷ (സേഫ് ഹാര്‍ബര്‍ പ്രൊട്ടക്ഷന്‍) മാറ്റുമെന്നും മന്ത്രാലയം മൂന്ന് സോഷ്യല്‍ മീഡിയ ഇടനിലക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആശുപത്രിയിലെ ഇസ്രയേല്‍ ബോംബാക്രമണം അന്താരാഷ്‌ട്രധാരണകളുടെ ലംഘനം,ശക്തമായ പ്രതിഷേധമെന്ന് സിപിഎം
 

Latest Videos
Follow Us:
Download App:
  • android
  • ios