മാറ്റ് ഡാമണും, ടോം ഹോളണ്ടും പിന്നെ...; നോളൻ ജീനിയസ് ഇനി ഹൊററിൽ?
നോളൻ സിനിമകളുടെ ഴോണറുകൾ പ്രവചിക്കുക ഏറെക്കുറെ അസാധ്യമാണെന്നത് ചർച്ചകളെ ചൂടുപിടിപ്പിക്കുന്നുണ്ട്.
നോളൻ സിനിമകൾക്കായി കാത്തിരിക്കാത്ത സിനിമാ പ്രേമികൾ ഉണ്ടാവില്ല. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത് അവസാനം തിയേറ്ററുകളിലെത്തിയ 'ഓപ്പൺഹൈമർ' ഇന്ത്യയിലുൾപ്പെടെ നേടിയ വിജയമാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. സംവിധാന മികവുകൊണ്ടും കഥപറച്ചിൽ രീതികൊണ്ടും ലോക സിനിമാ പ്രേമികളെ ഞെട്ടിക്കുന്ന സംവിധായകൻ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു. മാറ്റ് ഡാമൺ നോളന്റെ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ഡാമണൊപ്പം സ്പൈഡർമാൻ ഫെയിം ടോം ഹോളണ്ടും പ്രധാന വേഷത്തിലുണ്ടെന്നാണ് വിവരം. ടോം ഹോളണ്ടും നോളനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാകും ഇത്.
സിനിമയുടെ പ്രമേയം എന്താകുമെന്ന തരത്തിൽ സജീവ ചർച്ചയാണ് ഇന്റര്‍നെറ്റ് ലോകത്ത് നടക്കുന്നത്. നോളൻ സിനിമകളുടെ ഴോണറുകൾ പ്രവചിക്കുക ഏറെക്കുറെ അസാധ്യമാണെന്നത് ചർച്ചകളെ ചൂടുപിടിപ്പിക്കുന്നുണ്ട്. ഒരു പിരീയിഡ് ഡ്രാമയാണ് ചിത്രം എന്നാണ് ചില ഹോളിവുഡ് മാധ്യമങ്ങൾ നൽകുന്ന സൂചന. ഹൊറർ സിനിമ ചെയ്യാനുള്ള ആഗ്രഹം നോളൻ നേരത്തെ അറിയിച്ചിരുന്നതാണ്. അസാധാരണമായ ഒരാശയം ലഭിക്കുന്ന പക്ഷം താൻ ഹൊറർ ഴോണറിൽ സിനിമയൊരുക്കുമെന്നാണ് നോളൻ മുമ്പ് പറഞ്ഞത്. ഇതിനെ പിൻപറ്റി 1920കളിൽ നടക്കുന്ന ഒരു വാമ്പയർ സ്റ്റോറിയാകും ചിത്രത്തിന്റേത് എന്നാണ് ഒരുകോണിൽ നിന്നുള്ള റിപ്പോർട്ടുകൾ.
ഒരു സ്പൈ മൂവിയാകുമെന്നാണ് വെറൈറ്റിയുടെ റിപ്പോർട്ട്. അച്ഛനും മകനും തമ്മിലുള്ള കഥയാകും ചിത്രത്തിന്റെതെന്ന് റിപ്പോർട്ട് ചെയ്‍ത ഹോളിവുഡ് റിപ്പോർട്ടർ പിന്നീടിത് പിൻവലിച്ചു. 1983ലെ ബ്ലൂ തണ്ടർ എന്ന ചിത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാകും നോളൻ പുതിയ സിനിമയൊരുക്കുകയെന്നാണ് റെഡ്ഡിറ്റിൽ നടക്കുന്ന ഒരു പ്രധാന ചർച്ച.
മനുഷ്യാവസ്ഥയെ പിൻപറ്റിയുള്ള കഥയും സങ്കീർണ്ണമായ ആഖ്യാനങ്ങളുംകൊണ്ട് കഥയുമായി ഇടപഴകാൻ പ്രേക്ഷകരെ വെല്ലുവിളിക്കുന്നതാണ് നോളൻ ചിത്രങ്ങളുടെ രീതി. റിലീസിന് പിന്നാലെ വലിയ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിവെക്കുന്ന വ്യാഖ്യാനശൈലി. സമയവും കാഴ്‍ചക്കാരന്റെ അനുഭവവും കൈകാര്യം ചെയ്യുന്ന വിധത്തിൽ വലിയ പരീക്ഷണങ്ങളാണ് നോളൻ എക്കാലത്തും നടത്തിയത്. സീനുകളെ വൈകാരികമായി പ്രേക്ഷകരിലേക്കടുപ്പിക്കുന്ന ഐക്കോണിക് സ്കോറുകൾ. സമയം, ഓർമ്മ, വ്യക്തിത്വം, മനുഷ്യ ധാർമ്മികത തുടങ്ങിയ വിഷയങ്ങൾ നോളന്റെ സിനിമകൾ മികവോടെ കൈകാര്യം ചെയ്യുന്നു. സയൻസ് ഫിക്ഷനും ക്രൈമും വാറും മുതൽ സൂപ്പർ ഹീറോ സിനിമകൾ വരെയൊരുക്കുന്ന സംവിധായകൻ ഇനിയെന്ത് വിസ്‍മയമാകും കാത്തുവച്ചിരിക്കുക എന്നതിലാണ് ആകാംക്ഷ.
സോഷ്യൽ മീഡിയയിൽ ചർച്ചകൾ തീപടർത്തുമ്പോഴും യാതൊരുവിധ സ്ഥിരീകരണവും ക്രിസ്റ്റഫർ നോളൻ ചിത്രത്തെക്കുറിച്ച് നടത്തിയിട്ടില്ല. മാറ്റ് ഡാമൺ അഭിനയിക്കാൻ ഒരുങ്ങുന്നുവെന്നും ഐമാക്‌സിൽ ഉൾപ്പെടെ യൂണിവേഴ്‌സൽ സിനിമാസ് ചിത്രത്തെ എത്തിക്കുന്നുവെന്നതുമാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങൾ. 2020ന്റെ അവസാനത്തിലാണ് വാർണർ ബ്രദേഴ്‍സുമായുള്ള ദീർഘകാലത്തെ സഹകരണം അവസാനിപ്പിച്ച് ഓപ്പൺഹൈമറിലൂടെ നോളൻ യൂണിവേഴ്‍സലിന് കൈകൊടുത്തത്. സിൻകോപ്പി ബാനറിനു വേണ്ടി പ്രൊഡക്ഷൻ പാര്‍ട്‍ണറും ഭാര്യയുമായ എമ്മ തോമസിനൊപ്പം ക്രിസ്റ്റഫർ നോളൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. 2025ന്റെ തുടക്കത്തിൽ ചിത്രീകരണം ആരംഭിച്ച് 2026 ജൂലൈ 17ന് തിയേറുകളിൽ എത്തിക്കാനാണ് പദ്ധതി.