Agriculture
വീടിനകത്ത് ചെടി വളർത്താത്തവർ ഇന്ന് ചുരുക്കമാണ്. എന്നാൽ, ആ ചെടികൾ വാടിപ്പോകുന്നത് പലർക്കും തലവേദനയും സങ്കടവുമാണ്. ഇൻഡോർ പ്ലാന്റുകൾ വാടിപ്പോകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
വെള്ളമാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം. അമിതമായി വെള്ളം നനച്ചാൽ വേര് ചീഞ്ഞ് പോവുകയും ചെടി ഉണങ്ങിപ്പോവാൻ കാരണമായിത്തീരുകയും ചെയ്യും.
വെള്ളം തീരെ നൽകാതെയിരുന്നാലും ചെടി വാടിപ്പോകാനോ നശിച്ചു പോകാനോ കാരണമാകാം. മണ്ണ് നല്ലപോലെ വരണ്ടു എന്ന് തോന്നിയാൽ നനച്ചു കൊടുക്കാൻ വിട്ടുപോകരുത്.
ചെടി നടാനുള്ള പാത്രം തിരഞ്ഞെടുക്കുമ്പോൾ അതിന് നീർവാർച്ചയുണ്ട് എന്ന് ഉറപ്പ് വരുത്താം. അതുപോലെ ട്രേയിലാണ് ചട്ടി വച്ചിരിക്കുന്നതെങ്കിൽ അതിൽ നിന്നും വെള്ളം ഒഴുക്കിക്കളയാം.
ചെടികൾക്ക് ആവശ്യമായ സൂര്യപ്രകാശം കിട്ടുന്നുണ്ട് എന്നും ഉറപ്പ് വരുത്താം. ചില ചെടികൾക്ക് നല്ല സൂര്യപ്രകാശം വേണമെങ്കിൽ ചിലതിന് അത്ര വേണ്ട. പരിശോധിച്ച് ചെടികളുടെ സ്ഥാനം ക്രമീകരിക്കാം.
ഇലകൾക്ക് മഞ്ഞനിറമാവുകയോ, ചെടി വല്ലാതെ ശോഷിച്ച് പോവുകയോ ചെയ്യുന്നുണ്ടെങ്കിൽ വളപ്രയോഗം നടത്തുന്നതും നല്ലതാണ്.
ചെടികൾക്ക് കൂടുതൽ വേരുകൾ വരുമ്പോൾ പാത്രം മാറ്റി കുറച്ച് കൂടി വലിപ്പമുള്ള പാത്രമാക്കുന്നതും അതുപോലെ വർഷത്തിൽ മണ്ണ് മാറ്റിക്കൊടുക്കുന്നതും നല്ലപോലെ ചെടി വളരാൻ സഹായിക്കും.