Agriculture
റോസാച്ചെടി വച്ചു. എന്നിട്ടും പൂവില്ല. ചിലർക്കൊക്കെ ഉണ്ടാകാറുള്ള പരാതിയാണിത്. എന്നാൽ, കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചെടിയിൽ നിറയെ പൂവാകും.
റോസാച്ചെടി നടാൻ മണ്ണും മണലും ചാണകപ്പൊടിയും ചകിരിച്ചോറും എല്ലുപൊടിയും കൂട്ടിക്കലർത്തിയ മിശ്രിതം ഉപയോഗിക്കാം. ചെടിച്ചട്ടിയുടെ മുക്കാൽ ഭാഗത്തോളം ഈ മിശ്രിതം നിറക്കണം.
പനിനീർച്ചെടി പിടിച്ചു കിട്ടുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാവാറുണ്ട് ചിലപ്പോൾ. അതുകൊണ്ട്, വളർച്ചാഹോർമോണിൽ കമ്പുമുക്കി നടുന്നത് നല്ലതാണ്.
ചെടി വളർന്ന് ആവശ്യത്തിന് ഇലകളൊക്കെ വരുംവരെ തണലത്ത് വച്ച്, നല്ലപോലെ ഇല വന്നതിന് ശേഷം വെയിലത്ത് വയ്ക്കുന്നതും നല്ലതാണ്.
തേയിലച്ചണ്ടി, മുട്ടത്തോട്, ഉള്ളിത്തൊലി, മീൻ കഴുകിയ വെള്ളം, ഇറച്ചി കഴുകിയ വെള്ളം, അക്വേറിയത്തിലെ വെള്ളം എന്നിവയെല്ലാം പനിനീർച്ചെടി വളരാനും പൂക്കാനും സഹായിക്കുന്നവയാണ്.
തേയിലച്ചണ്ടി, മുട്ടത്തോട്, പഴത്തൊലി എന്നിവ വെള്ളം ചേർത്തരച്ച് തയ്യാറാക്കുന്ന ജൈവമിശ്രിതം ഒഴിച്ചുകൊടുക്കാം. ധാരാളം പൂക്കളുണ്ടാക്കാൻ സഹായിക്കും.
വേരുചീയൽ ഇല്ലാതിരിക്കാൻ ചെടിയുടെ അടിഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം.
കുമിൾ രോഗങ്ങളുടെ ശമനത്തിന് രണ്ട് ടീസ്പൂൺ വിനാഗിരി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി റോസാ ചെടിയിൽ തളിച്ചുകൊടുക്കാം.