വിദ്വേഷപ്രസംഗത്തെ നിർവചിക്കാൻ കപിൽ മിശ്രയുടെ പ്രസംഗം ഉദ്ധരിച്ച് സുക്കർ ബർഗ്

ട്രംപിന്റെ 'കലാപകാരികളെ വെടിവെക്കും' എന്ന പരാമർശത്തെപ്പറ്റിയുള്ള ഫേസ്‌ബുക്ക് നയം വിശദീകരിക്കുന്നതിനിടെയായിരുന്നു ഈ നിരീക്ഷണം.  

Zuckerberg quotes the example of Kapil Mishras pre Delhi riot speech as example for hate speech

 ദില്ലി കലാപത്തിന് തൊട്ടു മുമ്പായി കപിൽ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗം, കലാപത്തിനുള്ള ആഹ്വാനം എന്ന നിലയിൽ കോടതി കയറിയ ഒന്നാണ്. ആ കേസിൽ ഇപ്പോഴും വിചാരണ നടക്കുന്നതേയുള്ളൂ എന്നതിനാൽ കേസിന്റെ സാംഗത്യം ഇപ്പോഴും വിവാദാസ്പദമാണ്.  എന്നാൽ, മറ്റൊരിടത്ത് അതിനിടെ ഈ പ്രസംഗം ഒരു ഉദാഹരണം എന്ന നിലയിൽ ഉദ്ധരിക്കപ്പെട്ട.  ജൂൺ രണ്ടാം തീയതി, 25,000 പരം വരുന്ന ഫേസ്‌ബുക്ക് ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ഒരു വീഡിയോ കോൺഫറൻസിൽ ഫേസ്‌ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് ആണ് പേര് പറയാതെ തന്നെ കപിൽ മിശ്രയുടെ പ്രസംഗത്തെപ്പറ്റി സൂചിപ്പിച്ചത്.

ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കൻ തെരുവുകളിൽ നടക്കുന്ന കലാപങ്ങളെപ്പറ്റി പ്രസിഡന്റ് ട്രംപ് നടത്തിയ വെടിവെപ്പ് പരാമർശം അമേരിക്കൻ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ വിമർശിക്കപ്പെട്ടിരുന്നു. പ്രസിഡന്റ് ട്രംപിന്റെ 'കലാപകാരികളെ വെടിവെക്കും' എന്ന പരാമർശം അക്രമത്തിനുള്ള പ്രേരണയായി കണ്ടുകൊണ്ട് ഫേസ്‌ബുക്കിൽ നിന്ന് നീക്കം ചെയ്യണം എന്ന ഒരു അഭിപ്രായം വ്യാപകമായി പ്രചരിച്ചിരുന്നു. അതിനെപ്പറ്റിയുള്ള  ഫേസ്‌ബുക്കിന്റെ നിലപാട് വിശദീകരിച്ചുകൊണ്ടുള്ള തന്റെ പ്രസംഗത്തിനിടെ 'കലാപത്തിനുള്ള ആഹ്വാനം' എന്ന സങ്കൽപം വിശദീകരിക്കാൻ സുക്കർബർഗ് പറഞ്ഞ വാക്കുകൾ ഇങ്ങനെ, "അക്രമത്തിന് പ്രത്യക്ഷത്തിൽ ആഹ്വാനം നൽകുന്ന പല പ്രസ്താവനകളും ഫേസ്‌ബുക്ക് ഉടനടി നീക്കം ചെയ്തിട്ടുണ്ട്. ഉദാ. ഇന്ത്യയിൽ ഒരാൾ, "പൊലീസ് സമരക്കാരെ നീക്കം ചെയ്തില്ലെങ്കിൽ, ഞങ്ങളുടെ അണികൾ ഇറങ്ങി അവരെ തെരുവുകളിൽ നിന്ന് ഓടിക്കും..."  എന്ന് പ്രസംഗിച്ചിരുന്നു. അത് സ്വന്തം പാർട്ടിയുടെ പ്രവർത്തകരെ പ്രത്യക്ഷത്തിൽ തന്നെ അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ്. അത് നീക്കം ചെയ്തതു വഴി ഒരു കീഴ്വഴക്കം സൃഷ്ടിക്കാൻ ഫേസ്‌ബുക്ക് ശ്രമിച്ചിട്ടുണ്ട്" 

പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ പല തവണ ജനങ്ങളെ അഭിസംബോധന ചെയ്ത മിശ്ര തെരുവുകൾ കാലിയാക്കാൻ പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം ചെയ്തുകൊണ്ട് തെരുവുകളിൽ തുടരുന്ന പ്രതിഷേധക്കാർക്ക് ഒഴിഞ്ഞു പോകാൻ മൂന്നു ദിവസത്തെ സമയം അനുവദിച്ചു നൽകിയിരുന്നു. പ്രസിഡന്റ് ട്രംപ് ഇന്ത്യയിൽ ഉള്ളിടത്തോളം തങ്ങൾ അടങ്ങിയിരിക്കും എന്നും അതിനു ശേഷവും പ്രതിഷേധക്കാർ റോഡിൽ നിന്ന് മാറിയില്ലെങ്കിൽ, പിന്നെ തങ്ങൾ ദില്ലി പൊലീസ് പറഞ്ഞാൽ പോലും കേട്ടെന്നിരിക്കില്ല എന്നായിരുന്നു കപിൽ മിശ്രയുടെ പ്രകോപനപരമായ പരാമർശം. ആ പരാമർശം അന്ന് വിദ്വേഷപ്രസംഗം എന്ന് മുദ്രകുത്തി ട്വിറ്ററും നീക്കം ചെയ്യുകയുണ്ടായി. 

 

Latest Videos
Follow Us:
Download App:
  • android
  • ios