'ഇത്തരത്തില്‍ ഒരു വാക്ക് മിണ്ടിയാല്‍ ബാന്‍'; അത്തരക്കാര്‍ക്ക് കുരുക്ക് മുറുക്കി യൂട്യൂബ്
തങ്ങളുടെ തീരുമാനം വിപുലീകരിക്കുകയാണ് യൂട്യൂബ്. പുതിയ തീരുമാനപ്രകാരം കൊവിഡ് 19നെതിരായ വാക്സിന്‍ അടക്കം ഏത് വാക്സിനെതിരെ നടക്കുന്ന പ്രചാരണത്തിനും അരങ്ങ് നല്‍കേണ്ട എന്ന തീരുമാനത്തിലാണ് യൂട്യൂബ്.
ന്യൂയോര്‍ക്ക്: കൊവിഡ് വാക്സിനെതിരായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടികളാണ് ഗൂഗിളിന്‍റെ (Google) കീഴിലുള്ള യൂട്യൂബ് (Youtube) എടുത്തത്. ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോം എന്ന നിലയില്‍ കൊവിഡ് വാക്സിനെതിരായ (anti-vaccine) പ്രചാരണങ്ങളെ നേരിടാന്‍ ആദ്യം മുതല്‍ തന്നെ സംവിധാനം ഒരുക്കിയെന്നാണ് യൂട്യൂബ് അവകാശപ്പെടുന്നത്.
ഇപ്പോള്‍ ഇതാ തങ്ങളുടെ തീരുമാനം വിപുലീകരിക്കുകയാണ് യൂട്യൂബ്. പുതിയ തീരുമാനപ്രകാരം കൊവിഡ് 19നെതിരായ വാക്സിന്‍ അടക്കം ഏത് വാക്സിനെതിരെ നടക്കുന്ന പ്രചാരണത്തിനും അരങ്ങ് നല്‍കേണ്ട എന്ന തീരുമാനത്തിലാണ് യൂട്യൂബ്. ആന്‍റി വാക്സിന്‍ പ്രചാരകരായ പ്രമുഖ ഇന്‍ഫ്ലൂവന്‍സര്‍മാരുടെ അക്കൌണ്ട് പൂട്ടിച്ചാണ് പുതിയ ദൌത്യം യൂട്യൂബ് ആരംഭിച്ചത് തന്നെ.
ഇതില്‍ ജോസഫ് മെര്‍ക്കോള, റൊബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ എന്നീ ആന്‍റി വാക്സിന്‍ രംഗത്തെ പ്രമുഖരുടെ അക്കൌണ്ടുകള്‍ക്ക് ഇതിനകം യൂട്യൂബ് ചില വീഡിയോകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞുവെന്നാണ് സിഎന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊവിഡ് 19ന് എതിരായ വാക്സിനെതിരെ ശക്തമായ പ്രചാരണം നടക്കുന്ന അവസ്ഥയിലാണ് ഇത്തരം ഒരു നിയമം നിര്‍ദേശിക്കപ്പെട്ടത്. പിന്നീട് ഇത് വാക്സിനുകള്‍ക്കെതിരെ നടക്കുന്ന എല്ലാ പ്രചാരണങ്ങള്‍ക്കെതിരെയും ആകാം എന്ന തീരുമാനത്തില്‍ എത്തി, ഇത് സംബന്ധിച്ച ബ്ലോഗ് പോസ്റ്റില്‍ യൂട്യൂബ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ തന്നെ വാക്സിന്‍ സംബന്ധിച്ച വ്യാജ വിവരങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഈ രീതിയാണ് യൂട്യൂബ് അവലംബിക്കുന്നത്. പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞെന്നും. ആന്‍റി വാക്സിന്‍ പ്രവര്‍ത്തകരുടെ പല അക്കൗണ്ടുകളും ബുധനാഴ്ച മുതല്‍ ലഭിക്കുന്നില്ലെന്നും യൂട്യൂബ് വക്താവ് സിഎന്‍ബിസി ന്യൂസിനെ അറിയിച്ചു.