യൂട്യൂബ് വ്‌ളോഗര്‍മാരെ.. ശ്രദ്ധിച്ചില്ലെങ്കിൽ യൂട്യൂബ് പിണങ്ങും; പണി കിട്ടുന്നത് ഇങ്ങനെ
90 ദിവസത്തിനുള്ളിൽ മൂന്ന് സ്‌ട്രൈക്കുകൾ വരെ ലഭിച്ചാൽ യുട്യൂബ് ചാനൽ ഇല്ലാതായേക്കും.
തിരുവനന്തപുരം: അടുത്തിടെ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനത്തിൽ സ്വിമ്മിങ് പൂളുണ്ടാക്കി യാത്ര ചെയ്തതിന് വ്ലോഗർ സഞ്ജു ടെക്കിക്കും സംഘത്തിനുമെതിരായി കർശന നടപടിയുണ്ടായിരുന്നു. തുടർന്ന് ഇത്തരം വിഡിയോകളെ യൂട്യൂബ് സപ്പോർട്ട് ചെയ്യുമോ എന്ന ചർച്ചകളും പിന്നാലെ നടന്നു. സത്യമിതാണ്. ഒരു യുട്യൂബ് ക്രിയേറ്ററിന് വിഡിയോയിൽ അവതരിപ്പിക്കാൻ അനുവാദമില്ലാത്ത ചില ഉള്ളടക്കങ്ങളുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ സ്ട്രൈക്ക് ലഭിക്കാനിടയുണ്ട്.
90 ദിവസത്തിനുള്ളിൽ മൂന്ന് സ്‌ട്രൈക്കുകൾ വരെ ലഭിച്ചാൽ യുട്യൂബ് ചാനൽ ഇല്ലാതായേക്കും. നിശ്ചിത സമയപരിധിക്കുള്ളിലെ സ്ട്രൈക്കുകളുടെ എണ്ണം അനുസരിച്ചാണ് പരിമിതികളെ നേരിടേണ്ടി വരിക.ചില സമയത്ത് ഗുരുതരമായ സ്ട്രൈക്കുകൾ ഉണ്ടായില്ലെങ്കിലും ചാനൽ അവസാനിപ്പിക്കേണ്ടി വന്നേക്കാം. ഔദ്യോഗിക തലത്തിലുള്ള ഇടപെടലുകളും വിഡിയോകൾ നിയന്ത്രിക്കുന്നതിന് കാരണമാകാറുണ്ട്.
ആദ്യത്തെ സ്ട്രൈക്ക് ലഭിക്കുക വീഡിയോകൾ, ലൈവ്സ്ട്രീമുകൾ എന്നിവ അപ്‌ലോഡ് ചെയ്യുന്നതിന് ഒരാഴ്ചത്തെ നിയന്ത്രണം വരുത്തിക്കൊണ്ടാണ്. രണ്ടാമത്തെ സ്ട്രൈക്ക് ലഭിക്കുക കണ്ടന്റ് അപ്‌ലോഡ് ചെയ്യുന്നതിന് രണ്ടാഴ്ചത്തെ നിയന്ത്രണം വരുത്തിയാകും. 90 ദിവസത്തിനുള്ളിൽ മൂന്നാമത്തെ സ്ട്രൈക്ക് ലഭിച്ചാൽ ചാനൽ അവസാനിപ്പിക്കേണ്ടി വരും.
ഹാനികരമോ അപകടകരമോ ആയ പ്രവ്യത്തികൾ, ചലഞ്ചുകൾ, പ്രാങ്ക് വീഡിയോ കണ്ടന്റുകൾ, നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിഡിയോകൾ എന്നിവയൊക്കെ യുട്യൂബ് പോളിസിക്കു വിരുദ്ധമായി വരുന്നവയാണ്. ഡ്രൈവർക്കോ മറ്റുള്ളവർക്കോ ഗുരുതരമായ പരിക്ക്, മരണം എന്നിവ ഉണ്ടാകാൻ തക്ക വിധത്തിൽ മോട്ടോർവാഹനം ഉപയോഗിക്കുന്നതും ഇക്കൂട്ടത്തിൽപ്പെടും.
കുട്ടികളെ ഉപദ്രവിക്കൽ, ലൈംഗികത, നഗ്നത, സ്വയം ഉപദ്രവിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളും യൂട്യൂബ് നിരോധിച്ചിട്ടുണ്ട്. യുട്യൂബ് സെൻസിറ്റീവായി കണക്കാക്കുന്ന ചില കണ്ടന്റുകളിൽ സ്പാം, ഓഫ്-സൈറ്റ് റീഡയറക്ഷൻ, വേഗത്തിൽ സമ്പന്നരാകാനുള്ള സ്കീമുകൾ, ഹാനികരമായ ലിങ്കുകൾ, റീപ്പിറ്റഡ് കണ്ടന്റ് എന്നിവയുൾപ്പെടും.