ലോക്ക്ഡൗണില്‍ ബ്യൂട്ടിപാര്‍ലറും ഫോട്ടോഗ്രാഫറും വീട്ടിലെത്തും; വേറിട്ട സംരംഭവുമായി യുവാക്കള്‍
എസോറ ടെക്നോളജീസ് എന്ന സംരംഭത്തിന്‍റെ സാരഥികളായ ബിബിന്‍ രാജ്, കെഎം കൈലാസ്, ജിഷ്ണു മോഹന്‍ എന്നിവരുടേതാണ് ആശയം. മികച്ച സേവനം നല്‍കാന്‍ താല്‍പര്യമുള്ള ആര്‍ക്കും വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.
കൊച്ചി: ലോക്ക്ഡൌണ്‍ കാലത്ത് ജോലിയില്ലാതായ ബാര്‍ബര്‍മാര്‍, ബ്യൂട്ടിപാര്‍ലര്‍, ഫോട്ടോഗ്രാഫര്‍ എന്നീ മേഖലകളിലുള്ളവര്‍ക്ക് തൊഴിലവസരം നല്‍കാനുള്ള ശ്രമത്തില്‍ ഒരുകൂട്ടം യുവാക്കള്‍. ഹോം സര്‍വ്വീസ് നല്‍കാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്താനും ബുക്കിംഗ് നടത്താനുമായി ഒരു പ്ലാറ്റ്ഫോമാണ് ഒരുക്കിയിരിക്കുന്നത്.
ElloBooking.in എന്ന വെബ്സൈറ്റാണ് സംരംഭം ലഭ്യമാക്കിയിരിക്കുന്നത്.
ഈ വെബ്സൈറ്റിന്‍റെ സഹായത്തോടെ വീടിന് സമീപമുള്ള സേവന ദാതാവിനെ കണ്ടെത്താന്‍ സാധിക്കും. പണമിടപാടിനും, സമയം ബുക്ക് ചെയ്യുവാനും വെബ്സൈറ്റ് അവസരമൊരുക്കുന്നുണ്ട്. എസോറ ടെക്നോളജീസ് എന്ന സംരംഭത്തിന്‍റെ സാരഥികളായ ബിബിന്‍ രാജ്, കെഎം കൈലാസ്, ജിഷ്ണു മോഹന്‍ എന്നിവരുടേതാണ് ആശയം. മികച്ച സേവനം നല്‍കാന്‍ താല്‍പര്യമുള്ള ആര്‍ക്കും വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.
രജിസ്ട്രേഷന്‍ സൌജന്യമാണ്. സര്‍വ്വീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ സേവനദാതാവിന് സൈറ്റില്‍ ചേര്‍ക്കാന്‍ സാധിക്കും. മേയ് മാസത്തോടെ ആപ്പ് വഴിയും ഈ സേവനം ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവാക്കള്‍. ലോക്ക്ഡൌണ്‍ കാലത്ത് ജോലിയില്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഈ മേഖലയിലുള്ളവര്‍ക്ക് കൈത്താങ്ങാവാനാണ് സംരംഭം ഉദ്ദേശിക്കുന്നതെന്നാണ് എസോറ ടെക്നോളജീസ് വിശദമാക്കുന്നത്. മികച്ച സേവനം നല്‍കുന്ന സേവന ദാതാവിന് റേറ്റിങ് നല്‍കാനും സംവിധാനുമുണ്ടെന്ന് ഇവര്‍ വിശദമാക്കുന്നു.