'ഡോക്ടർ' കാമുകൻ അമ്മയ്ക്കൊപ്പം വിമാനത്താവളത്തിലെന്ന് കോൾ, പിന്നെ തുടരെത്തുടരെ കോൾ, യുവതിക്ക് നഷ്ടം ഒരു ലക്ഷം
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് അടുപ്പത്തിലായി.യുകെയിലെ ഡോക്ടറെ നേരില്‍ കാണാന്‍ കാത്തിരുന്ന യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ
പല തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണിത്. ഡേറ്റിംഗ് ആപ്പുകള്‍ വരെ തട്ടിപ്പിനായി ദുരുപയോഗിക്കുന്നു. അടുത്തിടെ ബംബിള്‍ വഴി പരിചയപ്പെട്ട ഡോക്ടര്‍ എന്ന് അവകാശപ്പെട്ടയാള്‍ ഡോക്ട്രേറ്റ് നേടിയ യുവതിയെ കബളിപ്പിച്ച് തട്ടിയത് ഒരു ലക്ഷം രൂപയാണ്.
ഹരിയാനയിലെ ഗുരുഗ്രാമിലെ സെക്ടർ 39 ലെ കൗൺസിൽ ഓഫ് സയന്റിഫിക് ആന്‍റ് ഇൻഡസ്ട്രിയൽ റിസർച്ചില്‍ (സിഎസ്ഐആർ) ജോലി ചെയ്യുന്ന പിഎച്ച്ഡിയുള്ള 35 കാരിയാണ് തട്ടിപ്പിന് ഇരയായത്. ഈ വർഷം സെപ്തംബറിൽ ബംബിൾ ആപ്പിൽ ഡോ. അയാൻ കുമാർ ജോർജ്ജ് എന്നയാളെ യുവതി പരിചയപ്പെട്ടു. യുകെയില്‍ താമസിക്കുന്ന ഡോക്ടര്‍ എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. ഇരുവരും ചാറ്റ് ചെയ്യാന്‍ തുടങ്ങി.
അമ്മയോടൊപ്പം ഡൽഹി എയർപോർട്ടിൽ എത്തിയെന്ന് പറഞ്ഞ് സെപ്തംബർ 28ന് ഡോക്ടറുടെ കോള്‍ വന്നു. തൊട്ടുപിന്നാലെ കസ്റ്റംസ് ഓഫീസറാണെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീയുടെ കോളും വന്നു. ഒരു ലക്ഷം യുകെ പൗണ്ടുമായാണ് ഡോ. ജോര്‍ജ്ജ് എത്തിയതെന്നും ഇത് നിയമപരമായി കയ്യില്‍ കരുതാവുന്ന പരിധിയേക്കാള്‍ കൂടുതലാണെന്നും കസ്റ്റംസ് ഓഫീസര്‍ പറഞ്ഞു. 68,500 രൂപ നല്‍കിയാല്‍ മാത്രമേ ഡോക്ടര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയൂ എന്നും വിളിച്ച യുവതി വ്യക്തമാക്കി.
വിവാഹേതര ബന്ധം തെളിയിക്കാന്‍ രഹസ്യമായി ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്യാമോ? ഹൈക്കോടതി ഉത്തരവ് ഇങ്ങനെ...
യുവതി 68,500 രൂപ ഉടനെ ട്രാൻസ്ഫർ ചെയ്തു. തുടർന്ന് മറ്റൊരു കോള്‍ വന്നു. മൂന്ന് ലക്ഷം രൂപ കൂടി വേണമെന്നായിരുന്നു ആവശ്യം. ഇതോടെ യുവതി ആശയക്കുഴപ്പത്തിലായി. എന്നാല്‍ വിളിച്ച സ്ത്രീ ഡോ ജോര്‍ജ്ജിന് ഫോണ്‍ കൈമാറി. പണം നിക്ഷേപിക്കണമെന്ന് ഡോക്ടര്‍ അപേക്ഷിച്ചു. തനിക്ക് ഒരു ദിവസം ഒരു ലക്ഷം രൂപയേ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയൂ എന്നും 68500 രൂപ ഇതിനകം ട്രാന്‍സ്ഫര്‍ ചെയ്തെന്നും യുവതി മറുപടി നല്‍കി. ഇതോടെ 30,000 രൂപ നിക്ഷേപിക്കാന്‍ സമ്മര്‍ദം ചെലുത്തി.
പണം നിക്ഷേപിച്ച ശേഷം ഡോക്ടറെ കുറിച്ച് ഒരു വിവരവുമില്ല. താൻ പറ്റിക്കപ്പെട്ടെന്ന് യുവതിക്ക് വൈകാതെ മനസ്സിലായി. തന്നെ വിളിയച്ചയാള്‍ തട്ടിപ്പുകാരനാണെന്ന് വ്യക്തമായതോടെ യുവതി പരാതി നല്‍കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 419, 420, 120 ബി വകുപ്പുകൾ പ്രകാരം കേസെടുത്ത് തട്ടിപ്പുകാരനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം