Twitter Deal : മസ്ക് വന്നു, ട്രംപിന് അടക്കം നല്ലകാലം വരുമോ? ചോദ്യവും ട്രോളും
തങ്ങളുടെ നയങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ച നിരവധി അക്കൗണ്ടുകള്‍ നേരത്തെ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത് പുതിയ ഉടമ വന്നയുടന്‍ പുനഃസ്ഥാപിക്കുമോ എന്ന് അന്വേഷിച്ചവര്‍ നിരവധിയാണ്.
ഇലോണ്‍ മസ്‌ക് (Elon Musk) ട്വിറ്റര്‍ (Twitter) വാങ്ങുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ പുതിയ ഉടമയെ സ്വാഗതം ചെയ്ത് എത്തിയത് ലക്ഷക്കണക്കിന് സന്ദേശങ്ങള്‍. അതില്‍ ചിലതൊക്കെ വളരെ വ്യത്യസ്തമാവുകയും ചെയ്തു. തങ്ങളുടെ നയങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ച നിരവധി അക്കൗണ്ടുകള്‍ നേരത്തെ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത് പുതിയ ഉടമ വന്നയുടന്‍ പുനഃസ്ഥാപിക്കുമോ എന്ന് അന്വേഷിച്ചവര്‍ നിരവധിയാണ്. ഇതില്‍ തന്നെ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തിരിച്ചു കൊണ്ടു വരുമോയെന്നതായിരുന്നു പലരുടെയും പ്രധാന ചോദ്യം. എന്നാല്‍, താന്‍ ഇനി അങ്ങോട്ടേക്ക് ഇല്ലെന്ന് ഇതിനു മുന്നേ ട്രംപ് വ്യക്തമാക്കി കഴിഞ്ഞതാണ്.
പല അവസരങ്ങളിലും മസ്‌ക് റീട്വീറ്റ് ചെയ്ത ആക്ഷേപഹാസ്യ വെബ്സൈറ്റായ ദി ബാബിലോണ്‍ ബീയുടെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന ആഹ്വാനവുമുണ്ട്. ഈ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതിന് ശേഷം മസ്‌ക് കമ്പനിയെ സമീപിച്ചു ഇക്കാര്യത്തില്‍ പുനര്‍ചിന്ത വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുള്ള, ആ സംഭാഷണത്തിനിടെയാണ് തനിക്ക് ട്വിറ്റര്‍ വാങ്ങേണ്ടിവരുമെന്ന് പോലും മസ്ക് ചിന്തിച്ചത്. ട്വിറ്റര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് വലിച്ചെറിയപ്പെട്ട വിവാദ വ്യക്തികളായ മിലോ യിയാനോ പൗലോസ്, ലോറ ലൂമര്‍ എന്നിവരുടെ കാര്യത്തിലും തീരുമാനമുണ്ടാകുമോയെന്ന് പലരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ആമസോണ്‍ വെബ് സര്‍വീസസിലെ കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ് മേധാവി എമിലി ഫ്രീമാനെ പോലെയുള്ളയുള്ളവരുടെ ട്വീറ്റുകളും ഉപയോക്താക്കള്‍ പ്രതീക്ഷിക്കുന്നു. വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റും ആദ്യമായി വ്യാപകമായി ഉപയോഗിക്കുന്ന വെബ് ബ്രൗസറിന്റെ സഹ-രചയിതാവുമായ മാര്‍ക്ക് ആന്‍ഡ്രീസെന്‍ അടക്കമുള്ളവര്‍ മസ്‌ക്കിന്റെ തീരുമാനത്തിനു വേണ്ടി കാത്തിരിക്കുകയാണെന്ന് ട്വീറ്റ് ചെയ്തു കഴിഞ്ഞു.
ലോകമാകെ പരന്നുകിടക്കുന്ന ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ട്വിറ്റർ 44 ബില്യൺ ഡോളർ റൊക്കം പണമായി നൽകാമെന്നുള്ള കരാറിന്‍റെ അടിസ്ഥാനത്തിലാണ് മസ്ക് സ്വന്തമാക്കിയത്. 43 ബില്ല്യൺ ഡോളർ ഓഫർ ചെയ്ത ശേഷം ഇതാണ് തന്റെ ബെസ്റ്റ് ആന്റ് ഫൈനൽ ഓഫർ എന്നായിരുന്നു മസ്ക് വ്യക്തമാക്കിയത്. ഓഹരിക്ക് 54.20 ഡോളറായിരുന്നു വാഗ്ദാനം. എന്നാൽ ഒരു പടി കൂടി കടന്നാണ് 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. കരാർ സംബന്ധിച്ച് ഓഹരി ഉടമകളുടെ കൂടെ അഭിപ്രായം തേടാനാണ് ട്വിറ്റർ മാനേജ്മെന്റ് തീരുമാനം എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
'ജനാധിപത്യത്തിന്റെ ജീവനുള്ള അടിത്തറയാണ് അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യരാശിയുടെ ഭാവിയിൽ സുപ്രധാനമായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഡിജിറ്റൽ ടൗൺ സ്ക്വയറാണ് ട്വിറ്റർ'- കരാർ പ്രഖ്യാപിച്ച് മസ്ക് പ്രസ്താവനയിൽ പറഞ്ഞു. പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് ട്വിറ്ററിനെ മെച്ചപ്പെടുത്തി, അൽഗോരിതങ്ങൾ ഓപ്പൺ സോഴ്‌സ് ആക്കി വിശ്വാസം വർദ്ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക, എല്ലാവർക്കും ആധികാരികത നൽകുക തുടങ്ങിയവയിലൂടെ ട്വിറ്ററിനെ എക്കാലത്തേയും മികച്ചതാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ട്വിറ്ററിന് അനന്തമായ സാധ്യതകളുണ്ട്. അത് അൺലോക്ക് ചെയ്യുന്നതിന് കമ്പനിയുമായും ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയുമായും ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.