വാട്ട്സ്ആപ്പ് പ്രവര്‍ത്തനരഹിതം ; സന്ദേശങ്ങള്‍ അയക്കാനാകുന്നില്ല, ഇന്ത്യയിലടക്കം സേവനം തടസപ്പെട്ടു
downdetector പ്രകാരം 12.11 മുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം.
ദില്ലി: മെറ്റയുടെ കീഴിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് തകരാറില്‍. 30 മിനുട്ടില്‍ ഏറെയായി വാട്ട്സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റായ downdetector പ്രകാരം 12.11 മുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം.
ഡൌണ്‍ ഡിക്ടക്ടറിലെ കണക്കുകള്‍ പ്രകാരം പ്രശ്നം നേരിടുന്ന 60 ശതമാനത്തിലേറെപ്പേര്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല എന്നാണ് പറയുന്നത്. 24 ശതമാനത്തോളം പേര്‍ വാട്ട്സ്ആപ്പ് ആപ്പിന് തന്നെ പ്രശ്നം ഉള്ളതായി പറയുന്നു.
ലോകത്തെമ്പാടും പ്രശ്നം നേരിടുന്നു എന്നാണ് ആദ്യ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സന്ദേശങ്ങള്‍ സെന്‍റ് അയതായുള്ള ചിഹ്നം കാണിക്കുന്നില്ല. അത് പോലെ തന്നെ 12.20 ന് ശേഷം പലര്‍ക്കും പുതിയ സന്ദേശങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. വ്യക്തിപരമായ സന്ദേശം മാത്രമല്ല. ഗ്രൂപ്പുകളെയും ഇത് ബാധിച്ചിട്ടുണ്ട്. വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിലും പ്രശ്നം ഉണ്ടെന്നാണ് വിവരം. അതേ സമയം ഈ പ്രശ്നത്തില്‍ വാട്ട്സ്ആപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേ സമയം ട്വിറ്ററില്‍ #WhatsAppDown എന്ന ഹാഷ്ടാഗ് ട്രെന്‍റിംഗായി കഴിഞ്ഞു. രസകരമായ മീമുകളാണ് ഇതുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നത്. പലരും തങ്ങളുടെ സ്വന്തം ഫോണിന്‍റെ പ്രശ്നമാണ് എന്ന് കരുതി പലപ്രവാശ്യം നെറ്റ് കണക്ഷന്‍ ചെക്ക് ചെയ്തത് അടക്കം രസകരമായ ട്വീറ്റുകള്‍ വരുന്നുണ്ട്.