Whatsapp New Feature : ശബ്ദ സന്ദേശങ്ങള്‍ക്ക് പ്രിവ്യൂ; കിടിലന്‍ പ്രത്യേകത വാട്ട്സ്ആപ്പ് അവതരിപ്പിച്ചു
വേഗത്തില്‍ വോയിസ് മെസേജുകള്‍ അയച്ച് അതില്‍ അബന്ധം പിണയുന്നത് ഒഴിവാക്കാന്‍ ഈ ഫീച്ചര്‍ വളരെ ഉപകാരപ്രഥമാകും എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്.
മുംബൈ: ജനപ്രിയ സന്ദേശ കൈമാറ്റ ആപ്പ് വാട്ട്സ്ആപ്പില്‍ ഏറ്റവും ഉപകാരപ്രഥമായ ഒരു ഫീച്ചറാണ് ശബ്ദ സന്ദേശങ്ങള്‍ (Voice Message). ഇന്നത്തെക്കാലത്ത് വാട്ട്സ്ആപ്പിന്‍റെ ഈ ഫീച്ചര്‍ ഉപയോഗിക്കാത്ത വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ വളരെ ചുരുക്കമാണ്. അതിനാല്‍ തന്നെ ഈ ജനപ്രിയ ഫീച്ചറില്‍ വാട്ട്സ്ആപ്പ് വരുത്തുന്ന ഒരോ മാറ്റവും വാട്ട്സ്ആപ്പ് (Whatsapp) ഉപയോക്താക്കള്‍ ഇരുക്കൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഏറ്റവും അവസാനം വന്ന പ്ലേബാക്ക് സ്പീഡ് കൂട്ടി വയ്ക്കാനുള്ള ഫീച്ചര്‍ ഏറെ വിജയമായിരുന്നു.
ഇപ്പോള്‍ ഇതാ നേരത്തെ വരും എന്ന് പ്രവചിക്കപ്പെട്ട ഒരു ഫീച്ചര്‍ കൂടി ഔദ്യോഗികമായി വാട്ട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നു. തങ്ങളഉടെ ട്വിറ്റര്‍ അക്കൌണ്ട് വഴി പ്രസിദ്ധീകരിച്ച രസകരമായ ഒരു വീഡിയോയിലൂടെയാണ് ഈ ഫീച്ചര്‍ വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. അതായത് ഒരു വോയിസ് സന്ദേശം റെക്കോഡ് ചെയ്ത ശേഷം നിങ്ങള്‍ക്ക് അതിന്‍റെ പ്രിവ്യൂ കേള്‍ക്കാം. അതിന് ശേഷം പൂര്‍ണ്ണമായും തൃപ്തി ഉണ്ടെങ്കില്‍ മാത്രം അത് സെന്‍റ് ചെയ്താല്‍ മതി.
വേഗത്തില്‍ വോയിസ് മെസേജുകള്‍ അയച്ച് അതില്‍ അബന്ധം പിണയുന്നത് ഒഴിവാക്കാന്‍ ഈ ഫീച്ചര്‍ വളരെ ഉപകാരപ്രഥമാകും എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്. അതേ സമയം വാട്ട്സ്ആപ്പ് മാതൃകമ്പനിയായ മെറ്റയുടെ മെസഞ്ചറിലും, ഇന്‍സ്റ്റഗ്രാമിലും ഇതുവരെ ഈ ഫീച്ചര്‍ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അടുത്ത അപ്ഡേറ്റോടെ എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമായേക്കും.
അതേ സമയം തന്നെ വാട്ട്സ്ആപ്പില്‍ വരാന്‍ പോകുന്ന ഫീച്ചറുകള്‍ നേരത്തെ പ്രവചിക്കാറുള്ള വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ (WABeta info) പുതിയ പ്രത്യേകത വെളിപ്പെടുത്തിയിരിക്കുന്നു. ഇനി മുതല്‍ വാട്ട്സ്ആപ്പില്‍ ലഭിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ വേവ് ഫോമില്‍ ആയിരിക്കും. അത് ലഭിക്കുന്ന ശബ്ദത്തിന്‍റെ മോഡുലേഷന്‍ പോലെയുണ്ടാകും. ഇപ്പോള്‍ തന്നെ വാട്ട്സ്ആപ്പിന്‍റെ ഉടമസ്ഥരായ മെറ്റയുടെ മെസഞ്ചര്‍ ആപ്പില്‍ പലര്‍ക്കും ഈ ഫീച്ചര്‍ ലഭിക്കുന്നുണ്ട്. ഇതിന് സമാനമായിരിക്കും പുതിയ ഫീച്ചര്‍.
അതേ സമയം ഇപ്പോള്‍ തന്നെ ചില ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സാധാരണ ഒരു വേവ് രീതിയില്‍ ആയിരിക്കില്ല ശബ്ദസന്ദേശങ്ങളുടെ രൂപം മാറ്റുക എന്നും കൂടുതല്‍ കളര്‍ഫുള്ളായ ഒരു ഇന്‍റര്‍ഫേസ് ആയിരിക്കും ഇതെന്നുമാണ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്.
അതേ സമയം ശബ്ദ സന്ദേശങ്ങളോടും, സന്ദേശങ്ങളോടും നേരിട്ട് ഇമോജി ഇട്ട് പ്രതികരണം നടത്തുന്ന ഫീച്ചറും വാട്ട്സ്ആപ്പില്‍ തയ്യാറെടുക്കുന്നുവെന്നാണ് ഇതിനൊപ്പം തന്നെ വരുന്ന മറ്റൊരു വാര്‍ത്ത. ഇന്‍സ്റ്റ ഡയറക്ട് മെസേജിലും, മെസഞ്ചറിലും ഇപ്പോള്‍ തന്നെ ഈ പ്രത്യേകത നിലവിലുണ്ട്. ഇത് തന്നെ ആയിരിക്കും വാട്ട്സ്ആപ്പിലും വരുക എന്നാണ് സൂചന.