നിങ്ങളുടെ ഫോണ്‍ വാട്ട്സ്ആപ്പിലൂടെ അവര്‍ നിയന്ത്രിക്കും; പുതിയ വെല്ലുവിളി

ആന്‍ഡ്രോയ്ഡിലും, ഐഒഎസിലും അടുത്തിടെ വന്ന വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്ത ഫോണുകളെയാണ് പ്രധാനമായും ഇത് ബാധിക്കുന്നത്. 

WhatsApp Confirms a New Threat Android And iOS Users at Risk From Malicious Video Files

ന്യൂയോര്‍ക്ക്: ഇസ്രയേല്‍ ചാര സോഫ്റ്റ്വെയര്‍ വിവാദങ്ങള്‍ക്ക് പിന്നാലെ വാട്ട്സ്ആപ്പിന് അടുത്ത വെല്ലുവിളി. ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകളുടെ നിയന്ത്രണം സാധ്യമാകുന്ന പുതിയ മാല്‍വെയര്‍ ഭീഷണിയെക്കുറിച്ചാണ് വാട്ട്സ്ആപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. വാട്ട്സ്ആപ്പ് വഴി എത്തുന്ന ഈ മാല്‍വെയര്‍ ഉപയോഗിച്ച് വാട്ട്സ്ആപ്പിലെ പ്രവര്‍ത്തനം മാത്രമല്ല ഫോണിലെ മറ്റ് ഡാറ്റകളും ചോര്‍ത്താന്‍ സാധിക്കും എന്നതാണ് പുതിയ ഭീഷണിയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത് എന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആന്‍ഡ്രോയ്ഡിലും, ഐഒഎസിലും അടുത്തിടെ വന്ന വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്ത ഫോണുകളെയാണ് പ്രധാനമായും ഇത് ബാധിക്കുന്നത്. പലപ്പോഴും അജ്ഞാത നമ്പറില്‍ നിന്നും എത്തുന്ന എംപി4 ഫോര്‍മാറ്റില്‍ ഉള്ള വീ‍ഡിയോ ഫയല്‍ വഴിയാണ് ഈ മാല്‍വെയര്‍ ഫോണില്‍ എത്തുന്നത്. ഇതുവച്ച് നിങ്ങളുടെ ഫോണിന്‍റെ നിയന്ത്രണം കൈക്കലാക്കാം.

പ്രധാനമായും ആന്‍ഡ്രോയ്ഡ് 2.19.274 പതിപ്പ്. ഐഒഎസ് 2.19.100 പതിപ്പ്. ബിസിനസ് വാട്ട്സ്ആപ്പ് പതിപ്പ്  2.25.3, വിന്‍ഡോസ് ഫോണുകളിലെ 2.18.368 ശേഷമുള്ള പതിപ്പുകള്‍, ബിസിനസ് ആന്‍ഡ്രോയിഡ് പതിപ്പ്  2.19.104 എന്നിവയ്ക്കെല്ലാം പുതിയ മാല്‍വെയര്‍ ഭീഷണിയുണ്ടെന്നാണ് വാട്ട്സ്ആപ്പ് പറയുന്നത്. അതേ സമയം പലരും വാട്ട്സ്ആപ്പില്‍ മീഡിയ ഫയലുകള്‍ ഓട്ടോ ഡൗണ്‍ലോഡായി സെറ്റ് ചെയ്യാറാണ് പതിവ്. ഇത്തരക്കാര്‍ക്ക് വലിയ ഭീഷണിയാണ് പുതിയ മാല്‍വെയര്‍ ഉണ്ടാക്കുന്നത് എന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ കുറച്ചുനാള്‍ മുന്‍പാണ് 17 ഇന്ത്യക്കാർ അടക്കം 20രാജ്യങ്ങളിലെ 1400 ഉപയോക്താക്കളുടെ വിവരങ്ങൾ ഇസ്രായേലി എന്‍.എസ്.ഒ ചോർത്തിയെന്നാണ് വാട്സാപ്പ് അമേരിക്കൻ കോടതിയെ അറിയിച്ചത്. സർക്കാർ, സൈനിക ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ,ആക്ടിവിസ്റ്റുകൾ എന്നിവരായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെ ഇന്ത്യയില്‍ അടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios