Social Media War : സോഷ്യല്‍മീഡിയ യുദ്ധത്തിലും റഷ്യ മുന്നിലോ?; മിണ്ടാതെ യുഎസ് സോഷ്യല്‍ മീഡിയ ഭീമന്മാര്‍

ശരിക്കും റഷ്യയില്‍ നിന്നുള്ള ഒരു ആപ്പാണ് ടെലഗ്രാം, ശരിക്കും ടെലഗ്രാമാണ് സോഷ്യല്‍ മീഡിയ യുദ്ധത്തില്‍ ഏറ്റവും കൂടിയ നിലയില്‍ റഷ്യ ഉപയോഗപ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

war on social media platforms too as Russia-Ukraine conflict grows

ഷ്യയുടെ യുക്രൈന്‍ ആക്രമണം അരംഭിച്ചതിന് പിന്നാലെ തന്നെ അവരുടെ സൈബര്‍ ആക്രമണവും ശക്തമായിരുന്നു. യുക്രൈന്‍റെ സാന്പത്തിക മേഖലയെ കടന്നാക്രമിക്കുന്ന രീതിയിലായിരുന്നു റഷ്യന്‍ സൈബര്‍ നീക്കങ്ങള്‍. അതില്‍ ലോകത്തിന് വലിയ അത്ഭുതം ഇല്ലായിരുന്നു എന്നതാണ് നേര്. ഒരു പതിറ്റാണ്ടോളമായി ലോകം ഞെട്ടിയ പല സൈബര്‍ ആക്രമണത്തിന്‍റെയും ബുദ്ധി കേന്ദ്രങ്ങള്‍ റഷ്യയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇതിനകം പലവട്ടം വെളിച്ചത്ത് എത്തിയതാണ്. 2016 അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ ഇന്നും അവസാനിക്കാത്ത ചര്‍ച്ചയാണ്. അന്ന് 'മിസ് ഇന്‍ഫര്‍മേഷന്‍' സുനാമി തന്നെ സൃഷ്ടിച്ചത് റഷ്യയാണെന്ന് 2019 ല്‍ ഇത് സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട് റോബര്‍ട്ട് മുള്ളര്‍ റിപ്പോര്‍ട്ടില്‍ പ്രതിവാദിക്കുന്നുണ്ട്. ഇപ്പോള്‍ യുക്രൈന്‍ യുദ്ധത്തിലേക്ക് എത്തുമ്പോഴും റഷ്യ ഇതിനോട് അനുബന്ധിച്ച് നടക്കുന്ന സൈബര്‍ യുദ്ധത്തിലും ഏറെ മുന്നിലെത്തിയെന്നാണ് യാഥാര്‍ത്ഥ്യം. 

ടെലഗ്രാം എന്ന റഷ്യന്‍ ആയുധം

ശരിക്കും റഷ്യയില്‍ നിന്നുള്ള ഒരു ആപ്പാണ് ടെലഗ്രാം, ശരിക്കും ടെലഗ്രാമാണ് സോഷ്യല്‍ മീഡിയ യുദ്ധത്തില്‍ ഏറ്റവും കൂടിയ നിലയില്‍ റഷ്യ ഉപയോഗപ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. റഷ്യയുടെ കീവിലേക്കുള്ള അധിനിവേശത്തിന് മുന്‍പ് തന്നെ വിവിധ ടെലഗ്രാം ചാനലുകള്‍ ഉപയോഗിച്ച് റഷ്യന്‍ ന്യായീകരണങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടുവെന്നാണ് ഫോറിന്‍ പോളിസിയിലെ ഇത് സംബന്ധിച്ച ലേഖനം പറയുന്നത്. “Donbass Insider”,“Bellum Acta” തുടങ്ങിയ പ്രോ റഷ്യന്‍ ചാനലുകള്‍ പ്രചരിപ്പിച്ച റഷ്യന്‍ അനുകൂല സന്ദേശങ്ങള്‍ ഇന്ന് ലോകത്ത് പ്രധാന ചര്‍ച്ചയാകുന്നു. വിവിധ ഭാഷകളില്‍ ഇതേ ടെക്സ്റ്റുകള്‍ പരക്കുന്നുണ്ട്. 

എന്‍ക്രിപ്റ്റഡ് ആപ്പായ സിഗ്നലിന്‍റെ സ്ഥാപകന്‍ മോക്സി മാര്‍ലിന്‍സ്പൈക്കി ട്വിറ്ററില്‍ ഇത് സംബന്ധിച്ച് ദീര്‍ഘമായ ഒരു ത്രെഡ് തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉക്രൈയിനില്‍ സര്‍വ്വസാധാരണമായ ഒരു ആപ്പാണ് ടെലഗ്രാം അത് ഇത്തരം ഒരു അധിനിവേശത്തിന് റഷ്യ ഏതെല്ലാം രീതിയില്‍ മുതലെടുത്തുവെന്നാണ് സിഗ്നല്‍ സ്ഥാപകന്‍ പറയുന്നത്. 2021 ല്‍ ടെലഗ്രാം ഏതെല്ലാം രീതിയില്‍ വെല്ലുവിളി ഉയര്‍ത്തുന്നു എന്നത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച് ത്രെഡും ഇദ്ദേഹം സന്ദേശത്തോടൊപ്പം നല്‍കുന്നു. 

ശരിക്കും യുദ്ധം തുടങ്ങുന്നതിന് മുന്‍പ് തന്നെ യുക്രൈന്‍ ടെലഗ്രാം വഴി റഷ്യ നടത്തിയ പ്രചാരണങ്ങളെ 'ഇന്‍ഫര്‍മേഷന്‍ തീവ്രവാദം' എന്നാണ് വിളിച്ചത്. ഫോറിന്‍ പോളിസി പറയുന്നത് പ്രകാരം ഇത്തരം വിവരങ്ങളുടെ ഉറവിടത്തിന് മോസ്കോയിലെ റഷ്യയുടെ സൈനിക നേതൃത്വമായോ, ഭരണകൂടമായോ നേരിട്ട് ബന്ധമുണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കില്ല എന്നതാണ്. യുക്രൈന്‍ അധിനിവേശത്തിലേക്ക് കടക്കും മുന്‍പ് തന്നെ റഷ്യ യുക്രൈന്‍റെ  ഡോനെഡ്സ്ക് (Donetsk), ലുഹാന്‍ഷക് (Luhansk) പ്രദേശങ്ങളെ സ്വതന്ത്ര്യ റിപ്പബ്ലിക്കുകളായി പ്രഖ്യാപിച്ചിരുന്നു. ഇവിടുത്തെ വിഘടവാദ നേതാക്കള്‍ പോലും സംസാരിക്കുന്ന ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് എന്നതാണ് നേര്. ടെലഗ്രാം റഷ്യയ്ക്ക് ഈ യുദ്ധത്തിലെ ഒരു ആയുധമാണ് എന്നത് ഇതില്‍ നിന്നും വ്യക്തം.

അമേരിക്കന്‍ സോഷ്യല്‍ ഭീമന്മാരുടെ ഉപയോഗം

ട്വിറ്റർ, ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ റഷ്യ നന്നായി ഉപയോഗിക്കുന്നു എന്നതാണ് സോഷ്യല്‍ മീഡിയ നിരീക്ഷകര്‍ പോലും പറയുന്നത്. പുടിന്‍ എന്ന റഷ്യന്‍ പരമാധികാരിയെ ഒരു ഹീറോയായി പ്രതിഷ്ഠിക്കുക എന്ന പ്രൊപ്പഗണ്ട വര്‍ഷങ്ങളായി റഷ്യയില്‍ നിന്നും നടക്കുന്നുണ്ട്. റഷ്യ ടുഡേ (RT) എന്ന ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ഇതിനായി സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മാധ്യമമാണ്. ട്വിറ്ററില്‍ അടക്കം ഇവരുടെ സാന്നിധ്യം തന്നെ അതിന് വലിയൊരു തെളിവാണ്. അടുത്തിടെ കേരളത്തിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പോലും പ്രചരിപ്പിക്കപ്പെടുന്ന ഒരു ക്ലിപ്പ് ഉണ്ട്. അത് ഒരു ടെലിവിഷന്‍ അവതാരകയുടെ ഒരു മോണലോഗ് ആണ്. 'നാറ്റോയില്‍ ഉക്രൈയിന്‍ വരില്ലെന്ന് ബൈഡന്‍ പറഞ്ഞാല്‍ ഈ യുദ്ധം തീരും' എന്ന് തുടങ്ങുന്ന ഈ ദൃശ്യം ശരിക്കും ഒരു റഷ്യന്‍ നിര്‍മ്മിതിയാണെന്ന് അറിഞ്ഞാലാണ് അവരുടെ സോഷ്യല്‍ മീഡിയ പ്രചാരണത്തിന്‍റെ ശക്തി മനസിലാക്കുക. 

ഔദ്യോഗികമായ അക്കൗണ്ടുകളിലൂടെയും ഈ പ്രചാരണം നടക്കുന്നുണ്ട് എന്നതാണ് സത്യം. വിദേശകാര്യ മന്ത്രാലയത്തിനായുള്ള റഷ്യയുടെ വെരിഫൈഡ് ട്വിറ്റർ അക്കൗണ്ടിന് ഏകദേശം 3 ലക്ഷത്തിന് മുകളില്‍ ഫോളോവേര്‍സ് ഉണ്ട്. ഇത് യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം വര്‍ദ്ധിച്ചുവെന്നതാണ് നേര്. റഷ്യ യുക്രൈയിനിലേക്ക് കടന്നതിന് പിന്നാലെ ഷ്യയുടെ യുക്രെയ്നിലെ അധിനിവേശത്തെ പ്രതിരോധിച്ചുകൊണ്ട് 20-ലധികം ട്വീറ്റുകളാണ് കഴിഞ്ഞ ദിവസം മാത്രം വിദേശകാര്യ മന്ത്രാലയം പോസ്റ്റ് ചെയ്തത്. ഇതിനെല്ലാം നല്ല പ്രതികരണവും ലഭിച്ചു. ഇതിന് പുറമേ റഷ്യ ഫാന്‍സ്, പുടിന്‍ ഫാന്‍സ് പോലുള്ള പേജുകളും കാര്യമായ പണിയിലാണ്. ഔദ്യോഗികമായ അക്കൗണ്ടുകളെ വെല്ലുന്ന രീതിയിലാണ് ഇവയുടെ പ്രചാരണം. 

1.2 മില്യൺ ഫോളവേഴ്സുള്ള റഷ്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ റഷ്യയുടെ യുക്രൈന്‍ ദൗത്യത്തിന്‍റെ  അപ്‌ഡേറ്റുകൾ നിരന്തരം വന്നുകൊണ്ടിരുന്നു. 425,000 ഫോളോവേഴ്‌സുള്ള റഷ്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇൻസ്റ്റഗ്രാം പേജും സജീവമാണ്. ഔദ്യോഗിക ക്രെംലിൻ ഇൻസ്റ്റാഗ്രാം പേജിന് അരമില്ല്യണ്‍ ഫോളോവേര്‍സുണ്ട്. അതേ സമയം പ്രസക്തമായ ചോദ്യം യുഎസ് കമ്പനികളായ ഫേസ്ബുക്കും, ട്വിറ്ററും എന്താണ് ഇവര്‍ക്കെതിരെ നീങ്ങാത്തത് എന്നാണ്. പ്രധാനമായും യൂറോപ്പും യുഎസും ഉപരോധ നടപടികളിലേക്ക് കടന്നതിന് പിന്നാലെ. എന്നാല്‍ ഫെബ്രുവരി 25 വൈകീട്ട് ഇന്ത്യന്‍ സമയം രാത്രിയോടെ ഒരു ട്വീറ്റ് റഷ്യന്‍ അറിയിപ്പായി എത്തി. രാജ്യത്ത് ഫേസ്ബുക്കിന് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. എന്താണ് ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്ന് വാര്‍ത്ത പുറത്തുവിട്ട എഎഫ്പിയും പറയുന്നില്ല. 

നിലപാട്..

'പാശ്ചാത്യ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ റഷ്യയെപ്പോലുള്ള ഒരു ആക്രമണകാരിക്ക് സ്ഥാനമില്ല" - റഷ്യന്‍ ആക്രമണം തുടങ്ങിയതിന് പിന്നാലെ യുക്രൈന്‍ സര്‍ക്കാറിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റാണ്. വാള്‍ സ്ട്രീറ്റ് ജേണല്‍ ഇതില്‍ വിവിധ കമ്പനികളുടെ പ്രതികണം തേടി.

ഈ ട്വീറ്റിനോട് പ്രതികരിക്കാന്‍ ട്വിറ്റര്‍ തയ്യാറായില്ല. ജനങ്ങളുടെ സുരക്ഷയും, പ്ലാറ്റ്ഫോമില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധക്കുക, നയങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതിനാണ് ഇപ്പോള്‍ പ്രധാന്യം നല്‍കുന്നത് എന്നാണ് ട്വിറ്റര്‍ ഇതിനോട് പ്രതികരിച്ചത്. യുക്രൈനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ട്വിറ്റര്‍ വക്താവ് പറയുന്നു.

അതേ സമയം ഫേസ്ബുക്ക് ഇന്‍സ്റ്റ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ തങ്ങള്‍ യുക്രൈന്‍ കാര്യങ്ങള്‍ നോക്കാന്‍ സ്പെഷ്യല്‍ ഓപ്പറേഷന്‍ സെന്‍റര്‍ ആരംഭിച്ചെന്നാണ് പറയുന്നത്. ഇത്തരം ഒരു സംഘര്‍ഷത്തോട് റിയല്‍ ടൈംമായി പ്രതികരിക്കാനാണ് ഉദ്ദേശം എന്ന് ഇവര്‍ വ്യക്തമാക്കുന്നു. ജനങ്ങളുടെ അക്കൗണ്ടുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയതായി ഫേസ്ബുക്ക് ഹെഡ് ഓഫ് സെക്യുരിറ്റി പോളിസി നതാനിയല്‍ ഗ്ലിച്ചര്‍ പറയുന്നു. ഇത്തരം സംവിധാനം അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷത്തിന്‍റെ സമയത്തും ഉണ്ടായിരുന്നതായി ഇവര്‍ വ്യക്തമാക്കുന്നു.

അതേ സമയം അമേരിക്കന്‍ ടെക് ഭീമന്മാരോട് റഷ്യയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന യുക്രൈന്‍ ആവശ്യത്തോട് പ്രതികരിക്കാന്‍ റഷ്യ ഔദ്യോഗികമായി തയ്യാറായിട്ടില്ല. എന്നാല്‍ റഷ്യൻ  അക്കൗണ്ടുകൾക്ക് യഥേഷ്ടം വിഹരിക്കാന്‍ അവസരം ട്വിറ്ററും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഒക്കെ ഒരുക്കുമോ എന്നതാണ് ഉയരുന്ന പ്രസക്തമായ ചോദ്യം. തല്‍ക്കാലം അതിന് അവര്‍ തയ്യാറല്ല എന്നതാണ് സത്യവും. അല്ലെങ്കില്‍ തന്നെ ഇന്ത്യയില്‍ പോലും നാട്ടിന്‍ പുറങ്ങളില്‍ പോലും റഷ്യ തങ്ങളുടെ ആശങ്ങള്‍ എത്തിച്ചുവെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. അതിലൂടെ ഈ സോഷ്യല്‍ മീഡിയ യുദ്ധത്തില്‍ ഒരുഘട്ടത്തില്‍ റഷ്യന്‍ മേല്‍ക്കൈ ഉണ്ടെന്ന് കാണാം.
 

Latest Videos
Follow Us:
Download App:
  • android
  • ios