ഫേസ്ബുക്കിന് ഇരുട്ടടിയായി വോഡഫോണ്‍ തീരുമാനം; ലിബ്ര വീണ്ടും പ്രതിസന്ധിയില്‍
ലിബ്രയ്ക്കെതിരേ അമേരിക്കയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽനിന്ന് എതിർപ്പ് ശക്തമായ സാഹചര്യത്തിലാണു കമ്പനികളുടെ പിന്മാറ്റം. നേരത്തെ കമ്പനികളുടെ പിന്മാറ്റത്തില് ഫേസ്ബുക്ക് പ്രതികരിച്ചിരുന്നു.
ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ലിബ്രയുടെ പ്രയോജകരില്‍ നിന്നും വോഡഫോണും പടിയിറങ്ങി. ഇതോടെ ലിബ്ര അസോസിയേഷനുമായി പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന പത്താമത്തെ കമ്പനിയാണ് വോഡഫോണ്‍. നേരത്തെ പേപാല്‍, മാസ്റ്റര്‍കാര്‍ഡ്, വീസ, ഇ-ബേയ് തുടങ്ങിയ കമ്പനികള്‍ ഫേസ്ബുക്കിന്റെ ഡിജിറ്റല്‍ കറന്‍സി ലിബ്രയുമായുള്ള സഹകരണം അവസാനിപ്പിച്ചിരുന്നു. ഫേസ്ബുക്കിലെ ഇ-കോമേഴ്സ് ആവശ്യങ്ങള്‍ക്കും മറ്റും വികസിപ്പിച്ച ഡിജിറ്റല്‍ കറന്‍സിയാണ് ലിബ്ര.
ലിബ്രയ്ക്കെതിരേ അമേരിക്കയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽനിന്ന് എതിർപ്പ് ശക്തമായ സാഹചര്യത്തിലാണു കമ്പനികളുടെ പിന്മാറ്റം. നേരത്തെ കമ്പനികളുടെ പിന്മാറ്റത്തില് ഫേസ്ബുക്ക് പ്രതികരിച്ചിരുന്നു. ലിബ്രയിൽ തുടരേണ്ടതില്ല എന്ന തീരുമാനത്തെ മാനിക്കുന്നുവെന്നും പദ്ധതി തടസമില്ലാതെതന്നെ മുന്നോട്ടു പോകുമെന്നും ലിബ്രയുടെ ചുമതലയുള്ള ഫേസ്ബുക്ക് എക്സിക്യൂട്ടീവ് ഡേവിഡ് മാർക്കസ് പറഞ്ഞിരുന്നു.
Read More: ലക്ഷം കോടി ബിസിനസ്സില്‍ ഗൂഗിള്‍, പിച്ചെയുടെ മിടുക്ക്; അടുത്തത് ഫേസ്ബുക്ക്?
ലിബ്രയുടെ പ്രവർത്തനം സംബന്ധിച്ച് വ്യക്തത വരുത്താൻ ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിനെ യുഎസ് ഹൗസ് ഫിനാൻഷ്യൽ സർവീസ് കമ്മിറ്റി വിളിപ്പിച്ചിരുന്നു. എന്നാല്‍ ഫേസ്ബുക്ക് നല്കിയ ഉത്തരങ്ങള്‍ തൃപ്തികരമല്ലെന്നാണ് കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ യുഎസ് ഹൗസ് ഫിനാൻഷ്യൽ സർവീസ് കമ്മിറ്റിയിലെ ചില വൃത്തങ്ങള്‍ പറഞ്ഞത്.
കഴിഞ്ഞ ജൂണിലാണ് ഫേസ്ബുക്ക് തങ്ങളുടെ ക്രിപ്റ്റോ കറൻസിയായ ലിബ്ര പ്രഖ്യാപിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളില്ലാത്തവർക്കു പോലും ആശ്രയിക്കാവുന്ന ധനകാര്യ സേവനമെന്നാണ് ലിബ്രയെക്കുറിച്ചു ഫേസ്ബുക്ക് പറഞ്ഞത്.
സോഷ്യൽ മീഡിയ രംഗത്തു തങ്ങൾക്കുള്ള വലിയ സ്വീകാര്യത ലിബ്രയ്ക്ക് അനുകൂലമാക്കാമെന്ന കണക്കുകൂട്ടലും ഫേസ്ബുക്കിനുണ്ടായിരുന്നു. എന്നാൽ, വിമർശനശരങ്ങളാണ് ലിബ്രയെ വരവേറ്റത്. ഇന്ത്യ അടക്കം പല രാജ്യങ്ങളിലും ലിബ്ര നിയമ വിധേയമാകില്ല എന്നതാണ് ഏറ്റവും ഒടുവിലും സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.