ട്വിറ്ററില്‍ നിന്നും ആളുകള്‍ 'മാസ്റ്റോഡോണിലേക്ക്' കുടിയേറുന്നു; എന്താണ് മാസ്റ്റോഡോൺ, അറിയാം.!
ട്വിറ്റര്‍ വിട്ട് മറ്റൊരു പ്ലാറ്റ്ഫോം അശ്രയിച്ചാല്‍ എന്താണ് എന്ന ചിന്ത ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയിലുണ്ടെന്നാണ് വിവരം. അപ്പോള്‍ അതിന് പറ്റിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഏതാണ്?
ന്യൂയോര്‍ക്ക്: ട്വിറ്റര്‍ ഇലോണ്‍ മസ്ക് വാങ്ങിയതിന് പിന്നാലെ നിരവധി ഉപയോക്താക്കള്‍ ട്വിറ്റര്‍ വിട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ട്വിറ്ററില്‍ മസ്ക് വരുത്തുന്ന വലിയ മാറ്റങ്ങള്‍ തന്നെയാണ് ഇത്തരം ഒരു മാറ്റത്തിന് ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പ്രത്യേകിച്ച് അടിസ്ഥാന ഫീച്ചേര്‍സിന് പോലും പണം വേണ്ടിവരും ട്വിറ്റര്‍ ഉപയോഗിക്കാന്‍ എന്ന സ്ഥിതി വിശേഷത്തിലേക്ക് കാര്യം പോകുന്നതില്‍ ലോകത്തിലെ ഏറ്റവും വലിയ മൈക്രോ ബ്ലോഗിംഗ് സൈറ്റ് ഉപയോക്താക്കള്‍ അതൃപ്തരാണ്.
വെരിഫിക്കേഷന്‍ മാര്‍ക്കായ ബ്ലൂടിക്കിന് മാസം എട്ടു ഡോളര്‍ ഇടാക്കാനുള്ള നീക്കം, ട്വിറ്ററിലെ പ്രമുഖ വ്യക്തികളെപ്പോലും പ്രകോപിതരാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ട്വിറ്റര്‍ വിട്ട് മറ്റൊരു പ്ലാറ്റ്ഫോം അശ്രയിച്ചാല്‍ എന്താണ് എന്ന ചിന്ത ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയിലുണ്ടെന്നാണ് വിവരം. അപ്പോള്‍ അതിന് പറ്റിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഏതാണ്?, അതിനുള്ള ഉത്തരമായി ചിലര്‍ പറയുന്നത് മാസ്റ്റോഡോൺ എന്നതാണ്.
ബിബിസി റിപ്പോര്‍ട്ട് പ്രകാരം, മാസ്റ്റോഡോൺ എന്ന പ്ലാറ്റ്ഫോമില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 2,30,000 ഉപയോക്താക്കളാണ് ഈ പ്ലാറ്റ്ഫോമിലേക്ക് വന്നത് എന്നാണ് റിപ്പോര്‍ട്ട്. #Twitterreufugees, #Introduction എന്നീ ഹാഷ്ടാഗുകള്‍ ഈ പ്ലാറ്റ്ഫോമില്‍ ഇപ്പോള്‍ തന്നെ ട്രെന്‍റിംഗാണ്. അതിനാല്‍ തന്നെ എങ്ങനെ ഇവിടെ ഇത്രയും ആള്‍ എത്തിയെന്ന് വ്യക്തം.
ട്വിറ്ററില്‍ നിന്നും ചെറിയ വ്യത്യാസം ഉള്ള ഓപ്പണ്‍ സോര്‍സ് മൈക്രോ ബ്ലോഗിംഗ് സൈറ്റാണ് മാസ്റ്റോഡോൺ. ഇവിടെ വിവിധ കമ്യൂണിറ്റികള്‍ അഥവ സെര്‍വറുകള്‍ ഉണ്ട്. അവയില്‍ ഒരോ ഉപയോക്താവിനും അവരുടെ താല്‍പ്പര്യത്തിന് അനുസരിച്ച് ചേരാം. വികേന്ദ്രീകൃത സോഷ്യല്‍ മീഡിയ എന്ന ആശയമാണ് തങ്ങള്‍ നടപ്പിലാക്കുന്നത് എന്നാണ് മാസ്റ്റോഡോൺ അണിയറക്കാര്‍ പറയുന്നത്.
ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഇ-മെയില്‍ വെരിഫിക്കേഷന്‍ വഴി മാസ്റ്റോഡോണില്‍ അക്കൌണ്ട് തുറക്കാന്‍ സാധിക്കും. 18 വയസ് കഴിഞ്ഞവര്‍ക്കാണ് ഇതില്‍ ചേരാന്‍ സാധിക്കുക. റീബ്ലോഗിംഗ് എന്നാണ് ഇവിടെ റീട്വീറ്റിന് പകരം പറയുന്നത്. പോള്‍ പോസ്റ്റ് ചെയ്യാനും, വീഡിയോ, ഫോട്ടോ എന്നിവ പങ്കുവയ്ക്കാന്‍ സാധിക്കും. ട്വിറ്ററില്‍ ഒരു ട്വീറ്റിന് ക്യാരക്ടര്‍ ലിമിറ്റ് 280 ആണെങ്കില്‍. മാസ്റ്റോഡോൺ നല്‍കുന്നത് 5000 ക്യാരക്ടര്‍ ലിമിറ്റാണ്. ഡയറക്ട് സന്ദേശം, ബ്ലൂടിക്ക് പോലുള്ള ഫീച്ചറുകള്‍ ഇവിടെ ലഭിക്കില്ല.
മസ്കിനെ പരിഹസിച്ച് ഹാസ്യ താരം; അക്കൌണ്ടിന് സ്ഥിര വിലക്കുമായി ഇലോണ്‍ മസ്കിന്‍റെ പ്രതികാരം