ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന ആപ്പുകള്‍ ഇവയാണ്.!
ആപ്പില്‍ നിന്നും വരുമാനം നേടുന്ന നോണ്‍-ഗെയിമിംഗ് ആപ്പുകളെയാണ് ഇതില്‍ പരിശോധിച്ചത്. വീഡിയോ സ്ട്രീമിംഗ് ആപ്പുകളുടെ പ്രചാരം കൂടി വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന ആപ്പുകളുടെ പട്ടികയില്‍ 2019 ല്‍ ഡേറ്റിംഗ് ആപ്പ് ടിന്‍റര്‍ മുന്നില്‍. രണ്ടാംസ്ഥാനത്ത് വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ആണ്. മൂന്നാം സ്ഥാനത്ത് വീഡിയോ ആപ്പായ ടെന്‍സെന്‍റ് ആണ്. പണം കൊടുത്ത് വീഡിയോ കാണുവാനും സൗഹൃദം സ്ഥാപിക്കാനും ആളുകള്‍ കൂടുതല്‍ പണം ചിലവാക്കുന്ന രീതി വര്‍ദ്ധിക്കുന്നു എന്നാണ് ആപ്പ്ആനി.കോം പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. 2019 ജനുവരി മുതല്‍ 2019 നവംബര്‍വരെയുള്ള കണക്കുകള്‍ പരിശോധിച്ചാണ് ഈ കണ്ടെത്തല്‍.
ആപ്പില്‍ നിന്നും വരുമാനം നേടുന്ന നോണ്‍-ഗെയിമിംഗ് ആപ്പുകളെയാണ് ഇതില്‍ പരിശോധിച്ചത്. വീഡിയോ സ്ട്രീമിംഗ് ആപ്പുകളുടെ പ്രചാരം കൂടി വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പരിശോധിച്ച കണക്കുകളുടെ കാലയളവില്‍ അവസാന കാലത്ത് വന്ന ഡിസ്നി പ്ലസ്, ആപ്പിള്‍ ടിവി പ്ലസ് എന്നിവയെ ഒഴിച്ച് നിര്‍ത്തിയാലും ആദ്യത്തെ 20 ആപ്പുകളില്‍ 10 എണ്ണവും വീഡിയോ സ്ട്രീമിംഗ് ആപ്പുകളാണ്.
ടിന്‍റര്‍ ലിസ്റ്റില്‍ ഒന്നാമത് എത്തിയത് അത്ഭുതകരമായ കാര്യമല്ലെന്നാണ് ആപ്പ്ആനി.കോം പറയുന്നത്. ആളുകള്‍ തങ്ങളുടെ ഡേറ്റിംഗുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുവാന്‍ പണം മുടക്കി സബ്സ്ക്രൈബ് ചെയ്യുന്നു. 2014 മുതല്‍ 2019 കാലത്ത് ഡേറ്റിംഗ് ആപ്പിന്‍റെ വരുമാനം 920 ശതമാനം വര്‍ദ്ധിച്ചതായാണ് കണക്ക്. ഈ വര്‍ഷം മാത്രം ടിന്‍ററിന്‍റെ വരുമാനം 2.2 ശതകോടി ഡോളറാണ്. എന്നാല്‍ ആപ്പ് ഡൗണ്‍ലോഡില്‍ ഫേസ്ബുക്ക്.കോം ആണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് ഫേസ്ബുക്കിന്‍റെ തന്നെ മെസഞ്ചറും, മൂന്നാം സ്ഥാനത്ത് ഫേസ്ബുക്കിന്‍റെ തന്നെ വാട്ട്സ്ആപ്പും ആണ്. ഇത് ആറാം കൊല്ലമാണ് ആപ്പ്ആനി.കോം ലിസ്റ്റില്‍ ഫേസ്ബുക്കും, അതിന്‍റെ ആപ്പുകളും ഈ സ്ഥാനം നിലനിര്‍ത്തുന്നത്.
വിവിധ ആപ്പ് സ്റ്റോറുകളില്‍ നിന്നുള്ള 120 ബില്ല്യണ്‍ ആപ്പുകളുടെ കണക്കാണ് ആപ്പ്ആനി.കോം പരിശോധിച്ചത്. ലോകത്തിലെ മൊത്തം ആപ്പ് ഡൗണ്‍ലോഡ് 5 ശതമാനം വര്‍ദ്ധിച്ചതായി കണക്കുകള്‍ പറയുന്നു. എന്നാല്‍ ആപ്പുകള്‍ക്ക് ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന വരുമാനം ഒരോ വര്‍ഷവും 15 ശതമാനം വര്‍ദ്ധിക്കുകയാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.