ടിക് ടോക് നിരോധനം പിൻവലിച്ചു; മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കി

അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

tik tok ban lifted by madras high court

ചൈന്നൈ: സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ 'ടിക് ടോക്കി'ന്‍റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. ടിക്ക് ടോക്ക് ഉടമസ്ഥരായ ബൈറ്റ് ഡാൻസ് കമ്പനി ഉൾപ്പടെ നൽകിയ ഹർജികളിലാണ് മധുര ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. അശ്ലീല സ്വഭാവമുള്ള വീഡിയോകൾ ഉൾപ്പെടുത്തരുത് എന്നത് ഉൾപ്പടെ കർശന ഉപാധികളോടെയാണ് കോടതി വിലക്ക് പിൻവലിച്ചത്. ബുധനാഴ്ചക്കുള്ളിൽ നിരോധനത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

ബുധനാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും അല്ലെങ്കില്‍ ടിക്ക് ടോക്കിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഇല്ലാതാവും എന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിർദ്ദേശം. മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം ഇക്കഴിഞ്ഞ ഏപ്രിൽ 17 മുതലാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ടിക്ക് ടോക്ക് ആപ്ലിക്കേഷൻ രാജ്യത്ത് പിൻവലിച്ച് തുടങ്ങിയത്. കുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നും വീഡിയോകൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും പരാമർശിച്ചായിരുന്നു കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കോടതിയുടെ നിർദേശം.

അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്നും മറ്റും ഈ ആപ്പ് പിന്‍വലിച്ചിരുന്നു.

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യത്തില്‍ നടപടി എടുത്തത് എന്ന് ചൂണ്ടിക്കാട്ടി ടിക്ക് ടോക്കിന്‍റെ മാതൃക കമ്പനിയായ ബൈറ്റ് ഡാൻസ് പുനപരിശോധന ഹർജി നൽകിയത്. ഏറെ ജനപ്രിയമായി കഴിഞ്ഞ ആപ്ലിക്കേഷൻ നിരോധിച്ചതിലൂടെ പ്രതിദിനം 3.5 കോടിയുടെ നഷ്ടത്തിന് വഴിവയ്ക്കുന്നുവെന്നും 54 മില്യൺ ഉപഭോക്താക്കൾ ഇന്ത്യയിലെന്നും കമ്പനി ചൂണ്ടികാട്ടി. ഈ വാദം അംഗീകരിച്ച കോടതി മുൻപ് ആശങ്ക രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ ഇനി ആപ്ലിക്കേഷനിൽ ഉണ്ടാകരുതെന്ന് നിർദേശിച്ചു.

ടിക്ക് ടോക്ക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനുള്ള വിലക്ക് നീക്കാനും കോടതി നിർദേശിച്ചു. കുട്ടികളുടെ വീഡിയോകൾ ഉൾപ്പെടുത്തുമ്പോൾ കർശന നിരീക്ഷണം വേണമെന്നും അശ്ലീലതയുടെ ഒരംശം പോലും ഉണ്ടായാൽ കോടതി അലക്ഷ്യമാക്കി കണക്കാക്കുമെന്നും ജസ്റ്റിസ് എസ് എസ് സുന്ദർ, എൻ കിരുമ്പാകരൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ടിക് ടോക്ക് നിരോധിക്കാൻ നിയമനടപടി സ്വീകരിക്കണമെന്ന് തമിഴ്നാട് സർക്കാർ നേരത്തെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തമിഴ് സംസ്കാരത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു അന്ന് സർക്കാർ ചൂണ്ടിക്കാട്ടിയത്.

Latest Videos
Follow Us:
Download App:
  • android
  • ios