സുന്ദര്‍ പിച്ചൈയ്ക്ക് വന്‍ പുതുവത്സര സമ്മാനം; ഗൂഗിള്‍ ചരിത്രത്തിലെ ഏറ്റവും വലിയ 'ബോണസ്'.!
ഈ മാസമാണ് ഗൂഗിള്‍ മാതൃകമ്പനി മേധാവിയായി ഇന്ത്യന്‍ വംശജന്‍ സുന്ദര്‍ പിച്ചൈ നിയമിതനായത്. ഗൂഗിള്‍ സഹസ്ഥാപകര്‍ കമ്പനി ദൗത്യങ്ങളില്‍ നിന്നും വിരമിച്ചതോടെയാണ് പിച്ചൈയെ തേടി ലോകത്തിലെ ഏറ്റവും വലിയ ഇന്‍റര്‍നെറ്റ് കമ്പനിയുടെ മേധാവി സ്ഥാനം എത്തുന്നത്.
സന്‍ഫ്രാന്‍സിസ്കോ: ഗൂഗിള്‍ മാതൃകമ്പനി ആല്‍ഫബെറ്റിന്‍റെ പുതിയ സിഇഒയായി തെരഞ്ഞെടുക്കപ്പെട്ട സുന്ദര്‍ പിച്ചൈയ്ക്ക് വന്‍ പുതുവത്സര സമ്മാനം. പിച്ചൈയുടെ പ്രകടനത്തിനുള്ള പ്രതിഫലമായി 24 കോടി അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള സ്റ്റോക്ക് പാക്കേജാണ് ഇദ്ദേഹത്തിന് ലഭിക്കുക. വാര്‍ഷിക ശമ്പളമായ രണ്ട് ദശലക്ഷം ഡോളറിന് പുറമേയാണ് ഇത് നല്‍കുന്നത്. ഇതിന് പുറമേ ആല്‍ഫബെറ്റിലെ ജോലിക്ക് ഇദ്ദേഹത്തിന് 90 ദശലക്ഷം ഡോളര്‍ വേറെയും ലഭിക്കും.
ഈ മാസമാണ് ഗൂഗിള്‍ മാതൃകമ്പനി മേധാവിയായി ഇന്ത്യന്‍ വംശജന്‍ സുന്ദര്‍ പിച്ചൈ നിയമിതനായത്. ഗൂഗിള്‍ സഹസ്ഥാപകര്‍ കമ്പനി ദൗത്യങ്ങളില്‍ നിന്നും വിരമിച്ചതോടെയാണ് പിച്ചൈയെ തേടി ലോകത്തിലെ ഏറ്റവും വലിയ ഇന്‍റര്‍നെറ്റ് കമ്പനിയുടെ മേധാവി സ്ഥാനം എത്തുന്നത്. ഗൂഗിള്‍ സ്ഥാപകരായ ലാറി പേജ്, സെന്‍ജി ബ്രിന്‍ എന്നിവര്‍ തങ്ങളുടെ ഔദ്യോഗിക സ്ഥനങ്ങള്‍ ഒഴിയാന്‍ നേരത്തെ തീരുമാനം എടുത്തിരുന്നു. എന്നാല്‍ കമ്പനി ഡയറക്ടര്‍മാരായും ഓഹരി ഉടമകളുമായി ഇവര്‍ തുടരും.
2004ലാണ് സുന്ദർ പിച്ചൈ ഗൂഗിളിൽ ജോലിക്കു കയറുന്നത്. ഗൂഗിൾ ടൂൾബാറിന്റെയും ഗൂഗിൾ ക്രോമിന്റെയും രൂപീകരണത്തിലേക്ക് സ്ഥാപനത്തെ നയിച്ചത് സുന്ദർ ആയിരുന്നു. 2015 ഓഗസ്റ്റിൽ ഗൂഗിളിന്റെ സിഇഒ ആയി ചുമതലയേറ്റു. ഗൂഗിളിന്റെ പാരന്റിങ് കമ്പനിയായ ആൽഫബെറ്റിന്റെ ഡയറക്ടര്‍ ബോർഡിൽ 2017 ജൂലൈ മുതൽ അംഗമാണ്.
ഇന്ത്യയിലെ ചെന്നൈയിൽ വളർന്ന സുന്ദർ പിച്ചൈ, ഐഐടിയിൽനിന്നാണ് എൻജിനീയറിങ് പാസായത്. സ്റ്റാൻഫോര്‍ഡ് സർവകലാശാലയില്‍നിന്ന് മാസ്റ്റേഴ്സ് ബിരുദവും വാർട്ടൻ സ്കൂളിൽനിന്ന് എംബിഎയും പാസായി.