ശ്രീലങ്കയില്‍ 12 മണിക്കൂര്‍ സോഷ്യല്‍ മീഡിയ നിരോധനം
ശ്രീലങ്കയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട സാമുദായിക ഐക്യം തകര്‍ക്കുന്ന സന്ദേശങ്ങളും ദൃശ്യങ്ങളും പടരാതിരിക്കാന്‍ ആണ് നീക്കം.
കൊളംമ്പോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരയെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് 12 മണിക്കൂര്‍ നിരോധനം ഏര്‍പ്പെടുത്തി. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് അടക്കമുള്ള ആപ്പുകളും സൈറ്റുകളുമാണ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത്. ഞായറാഴ്ച വൈകീട്ട് 6 മുതല്‍ തിങ്കളാഴ്ച രാവിലെ 6 വരെയാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന നിരോധനം. ഇത് നീട്ടുന്ന കാര്യം പിന്നീട് ആലോചിക്കും.
ശ്രീലങ്കയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട സാമുദായിക ഐക്യം തകര്‍ക്കുന്ന സന്ദേശങ്ങളും ദൃശ്യങ്ങളും പടരാതിരിക്കാന്‍ ആണ് നീക്കം. കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ മരണസംഖ്യ 160 ആയെന്നും പരിക്കേറ്റവരുടെ എണ്ണം നാന്നൂറിലേറെയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈസ്റ്റര്‍ ദിവസമായതിനാല്‍ ക്രിസ്ത്യന്‍ പള്ളികളില്‍ എല്ലാം വിശ്വാസികളുടെ നല്ല തിരക്കുണ്ടായിരുന്നത് ആള്‍നാശം വര്‍ധിപ്പിച്ചു.
വടക്കന്‍ കൊളംബോയിലെ സെന്‍റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലുണ്ടായ സ്ഫോടനത്തില്‍ അന്‍പതോളം പേര്‍ മരിച്ചതായി കൊളംബോ പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.