വീണ്ടും ട്രംപിന്‍റെ 'വ്യാജ വീഡിയോ'; നീക്കം ചെയ്തു; റീട്വീറ്റ് ചെയ്ത ട്രംപിന്‍റെ മകന് വിലക്ക്
ഫേസ്ബുക്കും യൂട്യൂബും വീഡിയോയുടെ പതിപ്പുകള്‍ നീക്കം ചെയ്തു, പിന്നീട് ട്വിറ്ററും ട്രംപ് പങ്കിട്ട പോസ്റ്റ് നീക്കം ചെയ്തു.
ന്യൂയോര്‍ക്ക്: പണ്ടു തൊട്ടേ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന് വേണ്ടി ശക്തമായി വാദിക്കുന്ന ഒരാളാണ്. അത് പലപ്പോഴും അതിരു കടന്നതോടെ അദ്ദേഹത്തിനു കോവിഡ് ടീമിനെ തന്നെ പിരിച്ചുവിടേണ്ടി വന്ന അവസ്ഥയുണ്ടായി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും കിട്ടാവുന്നത്രയും മരുന്നു ശേഖരിച്ചു വെയര്‍ഹൗസില്‍ വച്ചപ്പോഴാണ് ലോകാരോഗ്യ സംഘടന തന്നെ ഇതിന്‍റെ കൊവിഡിനെതിരായ ഫലപ്രാപ്തിക്കെതിരെ സംശയം പ്രകടിപ്പിച്ചത്.
എന്നിട്ടും ഇപ്പോഴും, ട്രംപ് ഈ മരുന്നിന് വേണ്ടി ശക്തമായി രംഗത്തുണ്ട്. അത്തരമൊരു വീഡിയോ, ട്വിറ്ററില്‍ ഇട്ടതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വലിയ രീതിയില്‍ പ്രതികരിച്ചു. പ്രതിരോധ നടപടിയായി താന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എടുക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ് മെയ് മാസത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ഇത്തരം വ്യാജ വീഡിയോയുമായി പ്രസിഡന്‍റ് എത്തിയത്. കൊറോണ വൈറസിനെക്കുറിച്ച് തെറ്റായ അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കല്‍ ക്ലെയിമുകള്‍ ഉള്‍ക്കൊള്ളുന്ന വൈറല്‍ വീഡിയോയായിരുന്നു ഇത്. ചൊവ്വാഴ്ച രാത്രി പ്രസിഡന്‍റ് ട്രംപ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കിട്ടത്.
ഫേസ്ബുക്കും യൂട്യൂബും വീഡിയോയുടെ പതിപ്പുകള്‍ നീക്കം ചെയ്തു, പിന്നീട് ട്വിറ്ററും ട്രംപ് പങ്കിട്ട പോസ്റ്റ് നീക്കം ചെയ്തു. പക്ഷേ, അപ്പോഴേയ്ക്കും ട്രംപിന്റെ പോസ്റ്റിന് താഴെ രൂക്ഷമായാണ് പലരും പ്രതികരിച്ചത്. വലതുപക്ഷ വാര്‍ത്താ സൈറ്റ് ബ്രെറ്റ്ബാര്‍ട്ട് ഫേസ്ബുക്കില്‍ പങ്കിട്ട വീഡിയോയായിരുന്നു ഇത്. ഫേസ്ബുക്ക് ഇതു നീക്കംചെയ്യുന്നതിന് മുമ്പ് 13 ദശലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. എഡിറ്റുചെയ്ത ക്ലിപ്പുകള്‍ ഉള്‍പ്പെടെ വീഡിയോയുടെ മറ്റ് പതിപ്പുകള്‍ ഓണ്‍ലൈനില്‍ വൈറലായി. എന്നാല്‍ അതൊക്കെയും ട്രംപിന് ഇരുട്ടടിയായെന്നു മാത്രം.
വീഡിയോയില്‍ ഒരു കൂട്ടം ഡോക്ടര്‍മാര്‍ വെളുത്ത കോട്ട് ധരിച്ച് വാഷിംഗ്ടണ്‍ ഡി.സിയിലെ സുപ്രീം കോടതി കെട്ടിടത്തിന് മുന്നില്‍ നില്‍ക്കുന്നത് വാര്‍ത്താ സമ്മേളനം പോലെയാണ് അവതരിപ്പിച്ചത്. പ്രതിരോധ നടപടിയായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എടുക്കാമെന്ന് ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഇവര്‍ നടത്തുന്നതായാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.
കൊറോണ വൈറസിനെ ചികിത്സിക്കുന്നതിനോ തടയുന്നതിനോ ഈ മരുന്നു ഗുണം ചെയ്യില്ലെന്നും മറിച്ച് അപകടസാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നു കണ്ട് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ജൂണില്‍ ഇതു റദ്ദാക്കുകയും ചെയ്തിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ജൂണില്‍ നിര്‍ത്തിവച്ചു.
ചൊവ്വാഴ്ച, വ്യാപകമായി പ്രചരിപ്പിച്ച വീഡിയോ പങ്കിട്ടതിന് ശേഷം പ്രസിഡന്റിന്റെ മൂത്തമകനായ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്‍റെ അക്കൗണ്ടിനും ട്വിറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തി. തെറ്റായ വിവരങ്ങളോടെയുള്ള ട്വീറ്റ് ഇല്ലാതാക്കേണ്ടതുണ്ടെന്ന് ട്വിറ്റര്‍ പറഞ്ഞു, മാത്രമല്ല അക്കൗണ്ടിന്റെ പ്രവര്‍ത്തനം 12 മണിക്കൂര്‍ പരിമിതപ്പെടുത്തുമെന്നും അറിയിച്ചു. 'നിങ്ങള്‍ പരാമര്‍ശിച്ച ട്വീറ്റ് ഞങ്ങളുടെ കോവിഡ് 19 തെറ്റായ വിവര നയത്തിന്റെ ലംഘനമാണ്, ഞങ്ങളുടെ നയത്തിന് അനുസൃതമായി ഞങ്ങള്‍ നടപടിയെടുക്കുന്നു.' ട്വിറ്റര്‍ വക്താവ് ഇയാന്‍ പ്ലങ്കറ്റ് പറഞ്ഞു.