കൂടുതല്‍ 'ദേശി'യായി സ്നാപ് ചാറ്റ്
ഇന്ത്യൻ ഉപയോക്താക്കൾക്ക് കൂടുതൽ പ്രാദേശികമായ ഉള്ളടക്കം നൽകാന്‍ ആവിഷ്കരിച്ച 'ഡിസ്കവർ ഇൻ ഇന്ത്യ' എന്ന പദ്ധതി പ്രകാരമാണ് പുതിയ അപ്ഡേറ്റ്
ദില്ലി: നാല് ഇന്ത്യൻ പ്രാദേശിക ഭാഷകൾ ലഭ്യമാക്കി സ്നാപ് ചാറ്റ്. ഇതിനായി ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്ഫോണുകളിൽ സ്‌നാപ്ചാറ്റ് ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഗൂഗിളിൻറെ പ്ലേ-സ്റ്റോർ അല്ലെങ്കിൽ ആപ്പിളിന്‍റെ അപ്ലിക്കേഷൻ സ്റ്റോർ സന്ദർശിച്ച് അപ്ലിക്കേഷൻ പേജിലെ അപ്ഡേറ്റ് ബട്ടൺ അമർത്തിക്കൊണ്ട് ഈ പുതിയ സേവനം ഉപയോഗിക്കാം. ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി എന്നി ഭാഷകളാണ് ലഭ്യമായിരിക്കുന്നത്.
ഇന്ത്യൻ ഉപയോക്താക്കൾക്ക് കൂടുതൽ പ്രാദേശികമായ ഉള്ളടക്കം നൽകാന്‍ ആവിഷ്കരിച്ച 'ഡിസ്കവർ ഇൻ ഇന്ത്യ' എന്ന പദ്ധതി പ്രകാരമാണ് പുതിയ അപ്ഡേറ്റ്. ഹോളി ആഘോഷവേളയിൽ സ്നാപ്പ്ചാറ്റ് ലോക്കലൈസ്ഡ് ലെൻസ്, ഫിൽട്ടറുകൾ, സ്റ്റിക്കറുകൾ പുറത്തിറക്കിയിരുന്നു. ഇന്റർനാഷണൽ വുമൺ ദിനത്തിൽ വിവിധ സ്റ്റിക്കറുകൾ, ഫിൽട്ടറുകൾ, ബിറ്റ്മോജികൾ തുടങ്ങിയവയെല്ലാം രാജ്യത്തൊട്ടാകെ വ്യാപിപ്പിച്ചു.
ട്വിറ്റർ ന്യൂസ് ഫോർ ഇന്ത്യയുടെ മുൻ തലവനായ റഹേൽ ഖുർഷിദിനെ കഴിഞ്ഞ വർഷം ഇന്ത്യ വിദഗ്ദ്ധനായി സ്നാപ്പ്ചാറ്റ് നിയമിച്ചിരുന്നു. വി ആർ സോഷ്യൽ ആൻഡ് ഹൂട്സുട്ടിന്റെ റിപ്പോർട്ടിൽ സ്നാപ്ചാറ്റിനെ ഇന്ത്യയിലെ പത്താമത്തെ ഏറ്റവും സജീവ സാമൂഹിക മാധ്യമ ശൃംഖലയായി തിരഞ്ഞെടുത്തിരുന്നു. അനലിറ്റിക്‌സ് പ്ലാറ്റഫോമായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ട് പ്രകാരം സ്നാപ്ചാറ്റിന് 2019 ജനവരി വരെ ഇന്ത്യയിൽ 11.15 മില്ല്യൻ ഉപയോക്താക്കളുണ്ട്.