പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം: സ്വന്തം നന്മയ്ക്കായി, വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

പ്രിയ പൗരന്മാരേ, ഞങ്ങൾ എല്ലാ പ്രകോപനപരമായ പോസ്റ്റുകളും കാണുകയും സൂക്ഷിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സ്വന്തം നന്മയ്ക്കായി, വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ ജാഗ്രത പാലിക്കുക– എന്നതാണ്  ബെംഗളൂരു പൊലീസിന്റെ ട്വീറ്റ്. 
 

Section 144 imposed in Bengaluru police check social media post

ബംഗലൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രക്ഷോഭമാണ് രാജ്യ വ്യാപകമായി ഉയരുന്നത്. കേരളത്തിന്‍റെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ചില സ്ഥലങ്ങള്‍ അടക്കം ചില സംസ്ഥാനങ്ങളിൽ സെക്‌ഷൻ 144 പ്രാബല്യത്തിൽ വന്നു. 144 വന്നതോടെ എല്ലാ സോഷ്യൽ മീഡിയ പോസ്റ്റുകളും നിരീക്ഷിക്കുകയും പ്രകോപനപരമായവ നീക്കം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ബെംഗളൂരു പൊലീസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.

പ്രിയ പൗരന്മാരേ, ഞങ്ങൾ എല്ലാ പ്രകോപനപരമായ പോസ്റ്റുകളും കാണുകയും സൂക്ഷിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സ്വന്തം നന്മയ്ക്കായി, വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ ജാഗ്രത പാലിക്കുക– എന്നതാണ്  ബെംഗളൂരു പൊലീസിന്റെ ട്വീറ്റ്. 

സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പോസ്റ്റുചെയ്യുന്നതിനോ പങ്കിടുന്നതിനോ മുൻപ് രണ്ടുതവണ ചിന്തിക്കണമെന്നാണ് ബെംഗളൂരു പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. അതേ സമയം മംഗളൂരു സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ. വെടിവെപ്പിന്‍റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കാസ‍ർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ പൊലീസ് സുരക്ഷ കർശനമാക്കി.

കർണാടകത്തിലെ മുഴുവൻ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അഭ്യർത്ഥിച്ചു. കലബുറഗി, മൈസൂരു, ഹാസൻ, ബെല്ലാരി, ഉത്തര കന്നഡ ജില്ലകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എഡിജിപി ബി ദയാനന്ദ് മംഗളൂരുവിൽ എത്തി. അതേസമയം നിരോധനാജ്ഞ ലംഘിച്ചു ബെംഗളൂരുവിൽ സമരം ചെയ്യുമെന്ന് വിവിധ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പൊലീസ് വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കേരള അതിർത്തിയോട് ചേർന്നുള്ള ദക്ഷിണ കന്നഡ ജില്ലയിൽ ഇന്‍റര്‍നെറ്റിന് രണ്ട് ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി. 

പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പ്പിൽ ഇന്നലെ രാജ്യത്താകെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മംഗലാപുരത്ത് രണ്ട് പേരും ലക്‌നൗവിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. രണ്ടിടത്തും പൊലീസ് വെടിവയ്പ്പിലാണ് പ്രതിഷേധക്കാർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.  അതേസമയം തങ്ങൾ ഉപയോഗിച്ചത് റബ്ബർ പെല്ലെറ്റാണെന്ന് കർണ്ണാടക പൊലീസും വെടിവച്ചിട്ടില്ലെന്ന് യുപി പൊലീസും പറഞ്ഞു.

മംഗളൂരുവിൽ വെടിയേറ്റ ജലീൽ, നൗഷീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗലാപുരത്ത് നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കാനെത്തിയത്. കമ്മീഷണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios