പുടിന്‍റെ പുതിയ പ്രഖ്യാപനം വന്നതിന് പിന്നാലെ ഗൂഗിളില്‍ റഷ്യക്കാര്‍ ഏറ്റവും തിരഞ്ഞത് 'എങ്ങനെ റഷ്യ വിടാം'.!
നിലവില്‍ പുടിൻ ഒരു ഭാഗിക മിലിട്ടറി മൊബിലൈസേഷനാണ് ഉത്തരവിട്ടിരിക്കുന്നത്. അതായത് റഷ്യയിലെ പൊതുജനങ്ങളില്‍ ഒരു നിശ്ചിത ശതമാനം പേരോട് മാത്രമേ ഉക്രെയ്നിനെതിരായ ആക്രമണത്തിൽ ചേരാൻ ആവശ്യപ്പെടുകയുള്ളൂ.
മോസ്കോ: ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെ റഷ്യയിലെ ഗൂഗിള്‍ സെര്‍ച്ചില്‍ 'എങ്ങനെ റഷ്യ വിടാം', 'എങ്ങനെ "വീട്ടിൽ കൈ എങ്ങനെ ഒടിക്കാം" എന്നീ സെര്‍ച്ചുകള്‍ കൂടിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ പുടിന്‍ "സൈനിക നിയമം", " "മിലിട്ടറി മൊബിലൈസേഷൻ" എന്നിവ പ്രഖ്യാപിച്ചിരിക്കുകയാണ്.
യുക്രൈന്‍ യുദ്ധത്തിനായി ഭാഗികമായി ജനങ്ങളെ അണിനിരത്താൻ ഉത്തരവിട്ടിരിക്കുകയാണ് പുടിന്‍. 77 വർഷങ്ങൾക്ക് മുമ്പ് രണ്ടാം ലോകമഹായുദ്ധസമയത്താണ് റഷ്യ അവസാനമായി ഇത്തരമൊരു നീക്കം നടത്തിയത്.
അടിസ്ഥാനപരമായി ഒരു രാഷ്ട്രം സൈന്യത്തിനായി എല്ലാം സമാഹരിക്കുകയും യുദ്ധത്തിനുള്ള സാധനസാമഗ്രികളെയും തയ്യാറാക്കുകയും ചെയ്യുന്നതാണ് സൈനിക സമാഹരണം അഥവ "മിലിട്ടറി മൊബിലൈസേഷൻ". ഒരു രാജ്യം "മിലിട്ടറി മൊബിലൈസേഷൻ" ഉത്തരവ് ഇറക്കുകയാണെങ്കില്‍ സജീവമായ സൈനിക സേവനത്തിനായി ജനങ്ങളെ കൂടുതല്‍ സായുധ സേനയില്‍ ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നു എന്നതാണ് അര്‍ത്ഥം. അവസാനമായി രണ്ടാം ലോക മഹായുദ്ധകാലത്ത് റഷ്യ അഥവ അന്നത്തെ സോവിയറ്റ് യൂണിയന്‍ ഇത്തരത്തില്‍ ഉത്തരവിട്ടപ്പോൾ, 19 വയസ്സുള്ള എല്ലാവരും സോവിയറ്റ് ആർമിയിൽ ചേരാൻ ബാധ്യസ്ഥനായിരുന്നു. 18 വയസ്സുള്ളവർക്ക് സന്നദ്ധസേവനത്തിനും പ്രേരിപ്പിക്കപ്പെട്ടിരുന്നു.
എന്നാല്‍ നിലവില്‍ പുടിൻ ഒരു ഭാഗിക മിലിട്ടറി മൊബിലൈസേഷനാണ് ഉത്തരവിട്ടിരിക്കുന്നത്. അതായത് റഷ്യയിലെ പൊതുജനങ്ങളില്‍ ഒരു നിശ്ചിത ശതമാനം പേരോട് മാത്രമേ ഉക്രെയ്നിനെതിരായ ആക്രമണത്തിൽ ചേരാൻ ആവശ്യപ്പെടുകയുള്ളൂ. നിലവിൽ, മോസ്കോയുടെ പക്കലുള്ള ഏകദേശം 25 ദശലക്ഷം പോരാളികളിൽ നിന്ന് 300,000 റിസർവലിസ്റ്റുകളെ ഉക്രെയ്നിൽ യുദ്ധം ചെയ്യാൻ വിളിക്കും എന്നാണ് ഇന്നലെയിറക്കിയ റിപ്പോര്‍ട്ട് പറയുന്നത്.
ഇതോടെയാണ് ഗൂഗിളിലെ സെര്‍ച്ച് കൂടിയത്. റഷ്യയിലുടനീളമുള്ള പുരുഷന്മാരില്‍ കൂടുതലും സൈന്യത്തിൽ സേവനമനുഷ്ഠിച്ചവരും ജൂനിയർ മിലിട്ടറി റാങ്കുകളുള്ളവരുമായ 35 വയസ്സിന് താഴെയുള്ള റിസർവിസ്റ്റുകൾക്ക് അവരുടെ ഓഫീസുകളിലോ അവരുടെ വീടുകളിലോ രേഖാമൂലം അറിയിപ്പുകൾ കൈമാറിയതായി റിപ്പോർട്ടുണ്ട്.
അവരുടെ തിരിച്ചറിയൽ രേഖകൾ തെരുവിൽ പരിശോധിക്കുകയും ആരോഗ്യ പരിശോധനയ്ക്ക് ഹാജരാകാൻ പറയുകയും ചെയ്തു. മറ്റുള്ളവർ ടെലിഫോൺ വഴി ഉത്തരവ് അറിയിച്ചുവെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
അതേ സമയം വടക്കുകിഴക്കൻ യുക്രൈനില്‍ നിർണായക പോരാട്ടത്തില്‍ റഷ്യ പരാജയത്തിന്‍റെ വക്കിലായതാണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നില്‍ എന്നാണ് വിവരം. ഇതോടെ മിലിട്ടറി മൊബിലൈസേഷനായുള്ള റഷ്യൻ പ്രസിഡന്റിന്‍റെ പ്രസംഗം പൗരന്മാർക്കിടയിൽ അസ്വസ്ഥതയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രസിഡന്‍റിന്‍റെ പ്രസംഗത്തിന്‍റെ സമയത്തെ ഗൂഗിൾ തിരയൽ ട്രെൻഡുകളിൽ വ്യക്തമായി പ്രതിഫലിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
യുദ്ധക്കുറ്റം; റഷ്യന്‍ സേന നടത്തിയ 21,000-ലധികം യുദ്ധക്കുറ്റങ്ങൾ തിരിച്ചറിഞ്ഞതായി യുക്രൈന്‍