പീപ്പിള്‍സ് ഫോര്‍ ആനിമലിന്‍റെ സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു

മേനക ഗാന്ധി ഒരു ആനയുടെ മരണം മോശം രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നു. ഒപ്പം ആന ചെരിഞ്ഞ അമ്പലപ്പാറ പ്രദേശം പാലക്കാടാണെന്ന് തെളിയിക്കാന്‍ ഗൂഗിള്‍ മാപ്പ് ചിത്രവും സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

People for animals site hacked by kerala cyber warriors

ദില്ലി: പാലക്കാട് സൈലന്‍റ്വാലിയുടെ അതിര്‍ത്തിയില്‍ ഗര്‍ഭിണിയായ ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ടുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടിയായി പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് സംഘടനയുടെ സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്സ്. ഭക്ഷണസാധനത്തില്‍ വച്ച പടക്കം കടിച്ചതിനെ തുടര്‍ന്ന് ചെരിഞ്ഞ വിഷയത്തില്‍ ആദ്യം മലപ്പുറത്താണ് സംഭവം എന്ന് പ്രതികരിച്ച ബിജെപി നേതാവ് മേനക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗ സംരക്ഷണ സംഘടനയാണ് പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ്. 

മേനക ഗാന്ധി ഒരു ആനയുടെ മരണം മോശം രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നു. ഒപ്പം ആന ചെരിഞ്ഞ അമ്പലപ്പാറ പ്രദേശം പാലക്കാടാണെന്ന് തെളിയിക്കാന്‍ ഗൂഗിള്‍ മാപ്പ് ചിത്രവും സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ അജണ്ട കൃത്യമാണെന്നും നിങ്ങളുടെ മൃഗസ്നേഹം മുസ്ലീം വിരോധത്തിന്‍റെ മുഖംമൂടിയാണെന്നും. എംപിയും, മുന്‍ മന്ത്രിയുമായ താങ്കളുടെ വ്യാജപ്രചാരണം രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും സൈറ്റില്‍ എഴുതിവച്ചിട്ടുണ്ട്. 

അതേ സമയം കഴിഞ്ഞ ദിവസം ആന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം ജില്ലയെ അവഹേളിച്ചു പ്രസ്താവന നടത്തിയ ബിജെപി എംപി മേനക ഗാന്ധിക്കെതിരെ മുസ്ലിം ലീഗ് വക്കീൽ നോട്ടീസ് അയച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്‌ പാർട്ടിയുടെ അഭിഭാഷക സംഘടനയായ ലോയേഴ്സ് ഫോറം മുഖേനയാണ് വക്കീൽ നോട്ടീസയച്ചത്. പരാമർശം പിൻവലിച്ച് മലപ്പുറത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ഉചിതമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. 

നേരത്തെ ഈ പ്രസ്താവനയോട് പ്രതികരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റിദ്ധാരണയുടെ ഭാഗമായി പറഞ്ഞതാണെങ്കില്‍ മേനകാ ഗാന്ധി തിരുത്തുമായിരുന്നു എന്നും. തിരുത്താന്‍ തയാറാകാതിരിക്കുന്നത് ബോധപൂര്‍വ്വം പറഞ്ഞതാണ് എന്നാണ് കാണിക്കുന്നതെന്നും ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ, സ്ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍  ജില്ലയുടെ പേരെടുത്ത് പറഞ്ഞ് നടത്തുന്ന വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ങ്ങള്‍ കൂടുന്നതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ നടപടികളെടുക്കും എന്നും പ്രസ്താവിച്ചു.
 

Latest Videos
Follow Us:
Download App:
  • android
  • ios