ഫേസ്ബുക്ക് 'ന്യൂസ്' ഫീച്ചര്‍ അവതരിപ്പിച്ചു; ഒപ്പം വിവാദവും
ഇന്നത്തെ വാര്‍ത്തകള്‍, പ്രധാന വാര്‍ത്തകള്‍, ഇഷ്ടവിഷയങ്ങള്‍, പണം കൊടുത്ത് വായിക്കാവുന്നവ, വ്യക്തിപരമായി വായിക്കാന്‍ താല്‍പര്യപ്പെടുന്നവ തുടങ്ങി ഉപഭോക്താവിന്റെ അഭിരുചിക്ക് അനുസരിച്ചാണ് ഫേസ്ബുക്ക് ന്യൂസ് വാള്‍ ക്രമീകരിക്കപ്പെടുക.
വാഷ്ങ്ടണ്‍ : കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫേസ്ബുക്ക് തങ്ങളുടെ പുതിയ പ്രോഡക്ട് അവതരിപ്പിച്ചത്. വാര്‍ത്തകള്‍ അതിവേഗം അറിയാനും, ഗുണനിലവാരമുള്ള ജേര്‍ണലിസത്തിനും വേണ്ടി വാര്‍ത്തകള്‍ക്ക് മാത്രമായി ഒരു ടാബ് എന്നതാണ് ഫേസ്ബുക്ക് അവതരിപ്പിച്ച ആശയം. ഫോക്സ് നെറ്റ്വര്‍ക്ക് ഉടമകളായ ന്യൂസ് കോര്‍പ്പറേഷന്‍ സിഇഒ റോബര്‍ട്ട് തോംസണുമായുള്ള ഒരു മുഖാമുഖത്തിലൂടെയാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് ന്യൂസിന് തുടക്കമിട്ടത്.
ഉപഭോക്താക്കളുടെ ഇഷ്ടം അനുസരിച്ച് വാര്‍ത്തകള്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് ഫേസ്ബുക്ക് ഏറ്റെടുത്തിരിക്കുന്നത്. ഫേസ്ബുക്ക് ആപ്പിനുള്ളില്‍ തന്നെ പ്രത്യേക ടാബ് വാര്‍ത്താ പ്ലാറ്റ്ഫോമിനായി മാറ്റിവെച്ചുകൊണ്ടാണ് പുതിയ സംവിധാനം. ന്യൂസ് ടാബ് എന്നാണ് ഇതിന്റെ പേര്. ആപ്പ് അപ്‌ഡേഷനില്‍ പുതിയ മാറ്റങ്ങള്‍ ലഭ്യമാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ വീഡിയോ, മാര്‍ക്കറ്റ് പ്ലേസ് എന്നത് പോലെ ഫേയ്‌സബുക്ക് ഹോം പേജിലെ ന്യൂസ് എന്ന ടാബില്‍ ചെയ്യുമ്പോള്‍ ടൈംലൈന്‍ പോലെ വാര്‍ത്തകള്‍ വായിക്കാന്‍ സാധിക്കും. അമേരിക്കയില്‍ അവതരിപ്പിച്ച ഈ സംവിധാനം ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വൈകാതെ ലഭ്യമാകും.
ഇന്നത്തെ വാര്‍ത്തകള്‍, പ്രധാന വാര്‍ത്തകള്‍, ഇഷ്ടവിഷയങ്ങള്‍, പണം കൊടുത്ത് വായിക്കാവുന്നവ, വ്യക്തിപരമായി വായിക്കാന്‍ താല്‍പര്യപ്പെടുന്നവ തുടങ്ങി ഉപഭോക്താവിന്റെ അഭിരുചിക്ക് അനുസരിച്ചാണ് ഫേസ്ബുക്ക് ന്യൂസ് വാള്‍ ക്രമീകരിക്കപ്പെടുക. ഫേയ്‌സബുക്ക് വ്യാജ വാര്‍ത്തകളുടെ വേദിയാകുന്നു എന്ന ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. 200ലധികം വാര്‍ത്താ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ന്യൂസ് ടാബ് അവതരിപ്പിക്കുന്നത്.
ഗൂഗിള്‍ ന്യൂസ് പോലുള്ള സംവിധാനത്തെ വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരു അഗ്രിഗേറ്റ് ന്യൂസ് പ്ലാറ്റ് ഫോം ആണ് ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ടൈം ലൈനില്‍ തന്നെ ലഭിക്കുന്ന വാര്‍ത്ത ലിങ്കുകളെ അവിടെ നിന്നും മാറ്റുവാന്‍ കുറേക്കാലമായി ഫേസ്ബുക്ക് നീക്കം ആരംഭിച്ചിട്ട്. ഇതിന്‍റെ പരിഷ്കരിച്ച പതിപ്പാണ് പുതിയ സംവിധാനം. അതേ സമയം അമേരിക്കയില്‍ ഇത് സംബന്ധിച്ച് വിവാദങ്ങളും ഉടലെടുക്കുന്നുണ്ട്. ന്യൂയോര്‍ക്ക് ടൈംസ്, വാഷിംങ്ടണ്‍ പോസ്റ്റ് അടക്കം ഫേസ്ബുക്ക് അമേരിക്കയില്‍ വലിയ പങ്കാളികളെയാണ് ന്യൂസ് പദ്ധതിക്ക് ഏര്‍പ്പാടാക്കിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ വ്യാജവാര്‍ത്തകളുടെ പേരില്‍ വിവാദത്തിലായ സൈറ്റുകളും കടന്നുകൂടി എന്നാണ് ആക്ഷേപം. ഇതില്‍ ബ്രിറ്റ്ബാര്‍ട്ട് പോലുള്ള സൈറ്റുകള്‍ ഉണ്ട്.
ബ്രിറ്റ്ബാര്‍ട്ട് പോലുള്ള സൈറ്റുകള്‍ എങ്ങനെ ഫേസ്ബുക്ക് ന്യൂസില്‍ എത്തി എന്ന ചോദ്യത്തിന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമായ ഉത്തരം നല്‍കിയില്ലെന്നാണ് ദ വെര്‍ജ് അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിറ്റ്ബാര്‍ട്ടിനെ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ച സുക്കര്‍ബര്‍ഗ് വിവിധ വശങ്ങളില്‍ നിന്നുള്ള ന്യൂസ് അറിയാന്‍ ഇത് സഹായകരമാണ് എന്നാണ് പറഞ്ഞത്. ഒരു പാര്‍ട്ണര്‍ ഫേസ്ബുക്ക് ന്യൂസ് ടാബില്‍ പ്രത്യക്ഷപ്പെട്ടു എന്നത് എന്നും അവിടെയുള്ള സ്ഥാനമല്ലെന്നും മാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.