റീല്‍സ് ഇന്ത്യയില്‍; ടിക്ടോക്കിന് ഇന്‍സ്റ്റഗ്രാമിന്‍റെ വക ബദല്‍
അധികം വൈകാതെ തന്നെ എല്ലാ ഉപയോക്താക്കളിലും എത്തുന്ന റീല്‍സ്, ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപുലമായി ടെസ്റ്റിംഗാണ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ദില്ലി: ടിക്ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ ഇന്ത്യയില്‍ പുതിയ ടൂള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. റീല്‍സ് എന്ന പേരിലാണ് ഈ ചെറു വീഡിയോ ടൂള്‍ ഇന്‍സ്റ്റഗ്രാം നടപ്പിലാക്കുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ ടെസ്റ്റ് മോഡിലാണ് ഈ ടൂള്‍.
അധികം വൈകാതെ തന്നെ എല്ലാ ഉപയോക്താക്കളിലും എത്തുന്ന റീല്‍സ്, ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപുലമായി ടെസ്റ്റിംഗാണ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഏതൊക്കെ ഉപയോക്താക്കള്‍ക്ക് റീല്‍സ് ലഭിക്കുമെന്ന് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം വ്യക്തമാക്കിയിട്ടില്ല.
റീല്‍സ് നേരത്തെ ബ്രസീലിലാണ് ആദ്യമായി അവതരിപ്പിച്ചത്. ഇത് വഴി ഉപയോക്താവിന് 15 സെക്കന്‍റ് വീഡിയോ നിര്‍മ്മിക്കാം. ഇതിന്‍റെ മ്യൂസിക്ക്, ബാക്ഗ്രൌണ്ട് എന്നിവ തിരഞ്ഞെടുക്കാം. ഇതാണ് റീല്‍സിന്‍റെ അടിസ്ഥാന രൂപം. ബ്രസീലിന് ശേഷം ജര്‍മ്മനിയിലും ഫ്രാന്‍സിലും ഈ ടൂള്‍ ഇന്‍സ്റ്റഗ്രാം പരീക്ഷിച്ചിരുന്നു.
ഇന്‍സ്റ്റഗ്രാം ക്യാമറ ഇന്‍റര്‍ഫേസിനൊപ്പം ഓപ്ഷനായാണ് റീല്‍സ് ടൂള്‍ ലഭിക്കുക. ഇതില്‍ വീഡിയോ എടുത്ത് എഡിറ്റും ചെയ്യാന്‍ പറ്റും. ഗ്രീന്‍ സ്ക്രീന്‍ പോലെ ചില മാര്‍ക്വി എഫക്റ്റ്സും ലഭിക്കും. റീലില്‍ നിര്‍മ്മിക്കപ്പെടുന്ന വീഡിയോകള്‍ കാണുവാന്‍ നിങ്ങള്‍ക്ക് റീല്‍സ് എന്ന ടാബ് ലഭിക്കും. ഇതില്‍ ടിക്ടോക്ക് പോലെ തന്ന നിലയ്ക്കാതെ റീല്‍സ് വീഡിയോകള്‍ ലഭിക്കും.
ടിക്ടോക്ക് പോലുള്ള ആപ്പുകള്‍ക്ക് ബദലായി 2018ല്‍ ഐജി ടിവി എന്ന സ്റ്റാന്‍റ് എലോണ്‍ ആപ്പ് ഇന്‍സ്റ്റഗ്രാം നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഈ വീഡിയോ ഫീച്ചര്‍ ആപ്പ് വലിയ വിജയം നേടിയില്ല. ഇതുവരെ 7 മില്ല്യണ്‍ ഡൌണ്‍ലോഡ് മാത്രമാണ് ഈ ആപ്പിന് ലഭിച്ചത്.