ഹോട്ട്സ്റ്റാര്‍ ഇനി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍; രൂപമാറ്റം കണ്ടന്‍റിലും
ലോഗോയിലും മാറ്റം ഉണ്ട്. സ്റ്റാര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്ന നക്ഷത്ര ചിഹ്നം ഉള്‍പ്പെടുന്ന ഹോട്ട്സ്റ്റാറിന്റെ ലോഗോ മാറി. ഇപ്പോള്‍ കടും നീല നിറത്തിലുള്ള ഗ്രേഡിയന്റ് പശ്ചാത്തലത്തില്‍ ഹോട്ട്സ്റ്റാര്‍ എന്ന് എഴുതിയിരിക്കുന്നതാണ് ലോഗോ.
മുംബൈ: ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് സേവനമായ ഹോട്ട്സ്റ്റാര്‍ പുതിയ രൂപത്തില്‍ എത്തുന്നു. ഹോട്ട്സ്റ്റാര്‍ ആരംഭിച്ച സ്റ്റാര്‍ ഇന്ത്യയെ വാള്‍ട്ട് ഡിസ്നി കമ്പനി ഏറ്റടുത്തതോടെയാണ് പുതിയ മാറ്റം സാധ്യമായത്. ഹോട്ട്‌സ്റ്റാറിന്‍റെ പേരിലും മാറ്റം വന്നിട്ടുണ്ട്. ഇനി മുതല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ എന്ന പേരിലാവും ഹോട്ട്സ്റ്റാര്‍ എത്തുക. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിലാണ് ഹോട്ട്സ്റ്റാറിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പുകള്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആയി അപ്ഡേറ്റ് ചെയ്യപ്പെട്ടത്.
ലോഗോയിലും മാറ്റം ഉണ്ട്. സ്റ്റാര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്ന നക്ഷത്ര ചിഹ്നം ഉള്‍പ്പെടുന്ന ഹോട്ട്സ്റ്റാറിന്റെ ലോഗോ മാറി. ഇപ്പോള്‍ കടും നീല നിറത്തിലുള്ള ഗ്രേഡിയന്റ് പശ്ചാത്തലത്തില്‍ ഹോട്ട്സ്റ്റാര്‍ എന്ന് എഴുതിയിരിക്കുന്നതാണ് ലോഗോ. പുതിയ രൂപകല്‍പന ഹോട്ട്സ്റ്റാറിന്‍റെ വെബ്സൈറ്റില്‍ പ്രകടമായിട്ടില്ല. എങ്കിലും ഡിസ്നി പ്ലസ് ഉള്ളടക്കങ്ങള്‍ ഹോട്ട്സ്റ്റാറിന്‍റെ എല്ലാ പതിപ്പുകളിലും ലഭ്യമാണ്. ഹോട്ട്സ്റ്റാറിന്‍റെ പഴയ വിഐപി, പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്.
ഹോളിവുഡ് സിനിമകളുടെയും ഒറിജിനല്‍ പ്രൊഡക്ഷനുകളുടേയും വന്‍ശേഖരമാണ് ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഉപയോക്താക്കളിലെത്തുക. മാര്‍വെലിന്റെ സ്റ്റാര്‍വാര്‍സ് പരമ്പര, പിക്സാറിന്‍റെ അനിമേഷന്‍ സിനിമകള്‍, ഡിസ്നിയുടെ തന്നെ സ്വന്തം പ്രൊഡക്ഷനുകള്‍ നാഷണല്‍ ജ്യോഗ്രഫിക് ഡോക്യുമെന്‍ററികള്‍ ഉള്‍പ്പടെ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആസ്വദിക്കാം. ഇന്ത്യയിലെ മുന്‍നിര സ്ട്രീമിങ് സേവനങ്ങളായ ആമസോണ്‍ പ്രൈം, നെറ്റ് ഫ്ളിക്സ് പോലുള്ള സേവനങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ് വാള്‍ട്ട് ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള ഹോട്ട്സ്റ്റാര്‍ ഉയര്‍ത്തുക.