ഹൈക്ക് ലാന്‍ഡ് അവതരിപ്പിച്ച് ഹൈക്ക്; സന്ദേശ ആപ്പ് ഇനി 'മായിക ലോകം'.!
ഒരു ഹൈക്ക് ഉപയോക്താവിന് തങ്ങളുടെ ചാറ്റിംഗ് സുഹൃത്തിനൊപ്പം ഒരു സാധാരണ ലോകത്ത് എന്ന പോലെ ഹാങ്ഔട്ട് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഹൈക്ക് ലാന്‍ഡിന് രൂപം നല്‍കിയിരിക്കുന്നത്.
ബംഗലൂരു: ഇന്ത്യന്‍ മെസേജ് ആപ്പായ ഹൈക്ക് മൊബൈല്‍ വെര്‍ച്വല്‍ ലാന്‍ഡ് അവതരിപ്പിച്ചു. ഹൈക്ക് ലാന്‍ഡ് എന്നാണ് ഇതിന്‍റെ വേര്. ഹൈക്ക് ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ സോഷ്യല്‍ പ്രോഡക്ട്. 17 വയസ് മുതല്‍ 22 വയസ് വരെയുള്ള യുവാക്കളെയാണ് പ്രധാനമായും ഹൈക്ക് ലാന്‍ഡ് ഉദ്ദേശിക്കുന്നത്.
ഒരു ഹൈക്ക് ഉപയോക്താവിന് തങ്ങളുടെ ചാറ്റിംഗ് സുഹൃത്തിനൊപ്പം ഒരു സാധാരണ ലോകത്ത് എന്ന പോലെ ഹാങ്ഔട്ട് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഹൈക്ക് ലാന്‍ഡിന് രൂപം നല്‍കിയിരിക്കുന്നത്. 2012 ല്‍ വാട്ട്സ്ആപ്പിന് ബദലായി കെവിന്‍ മിത്തല്‍ ഭാരതി സ്ഥാപിച്ച ആപ്ലിക്കേഷനാണ് ഹൈക്ക്.
സ്റ്റിക്കര്‍ ചാറ്റ്, ഗെയിംമിംഗ് തുടങ്ങിയ നൂതന രീതികള്‍ ചാറ്റിംഗ് പ്ലാറ്റ്ഫോമില്‍ അവതരിപ്പിച്ച ഹൈക്കില്‍ ടൈഗര്‍ ഗ്ലോബല്‍, സോഫ്റ്റ് ബാങ്ക് പോലുള്ള ആഗോള ഭീമന്മാര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഒപ്പം തന്നെ ഹൈക്കിന്‍റെ യൂസര്‍ ബേസും വലിയ രീതിയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ ഒരു സൂപ്പര്‍ ആപ്പ് എന്നതായിരുന്നു ഞങ്ങള്‍ ലക്ഷ്യം വച്ചത്. എന്നാല്‍ കാര്യങ്ങള്‍ മാറി. ഇപ്പോള്‍ ഉപയോക്തക്കള്‍ക്ക് ആവശ്യം വെര്‍ച്വല്‍ കമ്യൂണിറ്റികളാണ്. ഇതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ പലപ്പോഴും പേഴ്സണല്‍ കമ്പ്യൂട്ടറില്‍ ഒതുങ്ങുന്നു. ഇത് മൊബൈല്‍ അധിഷ്ഠിതമല്ല.
അതിനാല്‍ മൊബൈല്‍ അധിഷ്ഠിതമാണ് ഹൈക്ക് വേള്‍ഡ്. മൊബൈല്‍ സന്ദേശ ആപ്പുകളുടെ കാലം കഴിയുകയാണ് ഇനി വരുന്നത് വെര്‍ച്വല്‍ വേള്‍ഡാണ് - കെവിന്‍ മിത്തല്‍ ഇക്കണോമിക് ടൈംസിനോട് ഹൈക്ക് വേള്‍ഡ് സംബന്ധിച്ച് പ്രതികരിച്ചു.
ഹൈക്കിന്‍റെ കണക്ക് പ്രകാരം 2 ദശലക്ഷം സജീവ അംഗങ്ങളാണ് ഒരു ആഴ്ചയില്‍ ആപ്പിനുള്ളത്. ഇവര്‍ ദിവസം 35 മിനുട്ട് ശരാശരി ആപ്പില്‍ ചിലവഴിക്കുന്നു എന്നാണ് ഹൈക്ക് വൃത്തങ്ങള്‍ പറയുന്നത്.