2.67 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ വെറും 41,500 രൂപയ്ക്ക്.!
2.67 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഇ-മെയില്‍ ഐഡി, പേര്, ഫേസ്ബുക്ക് ഐഡി, ജനന തീയതി, ഫോണ്‍ നമ്പറുകള്‍ എന്നിവയാണ് വില്‍പ്പന നടത്തിയ വിവരങ്ങള്‍.
ന്യൂയോര്‍ക്ക്: 2.67 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സൈബര്‍ റിസ്ക് അവലോകന സ്ഥാപനം സൈബിള്‍ ആണ് ഈ കാര്യം വ്യക്തമാക്കിയത്. നേരത്തെ ലോക്ക്ഡൗണ്‍ കാലത്ത് പ്രശസ്തമായ സൂം ആപ്പിലെ അഞ്ച് ലക്ഷം പേരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് എന്ന് കണ്ടെത്തിയ സ്ഥാപനമാണ് സെബിള്‍. ചോര്‍ത്തിയ വിവരങ്ങള്‍ വെറും 500 യൂറോയ്ക്ക് (41,500 രൂപയ്ക്ക്) വിറ്റുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
2.67 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഇ-മെയില്‍ ഐഡി, പേര്, ഫേസ്ബുക്ക് ഐഡി, ജനന തീയതി, ഫോണ്‍ നമ്പറുകള്‍ എന്നിവയാണ് വില്‍പ്പന നടത്തിയ വിവരങ്ങള്‍. എന്നാല്‍ പാസ്വേര്‍ഡുകള്‍ വില്‍പ്പന നടത്തിയ വിവരങ്ങളില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് സൈബിള്‍ പറയുന്നത്.
വിവരങ്ങള്‍ ചോര്‍ത്തിയതാകാം, അതിനായി തേര്‍ഡ് പാര്‍ട്ടി ആപ്ലികേഷനുകളോ, സ്ക്രാപിംഗ് പോലുള്ള രീതികളോ ഉപയോഗിച്ചിരിക്കാമെന്നാണ് സൈബിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ഡിസംബറില്‍ തന്നെ 2.67 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ന്നു എന്ന വാര്‍ത്ത വന്നിരുന്നു. അന്ന് ഇത് ഹാക്കര്‍മാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ ലഭ്യമാണ് എന്നാണ് കോംപെറീടെക് എന്ന് സൈറ്റ് പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കിയത്.
അന്ന് അതിനോട് പ്രതികരിച്ച ഫേസ്ബുക്ക് വക്താവ് ഈ വിവരങ്ങള്‍ ഫേസ്ബുക്കിലെ പുതിയ സുരക്ഷ മുന്‍കരുതലുകള്‍ വരുന്നതിനും രണ്ടുവര്‍ഷം മുന്‍പുള്ള ഡാറ്റയാണ് എന്നാണ്. അതേ സമയം പുതിയ റിപ്പോര്‍ട്ടിന്‍റെ വെളിച്ചത്തില്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ് സെബിള്‍.