യുആര്‍എല്‍ മുഴുവന്‍ കാണിക്കില്ല പുതിയ തീരുമാനവുമായി ക്രോം
ഗൂഗിള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന ഈ രീതിയെക്കുറിച്ച് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത് നല്ല നടപടിയല്ലെന്ന വാദമാണ് പല ടെക് വൃത്തങ്ങളില്‍ നിന്നും ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ഇതില്‍ കൂടുതല്‍ വിശദീകരണവുമായി ഗൂഗിള്‍ ക്രോം രംഗത്ത് എത്തുകയാണ്.
ന്യൂയോര്‍ക്ക്: ലോകത്തില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന വെബ് ബ്രൌസറായ ഗൂഗിളിന്‍റെ ക്രോം സുപ്രധാനമായ മാറ്റം കൊണ്ടുവരുന്നു. അടുത്ത ഗൂഗിള്‍ ക്രോം അപ്ഡേറ്റില്‍ ഒരു ലിങ്ക് തുറക്കുമ്പോള്‍ അതിന്‍റെ അഡ്രസ് ബാറില്‍ ഫുള്‍ യുആര്‍എല്ലിന് പകരം സൈറ്റ് അഡ്രസ് മാത്രമേ കാണിക്കൂ.
അതായത് നിങ്ങള്‍ asianetnews.com ലെ ഒരു വാര്‍ത്ത ലിങ്കില്‍ ക്ലിക്ക് ചെയ്ത് കയറുമ്പോള്‍ അഡ്രസ് ബാറില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കും പോലെ മുഴുവന്‍ അഡ്രസും ലഭിക്കില്ല. പകരം asianetnews.com എന്ന് മാത്രമേ കാണൂ.
എന്നാല്‍ ഗൂഗിള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന ഈ രീതിയെക്കുറിച്ച് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത് നല്ല നടപടിയല്ലെന്ന വാദമാണ് പല ടെക് വൃത്തങ്ങളില്‍ നിന്നും ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ഇതില്‍ കൂടുതല്‍ വിശദീകരണവുമായി ഗൂഗിള്‍ ക്രോം രംഗത്ത് എത്തുകയാണ്. പുതിയ പരിഷ്കാരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഗൂഗിള്‍ ക്രോം തീരുമാനം.
ഒരു ക്രോം ഡെവലപ്പറെ ഉദ്ധരിച്ച് പുതിയ മാറ്റത്തെക്കുറിച്ച് എച്ച്ടി ടെക് പറയുന്നത് ഇതാണ്, പിഷിംഗ് പോലുള്ള സൈബര്‍ തട്ടിപ്പുകള്‍ക്കെതിരായ വലിയ നീക്കത്തിന്‍റെ ഭാഗമായി കൂടി ഈ പരിഷ്കാരം കാണക്കിലെടുക്കണം. ഇത്തരം തട്ടിപ്പുകളെ നേരിടാന്‍ വെബ് പ്ലാറ്റ്ഫോമുകളില്‍ മാറ്റം ആത്യവശ്യമാണ്. ഇപ്പോള്‍ ഉള്ള യുആര്‍എല്‍ ഡിസ് പ്ലേ സംവിധാനം ഇതിന് പ്രാപ്തമല്ല എന്ന് തന്നെ പറയാം.
ഉടന്‍ ആവിഷ്കരിക്കുന്ന ഡൊമൈന്‍ ഡിസ് പ്ലേ സംവിധാനം സെര്‍ച്ചിംഗ് സംവിധാനത്തിന്‍റെ ക്വാളിറ്റിയിലും ക്വാന്‍റിറ്റിയിലും ഗുണപരമായ മാറ്റം വരുത്തുമെന്നാണ് ഗൂഗിള്‍ കരുതുന്നത്. വ്യാജ ലിങ്കുകള്‍ വഴി ഓണ്‍ലൈന്‍ കെണിയില്‍ പെടുത്തുന്ന രീതി കുറയ്ക്കാനും നല്ല സൈറ്റുകളെ അതിവേഗം ഡൊമൈനുകളിലൂടെ ഉപയോക്താവിന് തിരിച്ചറിയാനും കഴിയും എന്നാണ് ഗൂഗിള്‍ പുതിയ മാറ്റത്തിന്‍റെ മേന്‍മയായി മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ പുതിയ രീതി ഇഷ്ടമല്ലാത്ത ഉപയോക്താക്കള്‍ക്ക് മുന്‍പുള്ള പോലെ മുഴുവന്‍ യുആര്‍എല്‍ കാണുവാനുള്ള ഓപ്ഷനും പുതിയ സംവിധാനത്തില്‍ ലഭ്യമാക്കും. ഇതിനുള്ള ഓപ്ഷനും നല്‍കിയായിരിക്കും പുതിയ പരിഷ്കാരം വരുക.
കഴിഞ്ഞ വര്‍ഷം പുറത്തുവന്ന അമേരിക്കന്‍ അഡ്വന്‍സ് കമ്പ്യൂട്ടിംഗ് സിസ്റ്റം അസോസിയേഷന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഇപ്പോള്‍ ബ്രൌസറുകള്‍ പിന്തുടരുന്ന യുഅര്‍എല്‍ കാണിക്കുന്ന രീതികള്‍ മാറ്റുന്ന കാര്യം നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം HTTP യില്‍ തുടങ്ങുന്ന വെബ് അഡ്രസുകള്‍ ഒരു സൈബര്‍ ഉപയോക്താവിനെ കെണിയില്‍ പെടുത്താന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന്‍റെ വെളിച്ചത്തില്‍ കൂടിയാണ് ക്രോം തീരുമാനം.