അവസാന മണിക്കൂറുകളിലും 'രംഗോലി' തേടി ഇന്ത്യക്കാര്‍; ഗൂഗിള്‍ പേ ഓഫര്‍ ഇന്നവസാനിക്കും
പ്രധാനമായും രംഗോലി എന്ന സ്റ്റാമ്പ് ആര്‍ക്കും ലഭ്യമല്ലെന്നാണ് പലരും പരാതി ഉന്നയിക്കുന്നത്. ഓഫര്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും രംഗോലിയെ തേടി അലയുകയാണ് ഇന്ത്യക്കാര്‍. ബാക്കി സ്റ്റാംമ്പുകള്‍ എല്ലാം ലഭിച്ചു, ഇനി രംഗോലി കിട്ടിയാല്‍ 251 രൂപ കിട്ടും എന്നതാണ് പലരുടെയും അവസ്ഥ
ദില്ലി: ദീപാവലിയോടനുബന്ധിച്ച് ഓണ്‍ലൈന്‍ പേമെന്‍റ് രംഗത്തെ പ്രധാനകമ്പനികളിലൊന്നായ ഗൂഗുള്‍ പേ അവതരിപ്പിച്ച 'ദിവാലി കളക്ഷന്‍' ഇന്ന് അവസാനിക്കും. വലിയ പ്രതികരണമാണ് ഗൂഗിള്‍ പേയുടെ ദീപാവലി കളക്ഷന്‍ നേടി 251 രൂപ നേടാം എന്ന ഓഫറിന് ലഭിച്ചത്. ഒക്ടോബര്‍ 21ന് ആരംഭിച്ച ഈ ഓഫര്‍ ഇന്ന് അര്‍ധരാത്രി 11.59നാണ് അവസാനിക്കുക.
ഓണ്‍ലൈന്‍ പേമെന്‍റ് രംഗത്തെ പ്രധാനകമ്പനികളായ പേടിഎം, ഫോണ്‍ പേ അടക്കം വിവിധ ഓഫറുകള്‍ ദീപാവലി സീസണില്‍ നല്‍കിയിരുന്നെങ്കിലും സോഷ്യല്‍ മീഡിയ കീഴടക്കിയത് ഗൂഗിള്‍ പേ കളക്ഷന്‍ തന്നെയായിരുന്നു. ദീപം, രംഗോലി, ജുംമ്ക, ഫ്ലവര്‍, ലാന്‍റേണ്‍ എന്നീ സ്റ്റാമ്പുകള്‍ നേടിയാല്‍ 251 രൂപ നേടാം എന്നതായിരുന്നു ഓഫര്‍.
ഈ സ്റ്റാംമ്പുകള്‍ ലഭിക്കാന്‍ ഗൂഗിള്‍ പേ വഴി ബില്ലടയ്ക്കുകയോ, റീചാര്‍ജ് ചെയ്യുകയോ വേണം. ഇതെല്ലാം ശേഖരിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 31ന് 251 രൂപ അക്കൗണ്ടില്‍ എത്തും. അത് കൂടാതെ ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന ലക്കി വിന്നര്‍ക്ക് ഇതിലും വലിയ സമ്മാനം കാത്തിരിക്കുന്നുണ്ട്. അഞ്ച് ദീപാവലി സ്റ്റാമ്പുകള്‍ ശേഖരിക്കൂ, നിങ്ങളുടെ സമ്മാനം കെട്ടഴിക്കൂ എന്നാണ് ഒക്ടോബര്‍ 21ന് ഗൂഗിള്‍ പേ ട്വിറ്റ് ചെയ്തത്. മെഗാ സമ്മാനം ഒരു ലക്ഷം രൂപയാണ്.
വിളക്കുകള്‍ സ്കാന്‍ ചെയ്താലും സ്റ്റാമ്പ് കിട്ടും. മറ്റുള്ളവ സ്ക്രാച്ച് കാര്‍ഡ്, പേമെന്‍റ് എന്നിവയിലൂടെ ലഭിക്കും. മൊത്തം പത്ത് ലക്ഷം രംഗോലി, ഫ്ലവര്‍ സ്റ്റാമ്പുകളും ലഭ്യമാണെന്ന് ഗൂഗിള്‍ പേ പറയുന്നു. അതേ സമയം തന്നെ സ്റ്റാമ്പുകള്‍ കയ്യിലുള്ളവര്‍ക്ക് അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനും സാധിക്കുമായിരുന്നു. ഒപ്പം തന്നെ തന്‍റെ കയ്യില്‍ ഒരു സ്റ്റാമ്പിന്‍റെ കുറവുണ്ട് അത് നല്‍കാമോ എന്ന് മറ്റുള്ളവരോട് ചോദിക്കനും സൗകര്യമൊരുക്കിയിരുന്നു.
ഈ ഫീച്ചര്‍ വന്നതോടെ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ അപേക്ഷയും, യാചിക്കലുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. നിങ്ങള്‍ ഈ ദീപാവലിക്ക് ഞങ്ങളെ ശരിക്കും യാചകരാക്കി എന്നാണ് ഇത് സംബന്ധിച്ച് ട്വിറ്ററില്‍ ഒരു ഉപയോക്താവ് കുറിച്ചത്. പ്രധാനമായും രംഗോലി എന്ന സ്റ്റാമ്പ് ആര്‍ക്കും ലഭ്യമല്ലെന്നാണ് പലരും പരാതി ഉന്നയിക്കുന്നത്. ഓഫര്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും രംഗോലിയെ തേടി അലയുകയാണ് ഇന്ത്യക്കാര്‍. ബാക്കി സ്റ്റാംമ്പുകള്‍ എല്ലാം ലഭിച്ചു, ഇനി രംഗോലി കിട്ടിയാല്‍ 251 രൂപ കിട്ടും എന്നതാണ് പലരുടെയും അവസ്ഥ.