ഗൂഗിള്‍ മാപ്പ് ചതിച്ചു; വരനും ബന്ധുക്കളുമെത്തിയത് മറ്റൊരു വിവാഹവീട്ടില്‍
കെന്‍ഡലില്‍ നിന്നുള്ള വരനെ കാത്തിരുന്ന ഉള്‍ഫയുടെ വിവാഹ വേദിയിലേക്ക് എത്തിയത് പെമാലാംഗില്‍ നിന്നുള്ള വരനായിരുന്നു. ഉള്‍ഫ എന്ന 27കാരിയുടെ വീട്ടിലേക്കാണ് വരനെത്തിയത്.
ക്വാലലംപൂര്‍: വധുവിന്‍റെ വീട്ടിലേക്ക് ഗൂഗിള്‍ മാപ്പ് നല്‍കിയ വഴി പിന്തുടര്‍ന്ന വരനും ബന്ധുക്കളുമെത്തിയത് മറ്റൊരു വിവാഹവീട്ടില്‍. ഒരേ ഗ്രാമത്തിലെ രണ്ടു വീടുകളില്‍ വിവാഹം നടന്നതോടെയാണ് ഗൂഗിള്‍ മാപ്പിന് കണ്‍ഫ്യൂഷനായത്. ക്വാലാലംപൂരിലാണ് സംഭവം. കെന്‍ഡലില്‍ നിന്നുള്ള വരനെ കാത്തിരുന്ന ഉള്‍ഫയുടെ വിവാഹ വേദിയിലേക്ക് എത്തിയത് പെമാലാംഗില്‍ നിന്നുള്ള വരനായിരുന്നു.
ഉള്‍ഫ എന്ന 27കാരിയുടെ വീട്ടിലേക്കാണ് വരനെത്തിയത്. അവസാനവട്ട മെയ്ക്ക് അപ്പുകളില്‍ ആയതിനാല്‍ പന്തലില്‍ എത്തിയവരെ ഉള്‍ഫയും ആദ്യം കണ്ടിരുന്നില്ല. വീട് മാറിയെത്തിയ വരന്‍റെ വീട്ടുകാരെ ഉള്‍ഫയുടെ വീട്ടുകാര്‍ ക്ഷണിച്ചിരുത്തി. സമ്മാനങ്ങള്‍ കൈമാറി. ഇതിനിടയിലാണ് വരന്‍റെ ബന്ധുക്കള്‍ക്ക് വീട് മാറിയോയെന്ന സംശയം തോന്നിയത്.
ഇതിനിടെ വേദിയിലെത്തിയ വധുവും ഇവരെ കണ്ട് കണ്‍ഫ്യൂഷനിലായി. ബന്ധുക്കളായി വന്നവരില്‍ ആരെയും വധുവിന് അറിയാതെ വന്നതോടെ ആശയക്കുഴപ്പം നീങ്ങി. ക്ഷമാപണം നടത്തി വീടുമാറിക്കയറിയ വരന്‍റെ സംഘം പോവേണ്ട കല്യാണ വീട്ടിലേക്കും പോയി. ഈ വരനെ യഥാര്‍ത്ഥത്തില്‍ അവര്‍ പോവേണ്ടിയിരുന്ന അടുത്തുതന്നെയുള്ള വീട്ടില്‍ ഉള്‍ഫയുടെ ബന്ധുക്കളെത്തിക്കുകയായിരുന്നു.