പഴയ വാര്‍ത്തകള്‍ ഷെയര്‍ ചെയ്ത് അബദ്ധത്തിലാകരുത്; ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കും
ഇനി 90 ദിവസത്തിലേറെ പഴക്കമുള്ള വാര്‍ത്തകളാണ് ഷെയര്‍ ചെയ്യാന്‍ ഒരുങ്ങുന്നതെങ്കില്‍ മുന്നറിയിപ്പു നല്‍കാനാണ് ഫെയ്‌സ്ബുക് ഉദ്ദേശിക്കുന്നതെന്നാണ് ദ വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ന്യൂയോര്‍ക്ക്: വ്യാജ പ്രചാരണങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമെതിരെയുള്ള ഫേസ്ബുക്കിന്‍റെ നടപടികളില്‍ പുതിയ ഫീച്ചര്‍ കൂടി. ഫേസ്ബുക്കില്‍ ഉപയോക്താവ് ഒരു വാര്‍ത്ത കണ്ട് ഷെയര്‍ ചെയ്യാന്‍ പോയാല്‍. പഴയ ലിങ്കാണ് ഷെയർ ചെയ്യാന്‍ ഒരുങ്ങുന്നതെങ്കില്‍ ഫേസ്ബുക്ക് അപ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കും.
ഇനി 90 ദിവസത്തിലേറെ പഴക്കമുള്ള വാര്‍ത്തകളാണ് ഷെയര്‍ ചെയ്യാന്‍ ഒരുങ്ങുന്നതെങ്കില്‍ മുന്നറിയിപ്പു നല്‍കാനാണ് ഫെയ്‌സ്ബുക് ഉദ്ദേശിക്കുന്നതെന്നാണ് ദ വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളുടെ പഴയ വാര്‍ത്തകള്‍ പുതിയതെന്ന രീതിയില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്നതില്‍ വലിയ പരാതികള്‍ ഉയര്‍ന്ന ഘട്ടത്തിലാണ് ഇത്തരം ഒരു മാറ്റം ഫേസ്ബുക്ക് ആലോചിക്കുന്നത്. ഇത് സംബന്ധിക്കുന്ന ഒരു വീഡിയോ ഫേസ്ബുക്ക് പുറത്തുവിട്ടിട്ടുണ്ട്
വാര്‍ത്ത വന്ന സന്ദര്‍ഭം പരിഗണിക്കാതെയുള്ള ഷെയറിങ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അടുത്തു വരുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ്, കൊറോണാവൈറസിന്റെ വ്യാപനം തുടങ്ങി പല കാര്യങ്ങളിലും ഫേസ്ബുക്കിന്‍റെ പുതിയ സംവിധാനം ഗുണകരമാകും.
അതേ സമയം പരസ്യദാതാക്കളായ വന്‍കിട കമ്പനികള്‍ കൂട്ടത്തോടെ പിന്‍മാറുന്ന പാശ്ചത്തലത്തില്‍ തെരഞ്ഞെടുപ്പ് പരസ്യങ്ങളോടും, വിദ്വേഷ പോസ്റ്റുകളോടും ഉള്ള നയം കടുപ്പിച്ച് ഫേസ്ബുക്ക് രംഗത്ത് എത്തി. വെള്ളിയാഴ്ച ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് പുതിയ നയങ്ങള്‍ ഓണ്‍ലൈന്‍ ടൌണ്‍ഹാള്‍ പരിപാടിയിലൂടെ പ്രഖ്യാപിച്ചത്.